വാക്സിന്‍ ക്ഷാമം രൂക്ഷം; പാഴാക്കാതെ കേരളം
1 min read- ഏറ്റവും ഫലപ്രദമായി വാക്സിന്‍ വിനിയോഗിച്ചത് കേരളം
- രണ്ടാം വരവിനെ നേരിടാന്‍ കേരളം സജ്ജമെന്ന് ആരോഗ്യമന്ത്രി
- ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്താന്‍ കേരളം നടപടികള്‍ കൈക്കൊണ്ടു
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം രൂക്ഷമാണെങ്കിലും കോവിഡിന്‍റെ രണ്ടാം തരംഗത്തെ നേരിടാന്‍ കേരളം സജ്ജമാവുകയാണ്. ഫലപ്രദമായി കോവിഡിനെ പ്രതിരോധിക്കാന്‍ സംസ്ഥാനത്തിന് സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ മന്ത്രി കെ കെ ശൈലജ.
കോവിഡിന്‍റെ രണ്ടാംവരവിനെ നേരിടാന്‍ സംസ്ഥാനം സജ്ജമാണ്. ആശുപത്രി സൗകര്യങ്ങള്‍ ഒരുക്കുന്നതിലും കുറ്റമറ്റ രീതിയില്‍ വാക്സിന്‍ നല്‍കുന്നതിലും ഐസിയുകളുടെ എണ്ണം കൂട്ടുന്നതിലും മെഡിക്കല്‍ ഓക്സിജന്‍റെ ലഭ്യത ഉറപ്പ് വരുത്തുന്നതിനുമൊക്കെ വേണ്ട നടപടികള്‍ സ്വീകരിച്ചു വരുന്നു-ആരോഗ്യമന്ത്രി വ്യക്തമാക്കി.
പരിശോധന വേഗത്തിലാക്കി മരണങ്ങള്‍ പരമാവധി കുറച്ച് ആശുപത്രി സൗകര്യങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കി ജനജീവിതം സാധാരണ നിലയില്‍ ആക്കുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അവര്‍. ഓക്സിജന്‍ ലഭ്യത ഉറപ്പ് വരുത്താന്‍ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ ഓക്സിജന്‍ ഉത്പാദനവും വിതരണവും മികച്ച രീതിയില്‍ നടപ്പാക്കാനുള്ള സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. 2020 ഏപ്രില്‍ ആദ്യം കേരളത്തില്‍ ഉണ്ടായിരുന്ന പ്രതിദിന ഓക്സിജന്‍ സ്റ്റോക്ക് 99.39 മെട്രിക് ടണും ഉത്പാദനം 50 ലിറ്റര്‍ പെര്‍ മിനുട്ടും ആയിരുന്നു. ഈ മാസം ആദ്യം കേരളത്തിലെ പ്രതിദിന സ്റ്റോക് 219 മെട്രിക് ടണ്ണും ഉത്പാദനം 1250 ലിറ്റര്‍ പെര്‍ മിനുട്ടും ആയിരുന്നു. ഈ കഴിഞ്ഞ ഏപ്രില്‍ 15ലെ കേരളത്തിലെ പ്രതി ദിന ആവശ്യം 73 ടണ്ണായിരുന്നു. തെരഞ്ഞെടുത്ത 8 ആശുപത്രികളില്‍ ഓക്സിജന്‍ ജനറേറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 2 ഓക്സിജന്‍ ജനറേറ്ററുകള്‍ സ്ഥാപിച്ചു വരുന്നു. ഓക്സിജന്‍റെ ലഭ്യത കുറവുണ്ടായാല്‍ ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്-മന്ത്രി പറഞ്ഞു.
വാക്സിന്‍ ക്ഷാമം രൂക്ഷം
സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ ക്ഷാമം രൂക്ഷമാവുകയാണ് തിരുവനന്തപുരത്ത് 158 വാക്സിന്‍ കേന്ദ്രങ്ങളില്‍ 28 കേന്ദ്രങ്ങള്‍ മാത്രമേ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. കൊച്ചി ഉള്‍പ്പടെയുള്ള നഗരങ്ങളിലും വാക്സിന്‍ ആവശ്യത്തിന് ലഭ്യമല്ലാത്ത സാഹചര്യമാണ്. രണ്ടാമത്തെ ഡോസെടുക്കാന്‍ വരുന്ന മുതിര്‍ന്ന പൗരډാര്‍ക്ക് പലയിടങ്ങളിലും അത് സാധ്യമായില്ലെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ കോവിഡ് വാക്സിനില്‍ 44.78 ലക്ഷം ഡോസ് പാഴാക്കിയെന്ന് റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ വാക്സിന്‍ ഉപയോഗശൂന്യമാക്കിയത് തമിഴ്നാടാണ്. എന്നാല്‍ ഏറ്റവും ഫലപ്രദമായി വാക്സിന്‍ ഉപയോഗപ്പെടുത്തിയത് കേരളവും. വാക്സിന്‍റെ ഒരു വയലില്‍ 10 ഡോസാണുള്ളത്. അത് തുറന്നാല്‍ നാല് മണിക്കൂറിനുള്ളില്‍ 10 ഡോസും ഉപയോഗിക്കണം. ഇല്ലെങ്കില്‍ ഉപയോഗശൂന്യമാകും. മികച്ച ആസൂത്രണത്തോടെ ഒരു തുള്ളി പോലും പാഴാക്കാതെ ആയിരുന്നു കേരളത്തിന്‍റെ സമീപനം. ഹരിയാന, പഞ്ചാബ്, മണിപ്പൂര്‍, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളും വാക്സിന്‍ പാഴാക്കുന്നതില്‍ മുന്നിട്ടുനിന്നു.
പുതിയ സാഹചര്യത്തില്‍ വാക്സിന്‍ ഉല്‍പ്പാദനം കൂട്ടാന്‍ തീരുമാനിച്ചതായി ഭാരത് ബയോടെക് അറിയിച്ചു. ഭാരത് ബയോടെക്കാണ് കൊവോക്സിന്‍ പുറത്തിറക്കുന്നത്. വാക്സിന്‍ നയം ഉദാരവല്‍ക്കരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി നിര്‍മല സീതാരാമനും നന്ദി പറയുന്നതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി അഡാര്‍ പൂനവാല പറഞ്ഞു. വാക്സിന്‍ ശേഷി ഉയര്‍ത്തുന്നതിനായി 3000 കോടി രൂപ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് അഡ്വാന്‍സ് നല്‍കാനുള്ള തീരുമാനത്തിനും അദ്ദേഹം നന്ദി പറഞ്ഞു.