റെനോ ട്രൈബര്‍ പരിഷ്‌കരിച്ചു
എക്‌സ് ഷോറൂം വില 5.30 ലക്ഷം രൂപ മുതല്‍
ന്യൂഡെല്‍ഹി: 2021 മോഡല്‍ റെനോ ട്രൈബര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 5.30 ലക്ഷം രൂപ മുതലാണ് എക്‌സ് ഷോറൂം വില. എക്സ്റ്റീരിയര്‍ ഡിസൈന്‍ പരിഷ്‌കരിച്ചതുകൂടാതെ പുതിയ ഫീച്ചറുകള്‍, ഡുവല്‍ ടോണ്‍ നിറങ്ങള്‍ സഹിതമാണ് പുതിയ റെനോ ട്രൈബര്‍ വരുന്നത്. പരിഷ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയതോടെ പുതിയ ട്രൈബറിന്റെ വില 10,000 മുതല്‍ 15,000 രൂപ വരെ വര്‍ധിച്ചു.
പരിഷ്‌കരിച്ച റെനോ ട്രൈബര്‍ അഞ്ച് നിറങ്ങളില്‍ ലഭിക്കും. വൈറ്റ്, സില്‍വര്‍, ബ്ലൂ, മസ്റ്റര്‍ഡ്, ബ്രൗണ്‍ എന്നിവയാണ് അഞ്ച് കളര്‍ ഓപ്ഷനുകള്‍. ആര്‍എക്‌സ്‌സെഡ് വേരിയന്റുകളില്‍ ഇതേ നിറങ്ങള്‍ കറുത്ത റൂഫ് സഹിതം ഡുവല്‍ ടോണ്‍ ഓപ്ഷനുകളിലും ലഭിക്കും.
പുറത്തെ റിയര്‍ വ്യൂ കണ്ണാടികളില്‍ എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ഡുവല്‍ ടോണ്‍ നിറങ്ങള്‍, ഡുവല്‍ ഹോണ്‍ സെറ്റപ്പ്, പുതുതായി സിഡാര്‍ ബ്രൗണ്‍ നിറം എന്നിവയാണ് 2021 റെനോ ട്രൈബറിന്റെ പുറത്തെ വിശേഷങ്ങള്‍. അകത്ത്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, സ്റ്റിയറിംഗില്‍ നല്‍കിയ കണ്‍ട്രോളുകള്‍ എന്നിവ ലഭിച്ചു.
അതേ 1.0 ലിറ്റര്‍, 3 സിലിണ്ടര്‍, ‘എനര്‍ജി’ പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 71 ബിഎച്ച്പി കരുത്തും 96 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍, എഎംടി (ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍) എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. യഥാക്രമം 19 കിലോമീറ്ററും 18.29 കിലോമീറ്ററും ഇന്ധനക്ഷമത ലഭിക്കും.
2021 മോഡല്‍ റെനോ ട്രൈബറിന്റെ എക്‌സ് ഷോറൂം വില ഇപ്രകാരമാണ്.
ആര്‍എക്‌സ്ഇ 5.30 ലക്ഷം രൂപ
ആര്‍എക്‌സ്എല്‍ 5.99 ലക്ഷം രൂപ
ആര്‍എക്‌സ്എല്‍ എഎംടി 6.50 ലക്ഷം രൂപ
ആര്‍എക്‌സ്ടി 6.55 ലക്ഷം രൂപ
ആര്‍എക്‌സ്ടി എഎംടി 7.05 ലക്ഷം രൂപ
ആര്‍എക്‌സ്‌സെഡ് 7.15 ലക്ഷം രൂപ
ആര്‍എക്‌സ്‌സെഡ് ഡുവല്‍ ടോണ്‍ 7.32 ലക്ഷം രൂപ
ആര്‍എക്‌സ്‌സെഡ് എഎംടി 7.65 ലക്ഷം രൂപ
ആര്‍എക്‌സ്‌സെഡ് എഎംടി 7.82 ലക്ഷം രൂപ