ആസിയാനുമായുള്ള ചൈനീസ് ബന്ധവും സാമ്പത്തിക വളര്‍ച്ചയും
1 min readന്യൂഡെല്‍ഹി: കഴിഞ്ഞ നാല് ദശകങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ആഗോള സംഭവവികാസങ്ങളിലൊന്നാണ് ചൈനയുടെ സാമ്പത്തികവും തന്ത്രപരവുമായ വളര്‍ച്ച. ഇന്ന് ബെയ്ജിംഗിന്‍റെ എല്ലാതലങ്ങളിലെയും മികവ് യുഎസിനോട് കിടപിടക്കാന്‍ അവരെ ശേഷിയുള്ളതാക്കി തീര്‍ക്കുകയാണ്. ലോകത്തിലെ ജിയോസ്ട്രാറ്റജിക് കാര്യങ്ങളില്‍ ഇന്തോ-പസഫിക് മേഖലയുടെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യത്തിനിടയില്‍, ആസിയാനുമാ (അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ്) യുമായുള്ള ചൈനയുടെ ബന്ധത്തെക്കുറിച്ച് ഇന്ന് പരിശോധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും മ്യാന്‍മാറിലെ സൈനിക അട്ടിമറിക്കുശേഷമുള്ള കാലഘട്ടത്തില്‍ അവരെ നയങ്ങളെ വിലയിരുത്തേണ്ടതും ആവശ്യമാണ്.
ആദ്യകാലത്ത് ആസിയാനെ ചൈനയെ വളയാന്‍ രൂപകല്‍പ്പന ചെയ്ത ഒരു സംവിധാനമായാണ് അവര്‍ കരുതിയത്. കാരണം ഈ കൂട്ടായ്മയിലെ രാജ്യങ്ങളെല്ലാം ചൈനയെ ചുറ്റിയുള്ളവയായിരുന്നു. അതിനാല്‍ ഈ പ്രാദേശിക സംഘടനയില്‍ നിന്ന് സുരക്ഷിതമായ അകലം അവര്‍ പാലിച്ചു. 1980 കളില്‍ ഡെങ് സിയാവോപിംഗിന് കീഴില്‍ ചൈന സമ്പദ്വ്യവസ്ഥ വികസനത്തിന്‍റെ പാതയിലേക്ക് മാറിയപ്പോള്‍ കാര്യങ്ങള്‍ക്ക് ക്രമേണ മാറ്റം സംഭവിക്കാന്‍ തുടങ്ങി. തുടര്‍ന്നുള്ള ദശകങ്ങളില്‍ ബെയ്ജിംഗ് ആഗോള അഭിലാഷങ്ങള്‍ പ്രകടമാക്കിത്തുടങ്ങി. ഇതിനായി ആദ്യം പ്രാദേശികമായി ആധിപത്യം നേടേണ്ടതുണ്ടെന്ന് അവര്‍ തിരിച്ചറിഞ്ഞു. അതിനാല്‍ 1990കളില്‍ അയല്‍ക്കാരുമായുള്ള തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാന്‍ സമാധാനപരമായ മാര്‍ഗങ്ങള്‍ ബെയ്ജിംഗ് തേടാന്‍ തുടങ്ങി.
ഐക്യത്തിനും സമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടി സ്വയം സമര്‍പ്പിച്ചുകൊണ്ട്സമാധാനപരമായ ഉയര്‍ച്ച ലക്ഷ്യമിട്ടാണ് ചൈന പ്രാദേശികമായ സമീപനം സ്വീകരിച്ചത്. 1991 ല്‍ ആസിയാനും ചൈനയും ഒരു സംഭാഷണ പ്രക്രിയ ആരംഭിച്ചു. 1996 ല്‍ ചൈന പ്രാദേശിക കൂട്ടായ്മയിലെ ചര്‍ച്ചകളില്‍ പൂര്‍ണ പങ്കാളിയായി. 1997ല്‍ ക്വാലാലംപൂരില്‍ ആദ്യത്തെ അനൗപചാരിക ആസിയാന്‍-ചൈന ഉച്ചകോടി നടന്നു. ഈ സമയത്ത് ഇരുപക്ഷത്തിന്‍റെയും നേതാക്കള്‍ ആസിയാനും ചൈനയും തമ്മിലുള്ള നല്ല ബന്ധത്തിനും പരസ്പര വിശ്വാസത്തിനും വേണ്ടി മെച്ചപ്പെട്ട പങ്കാളിത്തം സൃഷ്ടിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ആസിയാന്‍ വിഷയങ്ങളില്‍ ബെയ്ജിംഗ് സജീവമായി ഇടപെട്ടു.
