സഖ്യസേനയുടെ പിന്മാറ്റം; അഫ്ഗാന്‍ തയ്യാറെടുത്തതായി ഘനി
കാബൂള്‍: അമേരിക്കയുടെയും നാറ്റോയുടെയും നേതൃത്വത്തിലുള്ള സഖ്യസേന പിന്മാറുമ്പോള്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് രാജ്യം വളരെ മുമ്പുതന്നെ തയ്യാറെടുത്തിരുന്നതായി അഫ്ഗാനിസ്ഥാന്‍ പ്രസിഡന്‍റ് അഷ്റഫ് ഘനി പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ മെഡല്‍ അവാര്‍ഡ് ദാന ചടങ്ങിനിടെയാണ് ഘനി ഇക്കാര്യം വ്യക്തമാക്കിയതെന്ന് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ‘രണ്ട് വര്‍ഷമായി ഞങ്ങള്‍ പൂര്‍ണമായും ആ ദിവസത്തിനായി തയ്യാറാണ്. നാറ്റോ സൈന്യം പിന്മാറുമ്പോള്‍ സ്വീകരിക്കുന്നതിന് ഞങ്ങള്‍ക്ക് സമഗ്രമായ പദ്ധതിയുണ്ട്,” അദ്ദേഹം പറഞ്ഞു. 350,000 അംഗങ്ങളുള്ള ശക്തമായ സുരക്ഷാ സേന രാജ്യത്തെ സംരക്ഷിക്കാന്‍ പൂര്‍ണ്ണമായും തയ്യാറായതായും ഘനി കൂട്ടിച്ചേര്‍ത്തു.
താലിബാനുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് അഫ്ഗാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധവുമാണ്. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ഏപ്രില്‍ 14നാണ് അഫ്ഗാനിസ്ഥാനില്‍ നിന്ന് നിരുപാധികമായി പിന്മാറുന്നതായി പ്രഖ്യാപിച്ചത്. ഇത് 20 വര്‍ഷം പഴക്കമുള്ള യുദ്ധമാണ് അവസാനിപ്പിക്കുന്നത്. മുന്‍ അല്‍ ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്‍ മരിച്ചിട്ട് 10 വര്‍ഷമായി. അഫ്ഗാനില്‍ അമേരിക്കയുടെ യുദ്ധം അവസാനിപ്പിക്കാനും യുഎസ് സൈനികരെ നാട്ടിലെത്തിക്കാനുമുള്ള സമയമാണിതെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
അതേസമയം, അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സേന പിന്‍മാറിയ ശേഷം സമാധാന കരാര്‍ നേടുകയെന്നത് ഗ്രൂപ്പിന്‍റെ മുന്‍ഗണനകളിലാണെന്നും എന്നാല്‍ പ്രതീക്ഷിച്ച ഫലം നേടാന്‍ കഴിയുന്നില്ലെങ്കില്‍ സൈനിക ഓപ്ഷന്‍ തെരഞ്ഞെടുക്കുമെന്നും താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞിരുന്നു. ഇത് അഫ്ഗാനില്‍ വീണ്ടും ഒരു ആഭ്യന്തര യുദ്ധം ഉണ്ടാകുന്നതിനുള്ള സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. രാജ്യത്തുനിന്ന് നാറ്റോ സേനയെ ഒഴിവാക്കിയാല്‍ താലിബാന്‍ അവരുടെ ഡിമാന്‍ഡുകള്‍ ഉയര്‍ത്താനിടയുണ്ട് . തന്നെയുമല്ല ഭരണത്തിലും സൈനികതലത്തിലും താലിബാനം പിന്തുണയ്ക്കുന്നവര്‍ ഇപ്പോഴുമുണ്ടെന്ന് അവിടുത്തെ സര്‍ക്കാര്‍ ഭയക്കന്നുമുണ്ട്.
ഒരു പോരാട്ടത്തിലൂടെ അഫ്ഗാന്‍റെ നിയന്ത്രണം കൈക്കലാക്കിയാല്‍ അത് അന്താരാഷ്ട്ര ഉപരോധങ്ങള്‍ക്ക് വഴിവെയ്ക്കും എന്ന് താലിബാന്‍ നേതാക്കള്‍ക്ക് അറിയാം. അതിനാല്‍ പാക്കിസ്ഥാനെ ഒപ്പം നിര്‍ത്തുകയും അതുവഴി ചൈനയുടെ പിന്തുണ നേടുകയും മറ്റും താലിബാന്‍റെ ലക്ഷ്യങ്ങളില്‍പ്പെടുന്നു. ലോകത്തില്‍ ഉപരോധങ്ങള്‍ നേരിടുന്ന ഇറാനെപ്പോലുള്ള രാജ്യങ്ങളുമായും അവര്‍ സൗഹാര്‍ദം നേടിയെടുക്കും. ഇപ്പോള്‍തന്നെ അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
ഇന്ത്യയ്ക്കും താലിബാന്‍റെ വരവ് ഗുണകരമാകില്ല. മുമ്പ് സമാധാന ചര്‍ച്ചകള്‍ ഖത്തറില്‍ നടക്കുന്ന കാലത്ത് താലിബാന്‍ കശ്മീര്‍ വിഷയത്തില്‍ ഇടപെടില്ലെന്ന് ഒരു തവണ പ്രസ്താവന ഇറക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍അവരുടെ നിലപാട് അതുതന്നെയാണോ എന്ന് വ്യക്തതയില്ല. അതിനാല്‍ നാറ്റോ പിന്മാറ്റം പൂര്‍ണമായ ശേഷമാകും അഫ്ഗാന്‍റെ എല്ലാതരത്തിലുമുള്ള വൈദഗ്ധ്യം പരീക്ഷിക്കപ്പെടുന്നത്.