7 സീറ്റര്‍ ജീപ്പ് കോംപസിന് ‘കമാന്‍ഡര്‍’ പേര് നല്‍കിയേക്കും
പേരിന്റെ അവസാനത്തെ രണ്ട് അക്ഷരങ്ങളായി ഇആര്‍ എന്ന് ടീസര്‍ വീഡിയോയില്‍ വ്യക്തമായി കാണാം. ഇതില്‍നിന്നാണ് ‘കമാന്‍ഡര്‍’ പേര് നല്‍കുമെന്ന സൂചന ലഭിക്കുന്നത്
ജീപ്പ് കോംപസ് എസ്‌യുവിയുടെ 7 സീറ്റര്‍ വേര്‍ഷന്‍ നിര്‍മിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ ഇതിനകം പുറത്തുവന്നിരുന്നു. മൂന്നുനിര സീറ്റുകളോടുകൂടിയ ഈ എസ്‌യുവിയുടെ ആദ്യ മാതൃകകള്‍ പരീക്ഷണ ഓട്ടം നടത്തുന്നത് ഒന്നുരണ്ടു തവണ കണ്ടെത്തുകയും ചെയ്തു. എച്ച്6 എന്ന കോഡ് നാമമാണ് പുതിയ മോഡലിന് തല്‍ക്കാലം നല്‍കിയിരിക്കുന്നത്. 7 സീറ്റര്‍ ജീപ്പ് എസ്‌യുവി 2021 രണ്ടാം പാദത്തില്‍ ബ്രസീലില്‍ ആഗോള അരങ്ങേറ്റം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതേതുടര്‍ന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് വിപണികളില്‍ അവതരിപ്പിക്കും.
7 സീറ്റര്‍ ജീപ്പ് എസ്‌യുവിയുടെ പേര് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ‘പാട്രിയോട്ട്’ പേര് നല്‍കുമെന്ന് നേരത്തെ കിംവദന്തി പ്രചരിച്ചിരുന്നു. എന്നാല്‍ ‘കമാന്‍ഡര്‍’ പേര് നല്‍കുമെന്നാണ് പുതിയ ടീസറില്‍നിന്ന് ലഭിക്കുന്ന സൂചന. പേരിന്റെ അവസാനത്തെ രണ്ട് അക്ഷരങ്ങളായി ഇആര്‍ എന്ന് ടീസര്‍ വീഡിയോയില്‍ വ്യക്തമായി കാണാം. ഇതില്‍നിന്നാണ് ‘കമാന്‍ഡര്‍’ പേര് നല്‍കുമെന്ന സൂചന ലഭിക്കുന്നത്. കമാന്‍ഡര്‍ പേര് ജീപ്പ് നേരത്തെ ഉപയോഗിച്ചിരുന്നു. 2000 പതിറ്റാണ്ടിന്റെ പകുതി മുതല്‍ അവസാനം വരെ ഗ്രാന്‍ഡ് ചെറോക്കീ അടിസ്ഥാനമാക്കി നിര്‍മിച്ച മൂന്നുനിര എസ്‌യുവിക്കാണ് ‘കമാന്‍ഡര്‍’ പേര് നല്‍കിയിരുന്നത്.
പുതിയ മോഡലിന്റെ രൂപകല്‍പ്പന സംബന്ധിച്ച ചില വിശദാംശങ്ങള്‍ കൂടി ടീസര്‍ വീഡിയോയില്‍ കാണാം. ജീപ്പ് കോംപസുമായി താരതമ്യം ചെയ്യുമ്പോള്‍ മുന്‍ഭാഗം കുറച്ചുകൂടി വളഞ്ഞതായി തോന്നുന്നു. ഗ്രില്‍ നിവര്‍ന്നതാണ്. ഹെഡ്‌ലൈറ്റുകള്‍ പുതിയതാണ്. അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ അലര്‍ട്ട്, ബ്ലൈന്‍ഡ് സ്‌പോട്ട് അലര്‍ട്ട്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ്, 4ജി കണക്റ്റിവിറ്റി സഹിതം ജീപ്പിന്റെ പുതിയ മള്‍ട്ടിമീഡിയ സിസ്റ്റം, ഓണ്‍ബോര്‍ഡ് വൈഫൈ, വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ മിററിംഗ്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി തുടങ്ങിയ ഫീച്ചറുകള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.
5 സീറ്റര്‍ എസ്‌യുവിയായ ജീപ്പ് കോംപസ് ഉപയോഗിക്കുന്ന അതേ 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍, 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നിവയായിരിക്കും എന്‍ജിന്‍ ഓപ്ഷനുകള്‍. ഡീസല്‍ മോട്ടോര്‍ 173 പിഎസ് കരുത്തും 350 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കുമ്പോള്‍ പെട്രോള്‍ എന്‍ജിന്‍ പരമാവധി പുറപ്പെടുവിക്കുന്നത് 163 പിഎസ് കരുത്തും 250 എന്‍എം ടോര്‍ക്കുമാണ്. പെട്രോള്‍ എന്‍ജിന്റെ കൂടെ 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ നല്‍കിയേക്കും. ഓപ്ഷണലായി 9 സ്പീഡ് ഓട്ടോമാറ്റിക് ലഭിക്കും. 6 സ്പീഡ് മാന്വല്‍, 7 സ്പീഡ് ഡിസിടി എന്നിവയായിരിക്കും ഡീസല്‍ മോട്ടോറിന്റെ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.