50,000 കോടിയുടെ വ്യവസായ ഇടനാഴി ഈ വര്‍ഷം മുതല്‍, എല്ലാ വീട്ടിലും ലാപ്‌ടോപ്, 20 ലക്ഷം ഡിജിറ്റല്‍ തൊഴിലുകള്‍
1 min readമൊത്തം 8 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്
2021-22 വര്‍ഷത്തിനായുള്ള സംസ്ഥാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കുകയാണ്. 50,000 കോടിയുടെ വ്യവസായ ഇടനാഴി പദ്ധതിയുടെ പ്രവര്‍ത്തനം ഈ വര്‍ഷം മുതല്‍ ആരംഭിക്കും. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും കംപ്യൂട്ടറുകള്‍ വാങ്ങുന്നതിന് വായ്പ നല്‍കുമെന്നും എല്ലാ വീടുകളിലും ലാപ്‌ടോപുകള്‍ എത്തിക്കുമെന്നും ബജറ്റില്‍ പറയുന്നു. പാവപ്പെട്ട കുടുംബങ്ങളില് സൗജന്യമായാണ് ലാപ്‌ടോപുകള്‍ എത്തിക്കുക. ഇതിനായുള്ള രജിസ്‌ട്രേഷന്‍ ഫെബ്രുവരിയില്‍ ആരംഭിക്കും. ജോലി നഷ്ടപ്പെടുന്ന കാലയളവില്‍ ഇതിന്റെ വായ്പാ തിരിച്ചടവിന് ഇളവ് നല്‍കും. ലൈഫ് പദ്ധതി വഴി 40,000 പട്ടികജാതി കുടുംബങ്ങള്‍ക്കും 12000 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും വീട് നല്‍കും. 2080 കോടിയാണു ചെലവ് പ്രതീക്ഷിക്കുന്നത്. കാര്‍ഷികമേഖലയില്‍ 2 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും യന്ത്രവത്കരണം പ്രോല്‍സാഹിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍
- പ്രവാസികളുടെ തൊഴില്‍ പദ്ധതിക്ക് 100 കോടിയും പ്രവാസിക്ഷേമനിധിക്ക് 9 കോടിയും നീക്കിവെക്കും. ക്ഷേമനിധി അംശാദായം വിദേശത്തുള്ളവര്‍ക്ക് 350 രൂപയായും, അവരുടെ പെന്‍ഷന്‍ 3500 രൂപയായും ഉയര്‍ത്തി. നാട്ടില്‍ തിരിച്ചെത്തിയവര്‍ക്ക് ക്ഷേമനിധി അംശാദായം 200 രൂപ. പെന്‍ഷന്‍ 3000 രൂപയായും വര്‍ധിപ്പിച്ചു
- അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 100 കോടി.
- ആരോഗ്യ മേഖലയില്‍ കൂടുതല്‍ തസ്തികകള്‍, ഒപി പ്രവര്‍ത്തനം വൈകിട്ട് വരെയാക്കും
- ഉന്നത വിദ്യാഭ്യാസരംഗത്ത് ഈ വര്‍ഷം 20,000 പേര്‍ക്ക് അധികപഠന സൗകര്യം. സര്‍വകലാശാലകളില്‍ 150 അധ്യാപക തസ്തിക പുതുതായി സൃഷ്ടിക്കും
- 2500 സ്റ്റാര്‍ട്ട് അപ്പുകള്‍ പുതുതായി ആരംഭിക്കുന്നതിലൂടെ 20,000 പേര്‍ക്ക് തൊഴില്‍
- ആരോഗ്യസര്‍വകലാശാല ഗവേഷണ വിഭാഗത്തിന് ഡോ.പല്‍പ്പുവിന്റെ പേര് നല്‍കും
- റബര്‍ സംഭരിക്കുന്നതിന് അമുല്‍ മോഡല്‍ സഹകരണ സംഘം
- ടൂറിസം മേഖലയില്‍ സംരംഭകര്‍ക്ക് പലിശരഹിത വായ്പ. കേരള വിനോദ സഞ്ചാര തൊഴിലാളി ക്ഷേമ ബോര്‍ഡ് രൂപീകരിക്കും
- 15,000 കോടിയുടെ കിഫ്ബി പദ്ധതികള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കും
- സര്‍വകലാശാലകളില്‍ 30 മികവിന്റെ കേന്ദ്രങ്ങള്‍
- സര്‍വകലാശാലകളുടെ പശ്ചാത്തല വികസനത്തിന് 2000 കോടി ലഭ്യമാക്കും. അഫിലിയേറ്റഡ് കോളജുകള്‍ക്ക് 1000 കോടി