2020-21 2.6 ലക്ഷം കോടിയുടെ റെക്കോഡ് എഫ്പിഐ
1 min readഫോറെക്സ് കരുതല്‍ ധനത്തില്‍ 100 ബില്യണ്‍ ഡോളറിലധികം കൂട്ടിച്ചേര്‍ക്കാനും 2020-21ല്‍ ഇന്ത്യക്കായി
മുംബൈ: കോവിഡ് 19 സൃഷ്ടിച്ച വലിയ പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ ഓഹരി വിപണി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സ്വന്തമാക്കിയത് മികച്ച നേട്ടം. ഈ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചത് ഫോറിന്‍ പോര്‍ട്ട്ഫോളിയോ നിക്ഷേപങ്ങളാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 2,74,503 കോടി രൂപയുടെ എഫ്പിഐ ആണ് രാജ്യത്തെ ഇക്വിറ്റി വിപണികളിലേക്ക് ഒഴുകിയത്. 1993ല്‍ വിദേശ നിക്ഷേപകര്‍ക്കായി വിപണി തുറന്നുകൊടുത്തതിന് ശേഷം ഒരു സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ എഫ്പിഐ നിക്ഷേപമായിരുന്നു 2020-21ലേത്. 2012-13ലെ 1,40,033 കോടി രൂപയുടെ എഫ്പിഐ നിക്ഷേപമായിരുന്നു ഇതുവരെയുള്ള റെക്കോഡ്.
ഡെറ്റ് വിഭാഗത്തില്‍ നിന്ന് മൊത്തം 24,070 കോടി രൂപ പിന്‍വലിക്കലാണ് ഉണ്ടായത്. ഹൈബ്രിഡ് ഇന്‍സ്ട്രുമെന്‍റുകളില്‍ 10,238 കോടി രൂപയുടെ വരവുണ്ടായെന്നും ഡെപ്പോസിറ്ററി ഡാറ്റ വ്യക്തമാക്കുന്നു. ഇതൊടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അറ്റ എഫ്പിഐ 2.6 ലക്ഷം കോടി രൂപയായി. രാജ്യത്ത് കോറൊണ ബാധ രൂക്ഷമായ ജൂണ്‍ പാദത്തില്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് ജിഡിപി 23.9 ശതമാനം ഇടിഞ്ഞപ്പോഴും വിപണിയില്‍ വളര്‍ച്ച പ്രകടമായി. റിസര്‍വ് ബാങ്കില്‍ നിന്നുണ്ടായ അധിക പണലഭ്യതയും വിപണിക്ക് തുണയായിട്ടുണ്ട്.
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയ് കുമാര്‍ പറയുന്നതനുസരിച്ച് ധനകാര്യ മേഖല, മോര്‍ട്ട്ഗേജ് ലെന്‍ഡര്‍മാര്‍, ഫിന്‍ടെക് കമ്പനികള്‍, സ്വകാര്യ ഇന്‍ഷുറന്‍സ് എന്നിവയ്ക്കുള്ള എഫ്പിഐയുടെ വരവ് ഗണ്യമായി വര്‍ദ്ധിച്ചു. ഐടി, ഫിനാന്‍ഷ്യല്‍സ്, സിമന്‍റ്, ഫാര്‍മ എന്നിവയ്ക്ക് ഉയര്‍ന്ന വരുമാന സാധ്യതയുണ്ടെന്നും അതിനാല്‍ പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ഈ മേഖലകളിലേക്കുള്ള എഫ്പിഐ വരവ് വര്‍ദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2020 മാര്‍ച്ച് മുതല്‍ 2021 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 2020 മാര്‍ച്ച്, ഏപ്രില്‍, മെയ്, സെപ്റ്റംബര്‍ ഒഴികെയുള്ള എല്ലാ മാസങ്ങളിലും വിദേശ പോര്ട്ട്ഫോളിയൊ നിക്ഷേപകര്‍ അറ്റ വാങ്ങലുകാരായിരുന്നു. 2019-20ല്‍ 27,528 കോടി രൂപയുടെ അറ്റ പിന്‍വലിക്കലായിരുന്നു എഫ്പിഐകളില്‍ നിന്ന് ഉണ്ടായിരുന്നത്.
ഫോറെക്സ് കരുതല്‍ ധനത്തില്‍ 100 ബില്യണ്‍ ഡോളറിലധികം കൂട്ടിച്ചേര്‍ക്കാനും 2020-21ല്‍ ഇന്ത്യക്കായി. ഇത് ഡോളറിനും മറ്റ് കറന്‍സികള്‍ക്കുമെതിരെ സ്ഥിരത പ്രകടമാക്കാന്‍ ഇന്ത്യന്‍ രൂപയെ സഹായിച്ചു. ‘സമ്പദ്വ്യവസ്ഥയെ ബാധിക്കുന്ന ആശങ്കകള്‍ ഉണ്ടായിരുന്നിട്ടും, ആഭ്യന്തര ഓഹരി വിഹണികള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുശേഷം ഇന്ത്യന്‍ ഓഹരിയിലേക്ക് വിദേശ നിക്ഷേപം വ്യാപകമായി നടക്കുന്നുണ്ട്, ‘ മോര്‍ണിംഗ്സ്റ്റാര്‍ ഇന്ത്യയിലെ റിസര്‍ച്ച് അസോസിയേറ്റ് ഡയറക്ടര്‍ ഹിമാന്‍ഷു ശ്രീവാസ്തവ പറഞ്ഞു.
ആഗോള വിപണികളിലെ മികച്ച പണമൊഴുക്കും കുറഞ്ഞ പലിശനിരക്കും ഇന്ത്യ പോലുള്ള വികസ്വര വിപണികളിലേക്ക് വിദേശ നിക്ഷേപങ്ങളെ വഴിതിരിച്ചുവിടുന്നത് നിക്ഷേപ പ്രവാഹത്തിന്‍റെ സുസ്ഥിരത ഉറപ്പാക്കുന്നുണ്ടെന്നും വിലയിരുത്തപ്പെടുന്നു.