ടിവി വിലകള്‍ ഏപ്രില്‍ മുതല്‍ വീണ്ടും ഉയരും
1 min readവിപണിയില്‍ ഓപ്പണ്‍ സെല്ലിന്‍റെ ദൗര്‍ലഭ്യം, കഴിഞ്ഞ എട്ട് മാസത്തിനുള്ളില്‍ വില മൂന്നിരട്ടിയായി വര്‍ധിച്ചു
ന്യൂഡെല്‍ഹി: ആഗോള വിപണികളില്‍ ഓപ്പണ്‍ സെല്‍ പാനലുകളുടെ വില കഴിഞ്ഞ ഒരു മാസത്തിനിടെ 35 ശതമാനം വരെ ഉയര്‍ന്നതിനാല്‍ എല്‍ഇഡി ടിവികളുടെ വില ഏപ്രില്‍ മുതല്‍ ഇനിയും ഉയരുമെന്ന് വിലയിരുത്തല്‍. പാനസോണിക്, ഹെയര്‍, തോംസണ്‍ എന്നിവയുള്‍പ്പെടെയുള്ള ബ്രാന്‍ഡുകള്‍ ഈ വര്‍ഷം ഏപ്രില്‍ മുതല്‍ വില വര്‍ദ്ധിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്. എല്‍ജി പോലുള്ള ചിലര്‍ ഓപ്പണ്‍ സെല്ലിന്‍റെ വിലവര്‍ദ്ധനവ് കാരണം ഇതിനകം തന്നെ വില ഉയര്‍ത്തിയിട്ടുണ്ട്.
പാനല്‍ വില തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനൊത്ത് ടിവികളുടെ വിലയും കൂടുന്നുവെന്നും പാനസോണിക് ഇന്ത്യ-ദക്ഷിണേഷ്യ പ്രസിഡന്‍റും സിഇഒയുമായ മനീഷ് ശര്‍മ പറഞ്ഞു. ഏപ്രില്‍ മാസത്തോടെ ടിവി വില ഇനിയും കൂടാന്‍ സാധ്യതയുണ്ട്. നിലവിലെ ട്രെന്‍ഡുകള്‍ കണ്ടാല്‍, ഏപ്രിലില്‍ 5-7 ശതമാനം വില വര്‍ധനയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വില വര്‍ധിപ്പിക്കുകയല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് ഹെയര്‍ അപ്ലയന്‍സസ് ഇന്ത്യ പ്രസിഡന്‍റ് എറിക് ബ്രഗാന്‍സയും പറഞ്ഞു. ഇന്ത്യയില്‍ കമ്പനികള്‍ ടെലിവിഷന്‍ പാനലുകള്‍ ഓപ്പണ്‍ സെല്ലുകളായാണ് ഇറക്കുമതി ചെയ്യുന്നത്. അവ വില്‍പ്പനയ്ക്കായി വിപണിയിലേക്ക് അയയ്ക്കുന്നതിന് മുമ്പ് മൂല്യവര്‍ദ്ധനയ്ക്കൊപ്പം അസംബിള്‍ ചെയ്യേണ്ടതുണ്ട്.
വിപണിയില്‍ ഓപ്പണ്‍ സെല്ലിന്‍റെ ദൗര്‍ലഭ്യം ഉണ്ടെന്നും കഴിഞ്ഞ എട്ട് മാസത്തിനുള്ളില്‍ വില മൂന്നിരട്ടിയായി വര്‍ധിച്ചുവെന്നും ഫ്രഞ്ച് ഇലക്ട്രോണിക്സ് ബ്രാന്‍ഡായ തോംസണിന്‍റെയും യുഎസ് ആസ്ഥാനമായുള്ള കൊഡാക്കിന്‍റെയും ബ്രാന്‍ഡ് ലൈസന്‍സിയായ സൂപ്പര്‍ പ്ലാസ്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡ് (എസ്പിപിഎല്‍) പറയുന്നു. കഴിഞ്ഞ 8 മാസങ്ങള്‍ക്കിടെ 350 ശതമാനത്തിലേറേ വര്‍ധന എല്‍ഇഡി പാനലുകളുടെ വിലയില്‍ ഉണ്ടായി. ടിവി യൂണിറ്റുകള്‍ക്ക് 2000-3000 രൂപ വരെയുള്ള വര്‍ധനയാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്
ഓപ്പണ്‍ സെല്ലിന്‍റെ കാര്യത്തില്‍ ഇത്രയും വലിയ വിലവര്‍ധന കണ്ടിട്ടില്ലെന്ന് ഡൈവ, ഷിന്‍കോ ബ്രാന്‍ഡുകളുടെ ഉടമസ്ഥരായ വീഡിയോടെക്സ് ഇന്‍റര്‍നാഷണല്‍ പറഞ്ഞു. ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന 32 ഇഞ്ച് സ്ക്രീന്‍ വലുപ്പമുള്ള ടിവികളുടെ വില 5,000-6,000 രൂപ ഉയരുമെന്ന് വിഡിയോടെക്സ് ഇന്‍റര്‍നാഷണല്‍ ഗ്രൂപ്പ് ഡയറക്റ്റര്‍ അര്‍ജുന്‍ ബജാജ് പറഞ്ഞു.
ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡായ എല്‍ജി തങ്ങളുടെ ടിവി പാനലുകളുടെ വില ഉടന്‍ വര്‍ദ്ധിപ്പിക്കില്ലെന്ന് അറിയിച്ചു. ജനുവരിയിലും ഫെബ്രുവരിയിലുമായി ഏതാണ് 7 ശതമാനം വര്‍ധന കമ്പനി നടപ്പാക്കിയിരുന്നു.
ഉല്‍പ്പാദനം അടിസ്ഥാനപ്പെടുത്തിയുള്ള ഇന്‍സെന്‍റിവ് (പിഎല്‍ഐ) ടിവി മാനുഫാക്ചറിംഗിനും നടപ്പാക്കണമെന്നാണ് കമ്പനികള്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ഓപ്പണ്‍ സെല്ലിന്‍റെ ഇറക്കുമതി തീരുവ പുനഃസ്ഥാപിച്ചിരുന്നു. ഒരു വര്‍ഷത്തോളം തീരുവ ഇല്ലാതെ തുടര്‍ന്ന ശേഷമാണ്, 2020 ഒക്റ്റോബര്‍ 1 മുതല്‍ ടിവികള്‍ക്കായി ഓപ്പണ്‍ സെല്‍ ഇറക്കുമതി ചെയ്യുന്നതിന് അഞ്ച് ശതമാനം കസ്റ്റംസ് തീരുവ പുനഃസ്ഥാപിച്ചത്.
ആഭ്യന്തര ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ടിവി ഇറക്കുമതിയെ നിയന്ത്രിത വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. ഇപ്പോള്‍, ടിവി ഇറക്കുമതി ചെയ്യുന്നയാള്‍ ഇറക്കുമതിക്കായി വാണിജ്യ മന്ത്രാലയത്തിന്‍റെ ഡിജിഎഫ്ടിയില്‍ നിന്ന് ലൈസന്‍സ് തേടേണ്ടതുണ്ട്.അപ്ലയന്‍സ്, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് വിപണിയിലെ ഏറ്റവും വലിയ വിഭാഗങ്ങളിലൊന്നാണ് ടിവി, പ്രതിവര്‍ഷം ഏകദേശം 17 ദശലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയും ഏകദേശം 25,000 കോടി രൂപയുടെ വില്‍പ്പന മൂല്യവും ടിവി വിഭാഗത്തിനുണ്ട്.