വേഗത കുറഞ്ഞാലും ഗള്‍ഫ് സമ്പദ് വ്യവസ്ഥകള്‍ വളര്‍ച്ച വീണ്ടെടുക്കുമെന്ന് റോയിട്ടേഴ്‌സ് സര്‍വ്വേ
1 min readസൗദി അറേബ്യ, കുവൈറ്റ്, ഒമാന്‍ എന്നീ രാജ്യങ്ങളുടെ വളര്‍ച്ചാ നിഗമനം താഴ്ത്തി
ദുബായ്: ആറംഗ ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സിലിലെ സമ്പദ് വ്യവസ്ഥകള്‍ ഈ വര്‍ഷം തന്നെ വളര്‍ച്ചയിലേക്ക് തിരിച്ചെത്തുമെന്ന് റോയിട്ടേഴ്‌സിന്റെ സര്‍വ്വേ റിപ്പോര്‍ട്ട്. അതേസമയം മുമ്പ് കരുതിയതിനേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ഗള്‍ഫിലെ പകുതിയോളം രാജ്യങ്ങളില്‍ വളര്‍ച്ചയുണ്ടാകുന്നതെന്നും പാദാടിസ്ഥാനത്തിലുള്ള സര്‍വ്വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
കോവിഡ്-19 പകര്‍ച്ചവ്യാധിയില്‍ അടിയേറ്റ എണ്ണ സമ്പന്നമായ ഗള്‍ഫ് മേഖലയിലെ സമ്പദ് വ്യവസ്ഥകളില്‍ കാര്യമായ വളര്‍ച്ചയുണ്ടാകുമെന്നാണ് ഏപ്രില്‍ എട്ട് മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ നടന്ന സര്‍വ്വേയില്‍ റോയിട്ടേഴ്‌സിലെ സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. മുന്‍ അനുമാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബഹ്‌റൈന്റെയും യുഎഇയുടെയും (നേരിയ തോതില്‍) വളര്‍ച്ചാ നിഗമനം ഉയര്‍ത്തിയെങ്കിലും പുതിയ റിപ്പോര്‍ട്ടില്‍ റോയിട്ടേഴ്‌സ് സൗദി അറേബ്യ, കുവൈറ്റ്, ഒമാന്‍ എന്നീ രാജ്യങ്ങളുടെ വളര്‍ച്ചാ പ്രതീക്ഷ താഴ്ത്തി. ഖത്തറിന്റെ വളര്‍ച്ച നിഗമനത്തില്‍ മാറ്റമില്ല.
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ സൗദി അറേബ്യ ഈ വര്‍ഷം 2.4 ശതമാനം വളര്‍ച്ച നേടുമെന്നാണ് റോയിട്ടേഴ്‌സ് സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷ. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഇത് 2.8 ശതമാനമായിരുന്നു. 2022ലും 2023ലും സൗദി യഥാക്രമം 3.3 ശതമാനം, 3.0 ശതമാനം വീതം വളര്‍ച്ച നേടുമെന്നും റിപ്പോര്‍ട്ട് പ്രതീക്ഷ പ്രകടിപ്പിച്ചു. മുന്‍ റിപ്പോര്‍ട്ടില്‍ ഇത് യഥാക്രമം 3.2 ശതമാനവും 3.1 ശതമാനവും ആയിരുന്നു.എണ്ണയിലുള്ള ആശ്രിതത്വം കുറയ്ക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും നിക്ഷേപം ആകര്‍ഷിക്കാനും ലക്ഷ്യമിടുന്ന വിഷന്‍ 2030യുടെ ഭാഗമായുള്ള ചില പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതില്‍ സൗദി പുരോഗതി നേടിയിട്ടുണ്ടെങ്കിലും, ഉദ്യോഗസ്ഥമേധാവിത്വം, സുതാര്യതക്കുറവ്, കാര്യശേഷിക്കുറവ് എന്നിവ സ്വകാര്യ മേഖലയുടെ സ്ഥിരതയാര്‍ന്ന വളര്‍ച്ചയ്ക്ക് വിഘാതമാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റെര്‍നാഷണല്‍ ഫിനാന്‍സ് (ഐഐഎഫ്) കഴിഞ്ഞിടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.
