November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മെഴ്‌സേഡസ് ബെന്‍സ് എ ക്ലാസ് ലിമോസിന്‍ എത്തി

ഇന്ത്യ എക്‌സ് ഷോറൂം വില 39.90 ലക്ഷം രൂപ മുതല്‍. ജൂണ്‍ 30 വരെയുള്ള പ്രാരംഭ വില

മെഴ്‌സേഡസ് ബെന്‍സ് എ ക്ലാസ് ലിമോസിന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 39.90 ലക്ഷം രൂപ മുതലാണ് ഇന്ത്യയിലെങ്ങും എക്‌സ് ഷോറൂം വില. ജൂണ്‍ 30 വരെയുള്ള പ്രാരംഭ വിലയാണ് ജര്‍മന്‍ ആഡംബര ബ്രാന്‍ഡ് പ്രഖ്യാപിച്ചത്. കാറിന് മാത്രം മൂന്നുവര്‍ഷ സ്റ്റാന്‍ഡേഡ് വാറന്റി, എന്‍ജിനും ഗിയര്‍ബോക്‌സിനും എട്ട് വര്‍ഷ വാറന്റി എന്നിവ മെഴ്‌സേഡസ് ബെന്‍സ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നു.

മെഴ്‌സേഡസിന്റെ ഏറ്റവും പുതിയ ഡിസൈന്‍ ഭാഷയാണ് എ ക്ലാസ് ലിമോസിന്‍ മോഡലിന് നല്‍കിയിരിക്കുന്നത്. ഇ ക്ലാസ് ഫേസ്‌ലിഫ്റ്റ്, പുതിയ എസ് ക്ലാസ് മോഡലുകളില്‍ ഇതേ ഡിസൈന്‍ ഭാഷ കാണാം. അതായത്, മുന്നില്‍ വലിയ ഗ്രില്‍, പുതിയ എല്‍ഇഡി ഹെഡ്‌ലാംപുകളും ടെയ്ല്‍ലൈറ്റുകളും, പുതിയ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, ഹാച്ച്ബാക്ക് വേര്‍ഷനുമായി താരതമ്യം ചെയ്യുമ്പോള്‍ പിന്‍ നിരയ്ക്കായി നീളമേറിയ ഡോറുകള്‍, ബൂട്ട് ലിഡിലേക്ക് ഒഴുകിയിറങ്ങുന്ന റൂഫ്‌ലൈന്‍ എന്നിവയാണ് ഡിസൈന്‍ സവിശേഷതകള്‍.

പ്രോഗ്രസീവ് ലൈന്‍ എന്ന ഫുള്ളി ലോഡഡ് വേരിയന്റില്‍ മാത്രമാണ് എ ക്ലാസ് ലിമോസിന്‍ ലഭിക്കുന്നത്. ഏറ്റവും പുതിയ എംബിയുഎക്‌സ് സിസ്റ്റം ഉള്‍പ്പെടുന്ന ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയ്ക്കായി 10.25 ഇഞ്ച് വലുപ്പമുള്ള രണ്ട് സ്‌ക്രീനുകള്‍, കണക്റ്റഡ് കാര്‍ ടെക്, നിര്‍മിത ബുദ്ധിയില്‍ (എഐ) അധിഷ്ഠിതമായ വോയ്‌സ് അസിസ്റ്റന്റ് എന്നിവ ലഭിച്ചു. ഡുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, ക്രൂസ് കണ്‍ട്രോള്‍, മെമ്മറി ഫംഗ്ഷന്‍ സഹിതം മുന്‍ നിരയില്‍ പവേര്‍ഡ് സീറ്റുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍ ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍ സ്റ്റാന്‍ഡേഡായി നല്‍കി.

പെട്രോള്‍, ഡീസല്‍ പവര്‍ട്രെയ്ന്‍ ഓപ്ഷനുകളില്‍ എ ക്ലാസ് സെഡാന്‍ ലഭിക്കും. എ200 വേരിയന്റിലെ 1.3 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കുന്നത് 163 എച്ച്പി കരുത്താണ്. എ200ഡി വേരിയന്റിലെ 2.0 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോ ഡീസല്‍ എന്‍ജിന്‍ 150 എച്ച്പി കരുത്ത് പുറപ്പെടുവിക്കും. പെട്രോള്‍ എന്‍ജിനുമായി 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചു. 8 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഡീസല്‍ മോട്ടോറിന്റെ കൂട്ട്.

എഎംജി സ്‌റ്റൈലിംഗ് ലഭിച്ചതാണ് സെഡാന്റെ എഎംജി എ35 എന്ന പെര്‍ഫോമന്‍സ് വേര്‍ഷന്‍. ഗ്രില്‍, ബംപറുകള്‍ എന്നിവ മാറിയിരിക്കുന്നു. കൂടുതല്‍ സ്‌പോര്‍ട്ടിയായ അലോയ് വീലുകള്‍, അഗ്രസീവ് റിയര്‍ ഡിഫ്യൂസര്‍, ബൂട്ട് ലിപ് സ്‌പോയ്‌ലര്‍, വൃത്താകൃതിയുള്ള ഡുവല്‍ ടിപ്പ് എക്‌സോസ്റ്റ് പൈപ്പുകള്‍ എന്നിവ ലഭിച്ചു. സ്റ്റാന്‍ഡേഡ് കാറില്‍ നല്‍കിയതിന് ഏറെക്കുറേ സമാനമായ ഫീച്ചറുകള്‍ ലഭിച്ചു.

2.0 ലിറ്റര്‍, 4 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് എഎംജി എ35 വേര്‍ഷന്‍ ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 306 എച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 7 സ്പീഡ് ഡുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ചേര്‍ത്തുവെച്ചു. മെഴ്‌സേഡസിന്റെ ‘4മാറ്റിക്’ ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റം നാല് ചക്രങ്ങളിലേക്കും കരുത്ത് കൈമാറുന്നു.

എ200 പ്രോഗ്രസീവ് ലൈന്‍ 39.90 ലക്ഷം രൂപ

എ200ഡി പ്രോഗ്രസീവ് ലൈന്‍ 40.90 ലക്ഷം രൂപ

എഎംജി എ35 4മാറ്റിക് 56.24 ലക്ഷം രൂപ

Maintained By : Studio3