2021-22 ആദ്യപാദം റീട്ടെയ്ല്‍ ശൃംഖലയില്‍ 13% വിപുലീകരണം പ്രഖ്യാപിച്ച് കല്യാണ്‍ ജ്വല്ലേഴ്സ്
1 min read14 പുതിയ ഷോറൂമുകള്‍ ഏപ്രില്‍ 24ന് കൂട്ടിച്ചേര്‍ക്കും
കൊച്ചി: പുതിയ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ തന്നെ റീട്ടെയ്ല്‍ ശൃംഖല 13 ശതമാനം വര്‍ധിപ്പിക്കാന്‍ പദ്ധതിയിടുന്നതായി കല്യാണ്‍ ജ്വല്ലേഴ്സ് അറിയിച്ചു. ഏഴ് സംസ്ഥാനങ്ങളിലായി പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നു. കൂടാതെ, 14 പുതിയ ഷോറൂമുകള്‍ ഏപ്രില്‍ 24ന് കൂട്ടിച്ചേര്‍ക്കും.
കല്യാണ്‍ ജ്വല്ലേഴ്സ് വിപുലീകരണ പദ്ധതികളും തന്ത്രങ്ങളും ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി എസ് കല്യാണരാമന്‍ വിശദീകരിച്ചു. “ആദ്യ പാദത്തില്‍ ഞങ്ങള്‍ മൊത്തം 14 പുതിയ ഔട്ട്ലെറ്റുകള്‍ ചേര്‍ത്ത് റീട്ടെയില്‍ സാന്നിധ്യം 13 ശതമാനം വര്‍ധിപ്പിക്കും, 21 സംസ്ഥാനങ്ങളില്‍ കല്യാണ്‍ ജ്വല്ലേഴ്സിന് ഗണ്യമായ സാന്നിധ്യമുണ്ട്. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഞങ്ങളുടെ എല്ലാ ഷോറൂമുകളിലും കര്‍ശന ശുചിത്വ നടപടികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്, ‘ അദ്ദേഹം പറഞ്ഞു.
ടയര്‍ -1 നഗരങ്ങളില്‍ നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ ബ്രാന്‍ഡിന് പദ്ധതിയുണ്ട്. ടയര്‍ -2, ടയര്‍ -3 വിപണികളിലും മിഡ്-സൈസ് ഷോറൂമുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.ചെന്നൈ ഔട്ട്ലെറ്റിലൂടെ ബ്രാന്‍ഡിന് ലഭിച്ച മികച്ച പ്രതികരണത്തെ തുടര്‍ന്ന്, ചെന്നൈയുടെ ഷോപ്പിംഗ് കേന്ദ്രമായ നോര്‍ത്ത് ഉസ്മാന്‍ റോഡിന്‍റെ ഹൃദയഭാഗത്ത് മറ്റൊരു മുന്‍നിര സ്റ്റോര്‍ തുറക്കാന്‍ കമ്പനി പദ്ധതിയിടുന്നു. ദ്വാരക, മാതുങ്ക, ലോവര്‍ പരേല്‍ ഫീനിക്സ് പല്ലേഡിയം, ദില്‍സുഖ്നഗര്‍ എന്നിവിടങ്ങളിലായി പുതിയ ഷോറൂമുകള്‍ തുറങ്ങി ഡെല്‍ഹി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്താന്‍ കല്യാണ്‍ ജ്വല്ലേഴ്സ് പദ്ധതിയിടുന്നു.
നോയിഡ (യുപി), നാസിക് (മഹാരാഷ്ട്ര), ജാംനഗര്‍ (ഗുജറാത്ത്), പത്തനംതിട്ട (കേരളം), നാഗര്‍കോയില്‍, മധുര, ട്രിച്ചി (തമിഴ്നാട്) ), ഖമ്മം, കരിംനഗര്‍ (തെലങ്കാന) എന്നിവിടങ്ങളിലായി 9 പുതിയ ഷോറൂമുകള്‍ തുടങ്ങും. നിലവില്‍ കല്യാണ്‍ ജ്വല്ലേഴ്സിന് ഇന്ത്യയില്‍ 107ഉം മിഡില്‍ ഈസ്റ്റില്‍ 30ഉം ഷോറൂമുകള്‍ ഉണ്ട്. പുതിയ ഷോറൂമുകള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ 151 ലൊക്കേഷനുകളിലേക്ക് കമ്പനിയുടെ സാന്നിധ്യം എത്തുന്നു. ഇത് ബ്രാന്‍ഡിനെ സംബന്ധിച്ചിടത്തോളം സുവര്‍ണ്ണ നാഴികക്കല്ലാണ് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.