Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോവിഡ് വ്യാപനം: മമത വലിയ റാലികള്‍ റദ്ദാക്കി

1 min read

കൊല്‍ക്കത്ത: കോവിഡ് കേസുകളുടെ അപകടകരമായ വ്യാപനം കണക്കിലെടുത്ത് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കൊല്‍ക്കത്തയിലെ എല്ലാ വലിയ റാലികളു റദ്ദാക്കി. കൂടാതെ ജില്ലകളിലെ റാലികളുടെ സമയം വെട്ടിക്കുറയ്ക്കുകയും ചെയ്തു. യോഗങ്ങളുടെ എണ്ണവും വെട്ടിക്കുറച്ചു. കോവിഡ് കേസുകള്‍ കുറവ് രേഖപ്പെടുത്തിയ പ്രദേശങ്ങളില്‍ ചില ഒത്തുചേരലുകളില്‍ മാത്രം പങ്കെടുക്കുകയും ചെയ്യും. അടുത്ത രണ്ട് ഘട്ടങ്ങളിലായി ഏപ്രില്‍ 26, 29 തീയതികളില്‍ വോട്ടെടുപ്പിന് പോകുന്ന കൊല്‍ക്കത്തയുടെ ഭാഗങ്ങളില്‍ പ്രചരണം കുറയ്ക്കണമെന്ന് പാര്‍ട്ടി സഹപ്രവര്‍ത്തകരോട് അവര്‍ അഭ്യര്‍ത്ഥിച്ചു.

‘മമത ബാനര്‍ജി ഇനി കൊല്‍ക്കത്തയില്‍ പ്രചാരണം നടത്തുകയില്ല. ഏപ്രില്‍ 26 ന് നഗരത്തില്‍ പ്രചാരണത്തിന്‍റെ അവസാന ദിവസം ഒരു ‘പ്രതീകാത്മക’ മീറ്റിംഗ് മാത്രമേയുള്ളൂ. എല്ലാ ജില്ലകളിലെയും എല്ലാ തെരഞ്ഞെടുപ്പ് റാലികള്‍ക്കും സമയം കുറയ്ക്കുന്നു. വെറും 30 മിനിറ്റായി പരിമിതപ്പെടുത്തി,’ തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് ഡെറക് ഓ ബ്രയന്‍ ഒരു ട്വീറ്റില്‍ പറഞ്ഞു. ഈ മാസം 26 ന് കൊല്‍ക്കത്തയിലെ ബീഡണ്‍ തെരുവില്‍ ‘പ്രതീകാത്മക റാലി’ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, കൊല്‍ക്കത്തയിലെ ഭൂരിഭാഗം സീറ്റുകളിലും 26, 29 തീയതികളില്‍ തെരഞ്ഞെടുപ്പ് നടക്കും. സംസ്ഥാനത്ത് രോഗം പടരുന്നത് നിയന്ത്രിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറി അലാപോണ്‍ ബന്ദോപാധ്യായയ്ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇന്ത്യയിലുടനീളം കോവിഡ് കേസുകള്‍ വന്‍തോതില്‍ വര്‍ദ്ധിച്ചതോടെ, സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതായി മമത ട്വീറ്റില്‍ പറഞ്ഞു.’അധിക മരുന്നുകളും വാക്സിനുകള്‍തക്കുമായി ഞാന്‍ പ്രധാനമന്ത്രിയെ സമീപിച്ചിട്ടുണ്ട്. കോവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതിനായി വിപുലമായ ക്രമീകരണങ്ങള്‍ എല്ലാ തലത്തിലും ഏര്‍പ്പെടുത്താന്‍ എല്ലാ ഉന്നത ഉദ്യോഗസ്ഥരോടും ഞാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട് ‘ അവര്‍ ട്വിറ്ററില്‍ വിശദീകരിച്ചു. കോവിഡ് -19 ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന രണ്ട് പ്രധാന മരുന്നുകളായ റെംഡെസിവിര്‍, ടോസിലിസുമാബ് എന്നിവയുടെ വിതരണം സംബന്ധിച്ച ഡോക്ടര്‍മാരുടെ ആശങ്കകള്‍ മമത പ്രധാനമന്ത്രിയെ കത്തിലൂടെ അറിയിച്ചു.സംസ്ഥാനത്തേക്കുള്ള വാക്സിനുകളുടെ വിതരണം അപര്യാപ്തമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്ഥിരമായ ഓക്സിജന്‍ വിതരണം ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

പകര്‍ച്ചവ്യാധിയെ യുദ്ധകാലാടിസ്ഥാനത്തില്‍ നേരിടാന്‍ സംസ്ഥാനത്തിന്‍റെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യമാണെന്ന് മമത പറഞ്ഞു. അടിയന്തരപ്രാധാന്യമുള്ള മൂന്നുമേഖലകള്‍ മുഖ്യമന്ത്രി തിരിച്ചറിഞ്ഞു.വാക്സിനുകളുടെ ലഭ്യതയ്ക്ക് അവര്‍ ഒന്നാം സ്ഥാനം നല്‍കി. കൊല്‍ക്കത്തയിലെ ഉയര്‍ന്ന ജനസാന്ദ്രത കാരണം ഇതിനായി പ്രത്യേക പരിപാടി ആവിഷ്ക്കരിക്കണം. അഗ്രസീവ് വാക്സിനേഷന്‍ ഇവിടെ ആവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയുടെ പ്രാരംഭ ഘട്ടത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവരില്‍ ബംഗാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ മമത, കോവിഡ് വ്യാപനത്തിന്‍റെ പേരില്‍ പ്രധാനമന്ത്രി മോദി രാജിവയ്ക്കണമെന്നും പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Maintained By : Studio3