യുഎഇ സമ്പദ് വ്യവസ്ഥ ഈ വര്‍ഷം 2.3 ശതമാനം വളര്‍ച്ച നേടുമെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പറയുന്നത്. മൂന്ന് മാസം മുമ്പുള്ള റിപ്പോര്‍ട്ട് പ്രവചിച്ചിരുന്ന 2.2 ശതമാനത്തേക്കാള്‍ അല്‍പം കൂടുതലാണിത്. 2022ലും 2023ലും യുഎഇ യഥാക്രമം 3.6 ശതമാനവും 3.3 ശതമാനവും വളര്‍ച്ച നേടുമെന്നും റിപ്പോര്‍ട്ട് പ്രവചിച്ചു. മുന്‍ റിപ്പോര്‍ട്ടില്‍ ഇത് യഥാക്രമം 3.5 ശതമാനവും 3 ശതമാനവുമാണ്. എണ്ണവില വര്‍ധനയും സാമ്പത്തിക ശേഷിയും കണക്കിലെടുക്കുമ്പോള്‍ 2021ല്‍ യുഎഇക്ക് മെച്ചപ്പെട്ട സാമ്പത്തിക വളര്‍ച്ച നേടാനാകുമെന്ന് ഐഐഎഫ് അഭിപ്രായപ്പെട്ടു. എണ്ണവില വര്‍ധനയ്‌ക്കൊപ്പം സാമ്പത്തിക വീണ്ടെടുപ്പ് കൂടി ശക്തമാകുന്നത് ബാങ്കിംഗ് മേഖലയ്ക്ക് നേട്ടമുണ്ടാക്കും. പണലഭ്യത സാഹചര്യം അഭിവൃദ്ധിപ്പെടുകയും സ്വകാര്യ മേഖലയില്‍ നിന്നുള്ള വായ്പ ആവശ്യങ്ങള്‍ ശക്തമാകുകയും ചെയ്യുന്നത് യുഎഇയിലെ ബാങ്കിംഗ് മേഖലയില്‍ മെച്ചപ്പെട്ട വളര്‍ച്ചയേകും.
അതേസമയം ഖത്തറിന്റെ സാമ്പത്തിക വളര്‍ച്ച നിഗമനത്തില്‍ മാറ്റമില്ല. ഈ വര്‍ഷം ഖത്തര്‍ 2.8 ശതമാനം വളര്‍ച്ച നേടുമെന്നാണ് ഇത്തവണത്തെയും ജനുവരിയിലെയും റിപ്പോര്‍ട്ടില്‍ റോയിട്ടേഴ്‌സ് പറയുന്നത്. അതേസമയം അടുത്തവര്‍ഷത്തെ വളര്‍ച്ച നിഗമനത്തില്‍ ഇരു റിപ്പോര്‍ട്ടുകളിലും നേരിയ വ്യത്യാസമുണ്ട്. 2022ല്‍ ഖത്തര്‍ 3.5 ശതമാനം വളര്‍ച്ച നേടുമെന്നാണ് ജനുവരിയിലെ റിപ്പോര്‍്ട്ട് പറഞ്ഞിരുന്നതെങ്കില്‍ ഇപ്പോഴത് 3.6 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. 2023ല്‍ ഖത്തറില്‍ 3.1 ശതമാനം വളര്‍ച്ചയാണ് റോയിട്ടേഴ്‌സ് കണക്കുകൂട്ടുന്നത്.
കുവൈറ്റിന്റെ ഈ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച നിഗമനം റോയിട്ടേഴ്‌സ് 2.2 ശതമാനത്തില്‍ നിന്നും 1.8 ശതമാനമാക്കി വെട്ടിക്കുറച്ചിട്ടുണ്ട്. കുവൈറ്റ് നേരിടുന്ന പണലഭ്യത പ്രശ്‌നവുമായി ബന്ധപ്പെട്ടാണിത്. എന്നാല്‍ കുവൈറ്റിന്റെ 2022ലെ വളര്‍ച്ച നിഗമനം 2.7 ശതമാനത്തില്‍ നിന്നും 3.5 ശതമാനമാക്കി ഉയര്‍ത്തിയിട്ടുണ്ട്. 2023ല്‍ 2.9 ശതമാനം വളര്‍ച്ചയാണ് കുവൈറ്റില്‍ റോയിട്ടേഴ്‌സ് കണക്കുകൂട്ടുന്നത്.ഒമാന്‍ സമ്പദ് വ്യവസ്ഥ ഈ വര്‍ഷം 1.9 ശതമാനവും അടുത്ത വര്‍ഷം 3.2 ശതമാനവും 2024ല്‍ 2.4 ശതമാനവും വളര്‍ച്ച നേടുമെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പ്രവചിക്കുന്നു. ജനുവരിയില്‍ പുറത്തിറങ്ങിയ റിപ്പോര്‍ട്ടില്‍ ഇത് യഥാക്രമം 2.1 ശതമാനം, 2.7 ശതമാനം, 2.5 ശതമാനം എന്നിങ്ങനെ ആയിരുന്നു. 2.9 ശതമാനം വളര്‍ച്ചയുമായി ബഹ്‌റൈന്‍ സമ്പദ് വ്യവസ്ഥയാണ് ഗള്‍ഫ് മേഖലയില്‍ ഈ വര്‍ഷം ഏറ്റവുമധികം വളര്‍ച്ച കൈവരിക്കുക. മുന്‍ റിപ്പോര്‍ട്ടില്‍ ഇത് 2.5 ശതമാനമായിരുന്നു. 2022ലും ബഹ്‌റൈന്‍ ഇതേ രീതിയിലുള്ള വളര്‍ച്ച നിലനിര്‍ത്തും. അതേസസമയം 2023ല്‍ ബഹ്‌റൈന്‍ 2.7 ശതമാനം വളര്‍ച്ചയാകും നേടുകയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് അഭിപ്രായപ്പെട്ടു. മുന്‍ റിപ്പോര്‍ട്ടില്‍ ഇത് 2 ശതമാനമായിരുന്നു.