വാക്സിനേഷന്‍ നിരക്ക്; ഇന്ത്യ യുഎസിനുപിന്നില്‍ രണ്ടാമത്
1 min readന്യൂഡെല്‍ഹി: ഇന്ത്യയിലെ കോവിഡ്-19 വാക്സിനേഷന്‍ ഡ്രൈവ് ലോകത്തിലെ രണ്ടാമത്തെ വലിയ കുത്തിവയ്പ്പ് പദ്ധതിയായി മാറി. മൊത്തം കുത്തിവെയ്പുകളുടെയും ദിവസേന നല്‍കപ്പെടുന്ന ഡോസുകളുടെ കണക്കിന്‍റെ അടിസ്ഥാനത്തിലുമാണ് രാജ്യം ഈ നേട്ടം കൈവരിച്ചത്. ഇപ്പോള്‍, പ്രതിദിനം 2.5 ദശലക്ഷം പ്രതിരോധകുത്തിവെയ്പുകള്‍ നല്‍കുന്ന അമേരിക്കയ്ക്ക് പിന്നില്‍ ഇന്ത്യ സ്ഥാനം പിടിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി വാക്സിനേഷന്‍ ഡ്രൈവ് വേഗത കൈവരിക്കുന്നതായി ഇന്ത്യയുടെ സമീപകാല നേട്ടങ്ങള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ ഇന്ത്യയുടെ പ്രതിദിന ഡോസ് എണ്ണം മൂന്നിരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. ഫെബ്രുവരി 22 ന് അവസാനിക്കുന്ന ആഴ്ചയില്‍ ഇത് 0.4 ദശലക്ഷമായിരുന്നു, കഴിഞ്ഞയാഴ്ച ഇത് 1.26 ദശലക്ഷമായി ഉയര്‍ന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, വ്യാപനത്തിന്‍റെ തീവ്രത ഇല്ലാതാക്കാന്‍ വാക്സിനേഷന്‍ പ്രക്രിയ ഇനിയും വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് വിദഗ്ധര്‍ കരുതുന്നു. വാക്സിനേഷനില്‍ പ്രതിദിന വര്‍ധനവ് ദൃശ്യമാണ്. പ്രതിദിനം ഏഴുമുതല്‍ 10 ദശലക്ഷം വരെയാണ് വാക്സിനേഷനില്‍ ഇന്ത്യയുടെ ശേഷിയെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത്, എപ്പിഡെമിയോളജി വിഭാഗം മേധാവി ഡോ. ഗിരിധര ആര്‍ ബാബു പറയുന്നു.
രാജ്യവ്യാപകമായുള്ള വാക്സിനേഷന്‍ ഡ്രൈവില്‍ ഇതുവരെ 29.9 ദശലക്ഷം ഡോസുകള്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കി. അതേസമയം യുകെയില്‍ ശനിയാഴ്ച രാത്രിവരെ 24.19 ദശലക്ഷം ആളുകള്‍ക്ക് 25.87 ദശലക്ഷം ഡോസുകളാണ് നല്‍കിയതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ഞായറാഴ്ച വരെ യുഎസ് 107 ദശലക്ഷം കോവിഡ് -19 ഡോസുകള്‍ നല്‍കി. യുഎസില്‍ ഇതുവരെ 69.78 ദശലക്ഷം ആളുകള്‍ക്ക് വാക്സിന്‍റെ ഒരു ഡോസെങ്കിലും ലഭിച്ചിട്ടുണ്ടെന്ന് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ നല്‍കിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
എന്നിരുന്നാലും, കുത്തിവയ്പ്പ് രംഗത്ത് ഇന്ത്യ പുതിയ ഉയരങ്ങളിലെത്തുമ്പോള്‍, ദിവസേന രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കോവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ കുറച്ച് ആഴ്ചകളായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മാര്‍ച്ച് 14 ന് 26,173 പുതിയ കോവിഡ് കേസുകള്‍ രേഖപ്പെടുത്തി. രാജ്യത്തെ മൊത്തം സജീവമായ കേസുകളുടെ എണ്ണം 2,19,262 ആണ്.