October 16, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2020ല്‍ പശ്ചിമേഷ്യന്‍ വിമാനക്കമ്പനികളുടെ നഷ്ടം 7.1 ബില്യണ്‍ ഡോളര്‍

4.8 ബില്യണ്‍ ഡോളര്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ സഹായമായി പശ്ചിമേഷ്യയിലെ വിമാനക്കമ്പനികള്‍ക്ക് ലഭിച്ചു

ദുബായ്: പശ്ചിമേഷ്യയിലെ വിമാനക്കമ്പനികള്‍ കഴിഞ്ഞ വര്‍ഷം 7.1 ബില്യണ്‍ ഡോളര്‍ നഷ്ടം നേരിട്ടതായി അന്താരാഷ്ട്ര വ്യോമ ഗതാഗത സംഘടന (അയാട്ട). ഒരു യാത്രക്കാരന് 68.47 ഡോളര്‍ എന്ന കണക്കിലുള്ള നഷ്ടമാണ് മേഖലയിലെ വിമാനക്കമ്പനികള്‍ അനുഭവിച്ചത്. യാത്രക്കാരുടെ എണ്ണത്തില്‍ 2019നെ അപേക്ഷിച്ച് 20 ശതമാനം കുറവുണ്ടായതായും അയാട്ട വ്യക്തമാക്കി.

2019 ജനുവരിയെ അപേക്ഷിച്ച് 2020 ജനുവരിയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 82.3 ശതമാനം ഇടിവുണ്ടായി. വ്യോമയാന മേഖലയില്‍ ഇപ്പോഴും തുടരുന്ന പ്രതിസന്ധി പശ്ചിമേഷ്യയില്‍ 1.7 ദശലക്ഷം തൊഴിലുകളെയും 105 ബില്യണ്‍ ഡോളറിന്റെ ജിഡിപിയെയും ദോഷകരമായി ബാധിക്കുമെന്ന് അയാട്ട മുന്നറിയിപ്പ് നല്‍കി. കോവിഡാനന്തര യുഗത്തില്‍ വ്യോമയാന മേഖലയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനായി പ്രാദേശിക സര്‍ക്കാരുകള്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും പ്രാദേശിക സഹകരണത്തോടെ അത്തരം പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കണമെന്നും അയാട്ട ആവശ്യപ്പെട്ടു.

“വ്യോമയാനമേഖലയുടെ വീണ്ടെടുപ്പിന് ഊര്‍ജമേകാന്‍ സാമ്പത്തികമായി നിലനില്‍പ്പുള്ള വ്യോമ ഗതാഗത മേഖല ആവശ്യമാണ്. ഇതിനായി സര്‍ക്കാരുകളും വ്യോമയാന മേഖലയും തയ്യാറെടുപ്പുകള്‍ നടത്തണം. സര്‍ക്കാര്‍ സഹായങ്ങള്‍ വിമാനക്കമ്പനികളുടെ തകര്‍ച്ച ഒഴിവാക്കിയെങ്കിലും മേഖലയുടെ വീണ്ടെടുപ്പിനായി കൂടുതല്‍ ചിലവഴിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. വിമാനക്കമ്പനികള്‍ക്കായി ഇനിയും സഹായങ്ങള്‍ പ്രഖ്യാപിക്കാത്തവര്‍ വ്യോമയാന പ്രതിസന്ധി പ്രാദേശിക സമ്പദ് വ്യവസ്ഥകള്‍ക്കുണ്ടാക്കുന്ന ആഘാതം കണക്കിലെടുത്ത് ഉടന്‍ നടപടിയെടുക്കണം.”

കമില്‍ അല്‍ അവാദി 

റീജിയണല്‍ വൈസ് പ്രസിഡന്റ്, അയാട്ട

2020ല്‍ പ്രാദേശിക സര്‍ക്കാരുകളില്‍ നിന്നും പശ്ചിമേഷ്യന്‍ വിമാനക്കമ്പനികള്‍ക്ക് 4..8 ബില്യണ്‍ ഡോളര്‍ സഹായം ലഭിച്ചു. ഇതില്‍ 4.1 ബില്യണ്‍ ഡോളറും ധനസഹായമായിരുന്നു. എന്നിരുന്നാലും മേഖലയിലെ മിക്ക കമ്പനികളും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുകയാണെന്ന് അയാട്ട ചൂണ്ടിക്കാട്ടി. വ്യോമയാനമേഖലയുടെ വീണ്ടെടുപ്പിന് ഊര്‍ജമേകാന്‍ സാമ്പത്തികമായി നിലനില്‍പ്പുള്ള വ്യോമ ഗതാഗത മേഖല ആവശ്യമാണെന്നും ഇതിനായി സര്‍ക്കാരുകളും വ്യോമയാന മേഖലയും തയ്യാറെടുപ്പുകള്‍ നടത്തണമെന്നും അയാട്ടയുടെ റീജിയണല്‍ വൈസ് പ്രസിഡന്റ് കമില്‍ അല്‍ അവാദി പറഞ്ഞു. സര്‍ക്കാര്‍ സഹായങ്ങള്‍ വിമാനക്കമ്പനികളുടെ തകര്‍ച്ച ഒഴിവാക്കിയെന്നും എങ്കിലും വിമാനക്കമ്പനികളുടെ വീണ്ടെടുപ്പിനായി കൂടുതല്‍ ചിലവഴിക്കാന്‍ തയ്യാറായിരിക്കണമെന്നും കമില്‍ പറഞ്ഞു. വിമാനക്കമ്പനികള്‍ക്കായി ഇനിയും സഹായങ്ങള്‍ പ്രഖ്യാപിക്കാത്തവര്‍ വ്യോമയാന പ്രതിസന്ധി പ്രാദേശിക സമ്പദ് വ്യവസ്ഥകള്‍ക്കുണ്ടാക്കുന്ന ആഘാത കണക്കിലെടുത്ത് ഉടന്‍ നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2024
Maintained By : Studio3