ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ പറക്കും കാറുമായി ഒല
ലോകത്തെ ആദ്യ പൂര്‍ണ ഓട്ടോണമസ് ഇലക്ട്രിക് പറക്കും കാര്‍ ‘ഒല എയര്‍പ്രോ’ അനാവരണം ചെയ്തു
ന്യൂഡെല്‍ഹി: ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ പറക്കും കാര്‍ പ്രഖ്യാപനം നടത്തിയാണ് കാബ് സേവന ദാതാക്കളും ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളുമായ ഒല ഏവരെയും വിഡ്ഢികളാക്കിയത്. ട്വിറ്ററില്‍ ഒല ചെയര്‍മാനും ഗ്രൂപ്പ് സിഇഒയുമായ ഭവീഷ് അഗ്ഗര്‍വാളാണ് പറക്കും കാര്‍ പ്രഖ്യാപനം നടത്തിയത്.
ലോകത്തെ ആദ്യത്തെ പൂര്‍ണ ഓട്ടോണമസ് ഇലക്ട്രിക് പറക്കും കാര്‍ ഒല എയര്‍പ്രോ എന്ന പേരില്‍ അനാവരണം ചെയ്യുന്നതില്‍ വളരെയധികം ആവേശഭരിതനാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പരീക്ഷണ പറക്കലുകള്‍ക്ക് ഇപ്പോള്‍ ഓണ്‍ലൈനില്‍ ബുക്കിംഗ് നടത്താമെന്നും അഗ്ഗര്‍വാള്‍ പ്രഖ്യാപിച്ചു. ഒലഎയര്‍പ്രോ എന്ന വെബ്‌സൈറ്റ് വിലാസം ഉള്‍പ്പെടെ ചേര്‍ത്താണ് ട്വീറ്റ് ചെയ്തത്.
പൂര്‍ണമായും സ്വയം പറക്കുന്നതിനാല്‍ ഡ്രൈവ് ചെയ്യുന്നതിനും പറത്തുന്നതിനും ലൈസന്‍സ് വേണ്ടെന്ന് കമ്പനി അറിയിച്ചു. സ്വയം ചാര്‍ജ് ചെയ്യുന്ന പ്യുറാസെല്‍ ബാറ്ററി സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കി. കുത്തനെ പറന്നുയരുകയും ഇറങ്ങുകയും ചെയ്യാന്‍ ശേഷിയുള്ളതായിരിക്കും ഒല എയര്‍ പ്രോ. ഇങ്ങനെയെല്ലാമാണ് ഒല നടത്തിയ വിശദീകരണങ്ങള്‍.