ജിയോപേജസ് ഇനി ആന്‍ഡ്രോയ്ഡ് ടിവികളില്‍
1 min readഎട്ട് ഇന്ത്യന്‍ ഭാഷകള്‍ സപ്പോര്‍ട്ട് ചെയ്യുന്നതാണ് ജിയോപേജസ് എന്ന വെബ് ബ്രൗസര്‍
ന്യൂഡെല്‍ഹി: റിലയന്‍സ് ജിയോയുടെ വെബ് ബ്രൗസറായ ജിയോപേജസ് ഇനി ആന്‍ഡ്രോയ്ഡ് ടിവികളില്‍ ഉപയോഗിക്കാം. ജിയോപേജസിന് പുതിയ അപ്‌ഡേറ്റ് ലഭിച്ചു. ഇതോടെ ആന്‍ഡ്രോയ്ഡ് ടിവി ഓപ്പറേറ്റിംഗ് സിസ്റ്റം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ടെലിവിഷനുകളില്‍ ജിയോപേജസ് ഉപയോഗിക്കാന്‍ കഴിയും. എട്ട് ഇന്ത്യന്‍ ഭാഷകള്‍ സപ്പോര്‍ട്ട് ചെയ്യുന്നതാണ് ജിയോപേജസ് എന്ന വെബ് ബ്രൗസര്‍. പ്രത്യേക ‘വീഡിയോസ്’ വിഭാഗം, സ്മാര്‍ട്ട് ടിവികളില്‍ വെബ് ബ്രൗസിംഗ് എളുപ്പമാക്കുന്നതിന് പിഡിഎഫ് റീഡര്‍ എന്നിവ ഫീച്ചറുകളാണ്.
സ്മാര്‍ട്ട് ടിവി കാണുന്നവര്‍ക്ക് എട്ട് ഭാഷകളില്‍ ട്രെന്‍ഡിംഗ് വാര്‍ത്തകള്‍ അറിയുന്നതിന് ‘ന്യൂസ്’ വിഭാഗം കൂടി ജിയോപേജസില്‍ ഉള്‍പ്പെടുത്തി. വലിയ സ്‌ക്രീനില്‍ വാര്‍ത്തകള്‍ വായിക്കുന്നതിന് ഇ ന്യൂസ്‌പേപ്പറുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. ആന്‍ഡ്രോയ്ഡ് മൊബീല്‍ ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ച ജിയോബ്രൗസര്‍ അപ്‌ഡേറ്റ് ചെയ്താണ് ജിയോപേജസ് ബ്രൗസര്‍ പുറത്തിറക്കിയത്. ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമില്‍ ജിയോപേജസിന് ഇതിനകം പത്ത് മില്യണ്‍ ഡൗണ്‍ലോഡുകള്‍ ലഭിച്ചതായി കമ്പനി അവകാശപ്പെടുന്നു.
സ്മാര്‍ട്ട് ടിവികള്‍ക്കുള്ള മറ്റ് വെബ് ബ്രൗസറുകള്‍ പോലെ, വലിയ സ്‌ക്രീനുകളില്‍ വെബ് ബ്രൗസ് ചെയ്യാന്‍ കഴിയുന്നതാണ് ജിയോപേജസ്. ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ എളുപ്പം തെരയുന്നതിന് സെര്‍ച്ച് ബാര്‍, വോയ്‌സ് സെര്‍ച്ച് സപ്പോര്‍ട്ട് എന്നിവ ഉണ്ടായിരിക്കും. ഇഷ്ടപ്പെട്ട സൈറ്റുകള്‍ ബുക്ക്മാര്‍ക്ക് ചെയ്യാന്‍ കഴിയുന്നതുകൂടാതെ ബ്രൗസിംഗ് ഹിസ്റ്ററി ലഭിക്കും. ബില്‍റ്റ് ഇന്‍ ഡൗണ്‍ലോഡ് മാനേജറിലൂടെ നിങ്ങളുടെ സ്മാര്‍ട്ട് ടിവിയില്‍ എന്തെല്ലാം ഡൗണ്‍ലോഡ് ചെയ്തു എന്ന് പരിശോധിക്കുകയും ചെയ്യാം. സിംഗിള്‍ സ്‌ക്രീനില്‍നിന്ന് ജനപ്രിയ സൈറ്റുകള്‍ എളുപ്പം സന്ദര്‍ശിക്കാന്‍ കഴിയുന്ന ക്വിക്ക്‌ലിങ്ക്‌സ് വിഭാഗമാണ് ജിയോപേജസ് വെബ് ബ്രൗസറിന്റെ മറ്റൊരു പ്രത്യേകത.
ഡിഫോള്‍ട്ട് ബ്രൗസിംഗ് മോഡ് കൂടാതെ ഇന്‍കൊഗ്നീറ്റോ മോഡ് കൂടി ഉപയോഗിക്കാന്‍ കഴിയും. മ്യൂസിക്, മൂവീസ്, കിഡ്‌സ്, ലൈഫ്‌സ്റ്റൈല്‍ തുടങ്ങി ഇരുപതിലധികം കാറ്റഗറികളിലായി പതിനായിരത്തിലധികം ഉള്ളടക്കങ്ങളാണ് വീഡിയോസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇഷ്ടപ്പെട്ട ഭാഷയില്‍ ഡിഫോള്‍ട്ട് ന്യൂസ് ഫീഡ് കസ്റ്റമൈസ് ചെയ്യാന്‍ കഴിയും. ആന്‍ഡ്രോയ്ഡ് ടിവിയില്‍ ഡോക്യുമെന്റുകള്‍ വായിക്കുന്നതിന് ജിയോപേജസ് ബ്രൗസറില്‍നിന്ന് നേരിട്ട് പിഡിഎഫുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.
ആന്‍ഡ്രോയ്ഡ് ടിവി ഓപ്പറേറ്റിംഗ് സിസ്റ്റം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ടിവിയിലെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ജിയോപേജസ് ഡൗണ്‍ലോഡ് ചെയ്യാം. ജിയോപേജസിന്റെ മൊബീല്‍ വേര്‍ഷനില്‍നിന്ന് വ്യത്യസ്തമായി ജിയോപേജസ് ടിവി എന്ന പേരിലായിരിക്കും ആപ്പ് ലഭിക്കുന്നത്. ഇതുവരെ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് മാത്രമാണ് ജിയോപേജസ് ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നത്. വെബ് ബ്രൗസ് ചെയ്യുന്നതിന് ജിയോ സെറ്റ് ടോപ്പ് ബോക്‌സിലും ജിയോപേജസ് ലഭിച്ചിരുന്നു.