ലംബോര്‍ഗിനി ഉറുസ് ‘പേള്‍ കാപ്‌സ്യൂള്‍ എഡിഷന്‍’ ഇന്ത്യയില്‍
1 min readകൂടുതല്‍ സ്‌പോര്‍ട്ടിയായ നിറങ്ങള്‍, കുറേക്കൂടി മികച്ച ഫിനിഷ്, മെച്ചപ്പെട്ട ഇന്റീരിയര്‍ എന്നിവ ലഭിച്ചതാണ് പ്രത്യേക പതിപ്പ്
ന്യൂഡെല്‍ഹി: ലംബോര്‍ഗിനി ഉറുസ് സൂപ്പര്‍ എസ്‌യുവിയുടെ പേള്‍ കാപ്‌സ്യൂള്‍ എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കൂടുതല്‍ സ്‌പോര്‍ട്ടിയായ നിറങ്ങള്‍, കുറേക്കൂടി മികച്ച ഫിനിഷ്, മെച്ചപ്പെട്ട ഇന്റീരിയര്‍ എന്നിവ ലഭിച്ചതാണ് പെര്‍ഫോമന്‍സ് എസ്‌യുവിയുടെ പ്രത്യേക പതിപ്പ്. ആദ്യ യൂണിറ്റ് ഇന്ത്യയില്‍ ഇതിനകം എത്തി. ദക്ഷിണേന്ത്യയിലാണ് പ്രത്യേക പതിപ്പിന്റെ ആദ്യ യൂണിറ്റ് ഡെലിവറി ചെയ്യുന്നത്. വില എത്രയെന്ന് ലംബോര്‍ഗിനി ഇന്ത്യ പ്രഖ്യാപിച്ചിട്ടില്ല. സ്റ്റാന്‍ഡേഡ് ഉറുസിന് 3.15 കോടി രൂപയിലാണ് ഇന്ത്യ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. ആകര്‍ഷകമായ നിറങ്ങള്‍, ഗ്ലോസ് ഫിനിഷിംഗ്, പുതിയ അലോയ് വീലുകള്‍, പുതിയ മെറ്റീരിയലുകള്‍, പുതിയ അപോള്‍സ്റ്ററി ഓപ്ഷനുകള്‍ എന്നിവ ഉള്‍പ്പെട്ട പൂര്‍ണമായും പുതിയ ലുക്ക് ലഭിക്കുന്ന പ്രത്യേക പാക്കേജാണ് പേള്‍ കാപ്‌സ്യൂള്‍ എഡിഷന്‍.
ജിയാല്ലോ ഇന്റി (മഞ്ഞ), വെര്‍ഡി മാന്റിസ് (ലൈം ഗ്രീന്‍), അറാന്‍സിയോ ബോറിയാലിസ് (ഓറഞ്ച്) എന്നീ മൂന്ന് കാന്‍ഡി കളര്‍ ഓപ്ഷനുകളില്‍ ലംബോര്‍ഗിനി ഉറുസ് പേള്‍ കാപ്‌സ്യൂള്‍ എഡിഷന്‍ ലഭിക്കും. ബംപറുകള്‍, ഒആര്‍വിഎമ്മുകള്‍, ബോഡി സ്‌കര്‍ട്ടുകള്‍, വീല്‍ ക്ലാഡിംഗ്, റൂഫ് എന്നിവിടങ്ങളില്‍ ഗ്ലോസ് ബ്ലാക്ക് ഫിനിഷ് നല്‍കിയതോടെ ഡുവല്‍ ടോണ്‍ പെയിന്റ് സ്‌കീം ലഭിച്ചു. സ്റ്റാന്‍ഡേഡ് ഉറുസ് എസ്‌യുവിയില്‍ മാറ്റ് ഫിനിഷാണ് നല്‍കിയിരുന്നത്. കൂടുതല്‍ ഡാര്‍ക്ക് മാറ്റ് ഫിനിഷ് ലഭിച്ചതാണ് ക്വാഡ് എക്‌സോസ്റ്റ് ടിപ്പുകള്‍. സ്റ്റാന്‍ഡേഡ് വേര്‍ഷനില്‍ ബ്രഷ്ഡ് സില്‍വറാണ് നല്‍കിയത്. 23 ഇഞ്ച് ഹൈ ഗ്ലോസ് അലോയ് വീലുകളാണ് മറ്റൊരു വലിയ പരിഷ്‌കാരം. സ്റ്റാന്‍ഡേഡ് ഉറുസിന് ലഭിച്ചത് 21 ഇഞ്ച് വ്യാസമുള്ള ചക്രങ്ങളായിരുന്നു.
പ്രത്യേക പതിപ്പിന്റെ അകത്തേക്ക് കടന്നാല്‍, ഡുവല്‍ ടോണ്‍ അല്‍കാന്ററ തുകല്‍ ഉപയോഗിച്ച് സീറ്റുകള്‍ പൊതിഞ്ഞു. കോണ്‍ട്രാസ്റ്റ് എന്ന നിലയില്‍ ബോഡിയുടെ അതേ നിറമുള്ള തുന്നല്‍ കാണാം. ബാക്ക്‌റെസ്റ്റില്‍ ഉറുസ് എന്ന പേര് എംബ്രോയ്ഡറി ചെയ്തിരിക്കുന്നു. ഹെഡ്‌റെസ്റ്റില്‍ ലംബോര്‍ഗിനി ലോഗോ കാണാം. ഡോര്‍ പാനലുകളില്‍ കാര്‍ബണ്‍ ഫൈബര്‍ ഇന്‍സര്‍ട്ടുകള്‍ നല്‍കി. കാബിനില്‍ കറുപ്പ് നിറ സാന്നിധ്യം കാണാം.
നിലവിലെ അതേ 4.4 ലിറ്റര്‍, ടര്‍ബോചാര്‍ജ്ഡ് വി8 എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 641 ബിഎച്ച്പി കരുത്തും 850 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ചേര്‍ത്തുവെച്ചു. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം, 4 വീല്‍ സ്റ്റിയറിംഗ് സിസ്റ്റം എന്നിവ ലഭിച്ചു. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിമീ വേഗമാര്‍ജിക്കാന്‍ 3.6 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 305 കിലോമീറ്ററാണ് ടോപ് സ്പീഡ്. പേള്‍ കാപ്‌സ്യൂള്‍ എഡിഷന്‍ കൂടാതെ കസ്റ്റമൈസ്, പേഴ്‌സണലൈസ് ചെയ്യുന്നതിന് നിരവധി ഓപ്ഷനുകള്‍ ലഭ്യമാണ്.