എന്നാല്‍ക്രമേണ ഈ ബന്ധം ചൈന അവര്‍ക്കനുകൂലമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതിലേക്ക് മാറി. അയല്‍ രാജ്യങ്ങളോട് മികച്ച സമീപനം പുലര്‍ത്താനും പ്രാദേശിക സഹകരണം ശക്തിപ്പെടുത്താനുമായാണ് ബെയ്ജിംഗ് ആസിയാനില്‍ എത്തിയത്. എന്നാല്‍ പിന്നീട് ‘സുരക്ഷയും സമൃദ്ധിയും വാഗ്ദാനം ചെയ്യുന്ന അയല്‍രാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്താന്‍ ചൈന ആഗ്രഹിക്കുന്നു”എന്ന തലത്തിലേക്ക് മാറി. ഇതുവ്യക്തമാക്കുന്നത് എല്ലാവരുമായുമുള്ള സഹകരണത്തിന് അവര്‍ക്ക് താല്‍പ്പര്യമില്ല എന്നാണ്.ഇവിടെ ചൈന ഡെങ് സിയാവോപിംഗില്‍നിന്ന് മാറി സഞ്ചരിച്ചു. പിന്നീട് ഷി ജിന്‍പിംഗിന്‍റെ കാലത്തേക്ക് എത്തുമ്പോള്‍ ബെയ്ജിംഗിന്‍റെ സ്വഭാവം തന്നെ മാറുന്ന കാഴ്ചയാണ് നാം കാണുന്നത്.
ക്രമേണ ചൈനയുടെ പരമാധികാരം അവരുടെ അതിര്‍ത്തിക്കപ്പുറത്തേക്ക് വ്യാപിക്കാന്‍ തുടങ്ങി. അല്ലെങ്കില്‍ അവര്‍ ബോധപൂര്‍വം അതിനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. പലരാജ്യങ്ങളും ബെയ്ജിംഗിന്‍റെ സാമന്ത രാജ്യങ്ങളായി മാറി. 2011 ല്‍ 13 ചൈനീസ് വ്യാപാരികളെ മെകോങ്ങില്‍ കൊലചെയ്ത സംഭവമുണ്ടായി. ഇതിനെ ത്തുടര്‍ന്ന് മെകോംഗ് രാജ്യങ്ങളുമായുള്ള നിയമ നിര്‍വ്വഹണവും സുരക്ഷാ സഹകരണവും ശക്തിപ്പെടുത്തുന്നതിലേക്ക് ചൈനയെ നയിച്ചു. സുരക്ഷാ വെല്ലുവിളികളെ മികച്ച രീതിയില്‍ നേരിടാന്‍ പ്രായോഗിക നിയമ നിര്‍വ്വഹണ സഹകരണത്തിന് ശ്രമിക്കുമെന്ന് 2016 ല്‍ ചൈനയും ആസിയാന്‍ രാജ്യങ്ങളും പ്രതിജ്ഞയെടുക്കുകയും ഈ രാജ്യങ്ങളിലെ പോലീസിനെ പരിശീലിപ്പിക്കാന്‍ ഒരു നിയമ നിര്‍വ്വഹണ കോളേജ് സ്ഥാപിക്കുകയും ചെയ്തു. ഇതോടെ ഈ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലേക്ക് വരെ ചൈന ഇടപെട്ടു തുടങ്ങി.
