2021-22 ഇന്ത്യയുടെ വളര്‍ച്ചാ നിഗമനം വെട്ടിക്കുറച്ച് നോമുറ
1 min read13.5 ശതമാനത്തില്‍ നിന്ന് പ്രതീക്ഷ 12.6 ശതമാനത്തിലേക്ക് കുറച്ചു
ന്യൂഡെല്‍ഹി: ആഗോള ബ്രോക്കറേജ് സ്ഥാപനമായ നോമുറ പുതിയ സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ വളര്‍ച്ച സംബന്ധിച്ച പ്രതീക്ഷ 12.6 ശതമാനമായി കുറച്ചു. കോവിഡിന്‍റെ രണ്ടാം തരംഗം സമ്പദ് വ്യവസ്ഥയില്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെയും ചില്ലറ പണപ്പെരുപ്പത്തിലെ വ്യതിയാനത്തെയും പ്രതിഫലിപ്പിക്കുന്നതാണ് ഈ മാറ്റമെന്ന് നോമുറ വ്യക്തമാക്കുന്നു. 2021-22ല്‍ 13.5 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നായിരുന്നു നേരത്തേയുണ്ടായിരുന്ന നിഗമനം.
കോവിഡ് 19ന്‍റെ രണ്ടാം തരംഗം കൂടുതല്‍ വഷളായാല്‍ വളര്‍ച്ച 12.2 ശതമാനത്തിലേക്ക് ഇടിഞ്ഞേക്കുമെന്നും ഈ മാസം ആദ്യം പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ നോമുറ പറഞ്ഞിരുന്നു. ഇന്ത്യക്കു പുറമേ ഇന്തോനേഷ്യ, ഫിലിപ്പിന്‍സ് തുടങ്ങിയ വളരുന്ന വിപണികളിലും വളര്‍ച്ചയില്‍ അനിശ്ചിതത്വം പ്രകടമാകുന്നുവെന്നാണ് നോമുറ പറയുന്നത്.
വളര്‍ച്ചയുടെ കാഴ്ചപ്പാട് ഇപ്പോഴും ദുര്‍ബലമായിരിക്കുമ്പോഴും ഈ രാജ്യങ്ങള്‍ കൂടുതല്‍ കടുത്ത സാമ്പത്തിക സാഹചര്യങ്ങളെ അഭിമുഖീകരിച്ചേക്കാമെന്നാണ് വിലയിരുത്തുന്നത്. വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിന്, ഉയര്‍ന്ന പണപ്പെരുപ്പം നേരിടുന്നതിനുള്ള നടപടികളിലൂടെയോ നിരക്ക് വര്‍ദ്ധനയിലൂടെയോ വളരുന്ന ഏഷ്യന്‍ വിപണികളിലെ കേന്ദ്ര ബാങ്കുകള്‍ മുന്നോട്ടു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2021 കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യ 11.5 ശതമാനം വളര്‍ച്ച നേടുമെന്നാണ് നോമുറ ഇപ്പോള്‍ വിലയിരുത്തുന്നത്. നേരത്തേ 12.4 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ചിരുന്ന സ്ഥാനത്താണിത്. വാക്സിനേഷന്‍ വ്യാപിക്കുമ്പോഴും ഹ്രസ്വകാലയളവില്‍ ഇന്ത്യയില്‍ കോവിഡ് 19 രണ്ടാം തരംഗം പ്രത്യാഘാതങ്ങളേല്‍പ്പിക്കുമെന്നാണ് വിലയിരുത്തല്‍.