രാജ്യത്ത് 276 സ്വകാര്യ മെഡിക്കല്‍ കോളെജുകള്‍, മുന്നില്‍ കര്‍ണാടക
1 min readഇന്ത്യയില്‍ ആകെ 10 സംസ്ഥാനങ്ങളില്‍ ഒരു സ്വകാര്യ മെഡിക്കല്‍ കോളെജും ഇല്ല
ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നിലവില്‍ 276 സ്വകാര്യ മെഡിക്കല്‍ കോളേജുകളാണുള്ളതെന്നും ദേശീയ മെഡിക്കല്‍ കമ്മീഷന്‍ (എന്‍എംസി) നല്‍കിയ വിവരമനുസരിച്ച്, 2014 ന് ശേഷം 82 സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ ആരംഭിച്ചുവെന്നും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. കര്‍ണാടകയില്‍ 42 സ്വകാര്യ മെഡിക്കല്‍ കോളേജുകളാണുള്ളത്.
2021-22 അധ്യയന വര്‍ഷത്തില്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുന്നതിന് 37 അപേക്ഷകള്‍ ലഭിച്ചതായും എന്‍എംസി ഡാറ്റ വ്യക്തമാക്കുന്നു. രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസം നിയന്ത്രിക്കുന്നതിനായി 1956 ലെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം രൂപീകരിച്ച സ്റ്റാറ്റ്യൂട്ടറി ബോഡി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എംസിഐ) ആയിരുന്നു. അത് ഇപ്പോള്‍ 2020 സെപ്റ്റംബര്‍ 25 മുതല്‍ പ്രാബല്യത്തില്‍ വന്ന ദേശീയ മെഡിക്കല്‍ കമ്മീഷനിലേക്ക് മാറ്റിയിട്ടുണ്ട്.
32 സ്വകാര്യ മെഡിക്കല്‍ കോളേജുകളുള്ള മഹാരാഷ്ട്രയിലാണ് കര്‍ണാടക കഴിഞ്ഞാല്‍ ഏറ്റവുമധികം സ്വകാര്യ മെഡിക്കല്‍ കോളെജുകളുള്ളത്. ഉത്തര്‍പ്രദേശില്‍ 31 സ്വകാര്യ മെഡിക്കല്‍ കോളേജുകളും തമിഴ്നാട്ടില്‍ 27 ഉം തെലങ്കാനയില്‍ 23 ഉം ഉണ്ട്. ഇന്ത്യയില്‍ ആകെ 10 സംസ്ഥാനങ്ങളില്‍ ഒരു സ്വകാര്യ മെഡിക്കല്‍ കോളെജും ഇല്ല.
ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ഝാര്‍ഖണ്ഡ്, സിക്കിം, ത്രിപുര എന്നിവിടങ്ങളില്‍ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജ് വീതമുണ്ട്. ദേശീയ തലസ്ഥാനത്ത് 2 സ്വകാര്യ മെഡിക്കല്‍ കോളേജുകളുണ്ട്. 2018-19, 2019-20, 2020-21 കാലഘട്ടങ്ങളില്‍ ഫാക്കല്‍റ്റി, ഇന്‍ഫ്രാസ്ട്രക്ചര്‍, ഉപകരണങ്ങള്‍, ക്ലിനിക്കല്‍ മെറ്റീരിയല്‍ എന്നിവയുടെ നിബന്ധനകള്‍ പാലിക്കാത്ത സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ വിലയിരുത്തല്‍ നടക്കുകയാണ്.
പുതുതായി വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ ഈ കോളേജുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ല.
ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെയാണ് ചൊവ്വാഴ്ച രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഈ വിവരങ്ങള്‍ നല്‍കിയതെന്ന് മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.