1990കളുടെ തുടക്കത്തില്‍ ചൈന ആസിയാനിലേക്ക് അടുക്കുമ്പോള്‍ ഏതാണ്ട് രണ്ട ദശകങ്ങളുടെ അജണ്ട അവര്‍ തയ്യാര്‍ ചെയ്തിരുന്നു എന്നുവേണം കരുതാന്‍. അത് നദീജലം പങ്കിടുന്ന കാര്യത്തിലായാലും സമുദ്ര സുരക്ഷ പരിഗണിക്കുന്നസാഹചര്യത്തിലും ഒപ്പം അവരുടെ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയുടെ ഭാഗം വരുമ്പോഴും ബെയ്ജിംഗ് ചൈന ഫസ്റ്റ് നയം സ്വീകരിച്ചു. ഇത് ചൈനയും കൂട്ടാളികളുടെയും ഒരു ഗ്രൂപ്പാക്കി ആസിയാനെ ക്രമേണ മാറ്റി. അവര്‍ നടത്തിയ പ്രഖ്യാപനങ്ങളില്‍ നിന്ന്, കിഴക്കന്‍ ഏഷ്യന്‍, തെക്കുകിഴക്കന്‍ ഏഷ്യന്‍ പ്രദേശങ്ങളെ നയിക്കാനാണ് കമ്യൂണിസ്റ്റ് ഭരണകൂടം ആഗ്രഹിക്കുന്നത് എന്ന് വ്യക്തമാണ്. “ഏഷ്യയിലെ ജനങ്ങള്‍ ഏഷ്യയിലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുക, ഏഷ്യയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക, ഏഷ്യയുടെ സുരക്ഷ ഉയര്‍ത്തിപ്പിടിക്കുക എന്ന് ,്പസിഡന്‍റ് ഷി ജിന്‍പിംഗ് 2014ല്‍ തന്നെ പ്രഖ്യാപിച്ച കാര്യവും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്.
യുഎസ് മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ കാലത്തുണ്ടായ വ്യാപാര യുദ്ധത്തെ തുടര്‍ന്ന് ചൈന മറ്റ് പ്രദേശങ്ങളിലേക്ക്, പ്രത്യേകിച്ച് തെക്കുകിഴക്കന്‍ ഏഷ്യയിലേക്ക്, വ്യാപാരത്തില്‍ ഇടപഴകല്‍ ശക്തിപ്പെടുത്തി. 2020 ന്‍റെ ആദ്യ പാദത്തില്‍, ആസിയാന്‍-ചൈന വ്യാപാരം വര്‍ഷം തോറും 6 ശതമാനം വര്‍ദ്ധിച്ച് 140 ബില്യണ്‍ യുഎസ് ഡോളറായി ഉയര്‍ന്നു, ഇത് ചൈനയുടെ മൊത്തം വ്യാപാരത്തിന്‍റെ 15 ശതമാനമാണ്. വിയറ്റ്നാമില്‍ നിന്നും ഇന്തോനേഷ്യയില്‍ നിന്നുമുള്ള ചൈനയുടെ ഇറക്കുമതി യഥാക്രമം 24, 13 ശതമാനം വര്‍ദ്ധിച്ചു. റീജിയണല്‍ കോംപ്രിഹെന്‍സീവ് ഇക്കണോമിക് പാര്‍ട്ണര്‍ഷിപ്പ് (ആര്‍സിഇപി) അന്തിമമാക്കുന്നതോടെ ആസിയാന്‍ ചൈന, ജപ്പാന്‍, കൊറിയ, ഓസ്ട്രേലിയ, ന്യൂസിലാന്‍റ് എന്നിവയുമായുള്ള വ്യാപാര ബന്ധം കൂടുതല്‍ വളരും. 3.8 ബില്യണ്‍ ജനങ്ങളെയും ആഗോള ജിഡിപിയുടെ മൂന്നിലൊന്നിനെയും ഇത് ഉള്‍ക്കൊള്ളുന്നു. ആസിയാന്‍ രാജ്യങ്ങളില്‍ കൂടുതല്‍ സജീവമായി ഇടപഴകാന്‍ ചൈന ആഗ്രഹിക്കുന്ന മറ്റ് മേഖലകളില്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ വ്യാപാരം, ടൂറിസം എന്നിവ ഉള്‍പ്പെടുന്നു.
