August 24, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടെസ്‌ല ഇന്ത്യയില്‍ ഉദ്യോഗസ്ഥ നിയമനം ആരംഭിച്ചു

വിവിധ തസ്തികകളിലായി മനൂജ് ഖുറാന, നിശാന്ത് പ്രസാദ്, ചിത്ര തോമസ് എന്നിവരെ നിയമിച്ചു

ന്യൂഡെല്‍ഹി: ഈ വര്‍ഷം ഇന്ത്യയില്‍ തങ്ങളുടെ ആദ്യ ഇലക്ട്രിക് കാര്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ടെസ്‌ല. ഇതിനുമുന്നോടിയായി ഉന്നത മാനേജ്‌മെന്റ് തലത്തില്‍ നിയമനങ്ങള്‍ ആരംഭിച്ചിരിക്കുകയാണ് അമേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കള്‍. ഇന്ത്യയില്‍ കര്‍ണാടക സംസ്ഥാനത്ത് ആയിരിക്കും ടെസ്‌ല തങ്ങളുടെ ഫാക്റ്ററി സ്ഥാപിക്കുന്നത്. മാത്രമല്ല, ബെംഗളൂരുവില്‍ ഇന്ത്യാ കമ്പനി ഇതിനകം രജിസ്റ്റര്‍ ചെയ്തിരുന്നു. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി പോളിസി ആന്‍ഡ് ബിസിനസ് ഡെവലപ്‌മെന്റ് മേധാവിയായി മനൂജ് ഖുറാനയെ ടെസ്‌ല നിയമിച്ചു. ഐഐഎം ബെംഗളൂരുവിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണ് മനൂജ് ഖുറാന.

  റിലയന്‍സ് സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം

മനൂജ് ഖുറാന കൂടാതെ, ചാര്‍ജിംഗ് മാനേജരായി നിശാന്ത് പ്രസാദിനെ നിയമിച്ചു. ടെസ്‌ലയുടെ സൂപ്പര്‍ചാര്‍ജിംഗ്, ഡെസ്റ്റിനേഷന്‍ ചാര്‍ജിംഗ്, ഹോം ചാര്‍ജിംഗ് ബിസിനസ് നയിക്കുന്നത് പ്രസാദ് ആയിരിക്കും. നേരത്തെ ഏഥര്‍ എനര്‍ജിയുടെ ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് എനര്‍ജി സ്റ്റോറേജ് വിഭാഗം മേധാവി ആയിരുന്നു. ഇരുവരും കൂടാതെ എച്ച്ആര്‍ ലീഡറായി ചിത്ര തോമസിനെ നിയമിച്ചു. വാള്‍മാര്‍ട്ട്, റിലയന്‍സ് ഡിജിറ്റല്‍ എന്നിവിടങ്ങളില്‍ ചിത്ര തോമസ് നേരത്തെ ജോലി ചെയ്തിരുന്നു.

ലോക്കല്‍ ടീം രൂപീകരിച്ച് ഇന്ത്യാ പ്രവര്‍ത്തനങ്ങളുമായി അതിവേഗം മുന്നോട്ടുപോവുകയാണ് ടെസ്‌ല. ഇന്ത്യയില്‍ ആദ്യ കാര്‍ ഡെലിവറി ചെയ്യുമ്പോള്‍ സാക്ഷാല്‍ ഇലോണ്‍ മസ്‌ക് തന്നെ സന്നിഹിതനായിരിക്കുമെന്നാണ് ടെസ്‌ല ക്ലബ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം മധ്യത്തോടെ ടെസ്‌ല മോഡല്‍ 3 സെഡാന്‍ ഇറക്കുമതി ചെയ്ത് വില്‍പ്പന ആരംഭിക്കും. വിപണി മൂലധനം അനുസരിച്ച് ലോകത്തെ ഏറ്റവും മൂല്യമേറിയ വാഹന നിര്‍മാതാക്കളാണ് ടെസ്‌ല.

  സ്വര്‍ണ്ണ നിക്ഷേപത്തിന്റെ പ്രസക്തി വര്‍ധിക്കുന്നതെന്തുകൊണ്ട്?

ഇന്ത്യയിലെ മൂന്ന് നഗരങ്ങളില്‍ ഷോറൂം ആരംഭിക്കുന്നതിന് ടെസ്‌ല ഇതിനകം സ്ഥലം അന്വേഷിച്ചുതുടങ്ങിയിരുന്നു. ദേശീയ തലസ്ഥാനമായ ന്യൂഡെല്‍ഹി, പടിഞ്ഞാറേ ഇന്ത്യയില്‍ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ദക്ഷിണേന്ത്യയില്‍ ടെക് നഗരമായ ബെംഗളൂരു എന്നീ നഗരങ്ങളിലാണ് ഷോറൂം, സര്‍വീസ് സെന്റര്‍ ആരംഭിക്കുന്നത്. 20,000 മുതല്‍ 30,000 വരെ ചതുരശ്ര അടി വിസ്തീര്‍ണമുള്ള പ്രോപ്പര്‍ട്ടികളാണ് തെരയുന്നത്. ആഗോള പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റായ സിബിആര്‍ഇ ഗ്രൂപ്പിനെയാണ് ഇന്ത്യയില്‍ ഷോറൂമുകള്‍ക്കായി സ്ഥലം അന്വേഷിക്കുന്നതിന് ടെസ്‌ല നിയോഗിച്ചിരിക്കുന്നത്.

Maintained By : Studio3