September 17, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബിഎംഡബ്ല്യു എം 1000 ആര്‍ആര്‍ ഇന്ത്യയില്‍!  

സ്റ്റാന്‍ഡേഡ് വേരിയന്റിന് 42 ലക്ഷം രൂപയും കോമ്പറ്റീഷന്‍ വേരിയന്റിന് 45 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില
മുംബൈ: ബിഎംഡബ്ല്യു എം 1000 ആര്‍ആര്‍ മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ബിഎംഡബ്ല്യു മോട്ടോറാഡിന്റെ ആദ്യ ‘എം’ സ്‌പെക് മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ രണ്ട് വേരിയന്റുകളില്‍ ലഭിക്കും. സ്റ്റാന്‍ഡേഡ് വേരിയന്റിന് 42 ലക്ഷം രൂപയും കോമ്പറ്റീഷന്‍ വേരിയന്റിന് 45 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില. ബിഎംഡബ്ല്യു എസ് 1000 ആര്‍ആര്‍ മോട്ടോര്‍സൈക്കിളിന്റെ ‘എം പെര്‍ഫോമന്‍സ്’ വേര്‍ഷനാണ് ബിഎംഡബ്ല്യു എം 1000 ആര്‍ആര്‍. ബിഎംഡബ്ല്യു എസ് 1000 ആര്‍ആര്‍ മോഡലിനേക്കാള്‍ ഭാരം കുറഞ്ഞവനും വേഗം കൂടിയവനുമാണ് പുതിയ താരം. അധിക ഫീച്ചറുകള്‍ ലഭിച്ചതിനാല്‍ ട്രാക്കുകള്‍ക്ക് കൂടുതല്‍ ഇണങ്ങുന്നവനാണ് കോമ്പറ്റീഷന്‍ വേരിയന്റ്.

999 സിസി, 4 സിലിണ്ടര്‍ എന്‍ജിന്റെ കോണ്‍ റോഡുകള്‍, റോക്കര്‍ ആമുകള്‍, പിസ്റ്റണുകള്‍, വാല്‍വ്‌ട്രെയ്ന്‍ എന്നിവയ്ക്ക് ഇപ്പോള്‍ ഭാരം കുറഞ്ഞു. പൂര്‍ണമായും അക്രാപോവിച്ച് ടൈറ്റാനിയം എക്‌സോസ്റ്റ് സിസ്റ്റം ഉപയോഗിച്ചതോടെ ഭാരം 3.7 കിലോഗ്രാം പിന്നെയും കുറഞ്ഞു. ബിഎംഡബ്ല്യു എം 1000 ആര്‍ആര്‍ മോട്ടോര്‍സൈക്കിളിലെ എന്‍ജിന്‍ 14,500 ആര്‍പിഎമ്മില്‍ 209 ബിഎച്ച്പി കരുത്തും 11,000 ആര്‍പിഎമ്മില്‍ 113 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ 3.1 സെക്കന്‍ഡ് മതി. മണിക്കൂറില്‍ ഏകദേശം 306 കിലോമീറ്ററാണ് ഏറ്റവും ഉയര്‍ന്ന വേഗത. മുന്‍ ചക്രത്തില്‍ മികച്ച ഡൗണ്‍ഫോഴ്‌സ് ലഭിക്കുന്നതിന് കാര്‍ബണ്‍ ഫൈബര്‍ വിംഗ്‌ലെറ്റുകള്‍ നല്‍കിയിരിക്കുന്നു. എയ്‌റോഡൈനാമിക്‌സ് മെച്ചപ്പെടുത്തുന്നതാണ് ഉയരം കൂടിയ വിന്‍ഡ്‌സ്‌ക്രീന്‍.

എം ജിപിഎസ് ലാപ്പ് ട്രിഗര്‍, പാസഞ്ചര്‍ കിറ്റ്, പില്യണ്‍ സീറ്റ് കവര്‍, കാര്‍ബണ്‍ പാക്ക് (മുന്നിലും പിന്നിലും എം കാര്‍ബണ്‍ മഡ്ഗാര്‍ഡ്, എം കാര്‍ബണ്‍ അപ്പര്‍ ഫെയറിംഗ് സൈഡ് പാനല്‍, എം കാര്‍ബണ്‍ ടാങ്ക് കവര്‍, എം കാര്‍ബണ്‍ ചെയിന്‍ ഗാര്‍ഡ്, എം കാര്‍ബണ്‍ സ്‌പ്രോക്കറ്റ് കവര്‍), എം ബില്ലറ്റ് പാക്ക് (എം എന്‍ജിന്‍ പ്രൊട്ടക്റ്ററുകള്‍, എം ബ്രേക്ക് ലിവര്‍ ഫോള്‍ഡിംഗ്, എം ബ്രേക്ക് ലിവര്‍ ഗാര്‍ഡ്, എം ക്ലച്ച് ലിവര്‍ ഫോള്‍ഡിംഗ്, എം റൈഡര്‍ ഫൂട്ട്‌റെസ്റ്റ് സിസ്റ്റം) എന്നിവ ഉള്‍പ്പെടുന്ന ‘എം കോമ്പറ്റീഷന്‍ പാക്കേജ്’ ലഭിച്ചു.

ട്രാക്ക് വെപ്പണ്‍ എന്ന നിലയിലാണ് പ്രധാനമായും ബിഎംഡബ്ല്യു എം 1000 ആര്‍ആര്‍ നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ റോഡ് ലീഗല്‍ കൂടിയാണ് ഇവന്‍. ബിഎംഡബ്ല്യുവിന്റെ റേസ് പ്രോ റൈഡിംഗ് മോഡുകള്‍, പുതു തലമുറ 6 ആക്‌സിസ് ഐഎംയു ബോക്‌സ് എന്നീ ഇലക്ട്രോണിക്‌സ് ലഭിച്ചു. ഓരോരുത്തരുടെയും ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ട്രാക്ഷന്‍ കണ്‍ട്രോള്‍, വീലി കണ്‍ട്രോള്‍, എന്‍ജിന്‍ ബ്രേക്കിംഗ് എന്നിവ ക്രമീകരിക്കാന്‍ കഴിയും. ലോഞ്ച് കണ്‍ട്രോള്‍ കൂടി ഇലക്ട്രോണിക്‌സ് പാക്കേജിന്റെ ഭാഗമാണ്. എം ബ്രേക്കുകള്‍, എം കാര്‍ബണ്‍ ചക്രങ്ങള്‍, ഓപ്ഷണല്‍ എം കോമ്പറ്റീഷന്‍ പാക്കേജ് എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. നവീകരിച്ച ഷാസി ലഭിച്ചു. വീല്‍ബേസിന് ഇപ്പോള്‍ 16 എംഎം നീളം കൂടുതലാണ്.

Maintained By : Studio3