ആസിയാനിലെ ഡിജിറ്റല്‍ കണക്റ്റിവിറ്റി പ്രോത്സാഹിപ്പിക്കുന്നതില്‍ ചൈന ഒരു സജീവ പങ്ക് വഹിക്കുന്നുണ്ട്. ആസിയാന്‍ അംഗരാജ്യങ്ങളില്‍ ഓണ്‍ലൈന്‍ ട്രേഡിംഗും കൃത്രിമ ബുദ്ധിയുടെ നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിന് അലിബാബ, ഹുവാവേ തുടങ്ങിയ കമ്പനികള്‍ സഹായിക്കുന്നു.
ചൈനയുടെ പ്രഖ്യാപനങ്ങള്‍ അനുസരിച്ച്, പ്രാദേശികവും ആഗോളവുമായ ഒരു സമാധാനപരമായ അന്തരീക്ഷം സുരക്ഷിതമാക്കുകയെന്നതാണ് അതിന്‍റെ പ്രാദേശികവാദ തന്ത്രത്തിന്‍റെ കാതല്‍, അതുവഴി സ്വന്തം സാമ്പത്തിക വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. ഇന്തോനേഷ്യ, കംബോഡിയ, ലാവോസ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഇത് സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്. കൂടാതെ ഈ പ്രദേശത്തേക്ക് ആയുധങ്ങള്‍ വിലകുറഞ്ഞ രീതിയില്‍ കയറ്റുമതി ചെയ്യുകയും ചെയ്തു. 2012 നും 2018 നും ഇടയില്‍, ബീജിംഗ് മിക്കവാറും എല്ലാ ആസിയാന്‍ അംഗരാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ‘തന്ത്രപരമായ സഹകരണ പങ്കാളിത്തം’ അല്ലെങ്കില്‍ ‘സമഗ്ര തന്ത്രപരമായ സഹകരണ പങ്കാളിത്തം’ ആയി ഉയര്‍ത്തി. തെക്കുകിഴക്കന്‍ ഏഷ്യന്‍ മേഖലയിലെ വ്യാപാര രംഗത്ത് ചൈന പ്രബല ശക്തിയായി മാറിക്കഴിഞ്ഞു. എന്നാല്‍ ഇത് ബെയ്ജിംഗിനാണ് ഗുണപ്രദമാകുന്നത്. മറ്റുള്ളവര്‍ക്ക് വായ്പലഭിക്കുകയും വില്‍പ്പന നടക്കുകയും ചെയ്യുമെങ്കിലും അതിന്‍റെയെല്ലാം ആത്യന്തിക ഗുണഭോക്താവ് ചൈനയാണ്. മേഖലയില്‍ യുഎസിന്‍റെ സ്വാധീനവും ചെറുതല്ല. ചുരുക്കത്തില്‍ ആസിയാന്‍ രാജ്യങ്ങളെ ബെയ്ജിംഗ് സ്വന്തം വികസനത്തിനും സൗകര്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
ഇപ്പോള്‍ മ്യാന്‍മാറിന്‍റെ ഭാവികാര്യത്തില്‍ ആസിയാന്‍ ഒരു ഉച്ചകോടി വിളിച്ചുചേര്‍ത്തിട്ടുണ്ട്. അതില്‍ ചൈനയുടെ നിലപാട് നിര്‍ണായകമാകും. ആഗോളതലത്തില്‍ എതിര്‍പ്പു നേരിടുന്ന സൈനിക ഭരണകൂടത്തിനെതിരെ അവര്‍ നിലപാടെടുക്കുമോ അതോ പിന്തുണയ്ക്കുമോ എന്ന് കണ്ടറിയേണ്ടതുണ്ട്. സൈനിക അട്ടിമറിക്കുപിന്നില്‍ ചൈനയാണെന്ന് ആരോപണം നിലനില്‍ക്കെയാണ് ഉച്ചകോടി നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്.