ഇന്ത്യയില്‍ ലംബോര്‍ഗിനി ഉറുസ് സെഞ്ച്വറി തികച്ചു
2018 ജനുവരിയിലാണ് ഇന്ത്യയില്‍ ഹൈ പെര്‍ഫോമന്‍സ് എസ്‌യുവി അവതരിപ്പിച്ചത്. ഇതുവരെയായി നൂറ് യൂണിറ്റ് ഡെലിവറി ചെയ്തു
ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നൂറ് യൂണിറ്റ് ഉറുസ് എസ്‌യുവി ഡെലിവറി ചെയ്തതായി ലംബോര്‍ഗിനി പ്രഖ്യാപിച്ചു. 2018 ജനുവരിയിലാണ് ഇന്ത്യന്‍ വിപണിയില്‍ ഹൈ പെര്‍ഫോമന്‍സ് എസ്‌യുവി അവതരിപ്പിച്ചത്. മൂന്ന് കോടി രൂപയാണ് എക്‌സ് ഷോറൂം വില. പൂര്‍ണമായി നിര്‍മിച്ചശേഷം (സിബിയു രീതി) ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ് ലംബോര്‍ഗിനി ഉറുസ്. ഇറ്റാലിയന്‍ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളുടെ ആദ്യ എസ്‌യുവിയാണ് ഉറുസ്. നിരവധി കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും.
2018 സെപ്റ്റംബറിലാണ് ഇന്ത്യയില്‍ ആദ്യ ബാച്ച് ലംബോര്‍ഗിനി ഉറുസ് ഡെലിവറി ചെയ്യാന്‍ ആരംഭിച്ചത്. സൂപ്പര്‍ ലക്ഷ്വറി കാര്‍ നിര്‍മാതാക്കളുടെ സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനത്തിന് ഇന്ത്യയില്‍ ലഭിച്ച പ്രതികരണം അല്‍ഭുതപ്പെടുത്തുന്നതായിരുന്നു
4.0 ലിറ്റര്‍, വി8, ഇരട്ട ടര്‍ബോ എന്‍ജിനാണ് ലംബോര്‍ഗിനി ഉറുസിന്റെ ഹൃദയം. ഈ മോട്ടോര്‍ 650 എച്ച്പി കരുത്തും 850 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ 3.6 സെക്കന്‍ഡ് മതി. ഫ്രണ്ട് എന്‍ജിന്‍, 4 വീല്‍ ഡ്രൈവ് എസ്‌യുവിയാണ് ലംബോര്‍ഗിനി ഉറുസ്. എസ്‌യുവി ആകാരത്തോടെ വരുന്ന സൂപ്പര്‍ സ്‌പോര്‍ട്‌സ് കാറിന് ആറ് ഡ്രൈവിംഗ് മോഡുകളാണ് നല്‍കിയത്.
ഇന്ത്യയിലെ സൂപ്പര്‍ ലക്ഷ്വറി കാര്‍ സെഗ്‌മെന്റില്‍ സവിശേഷ സ്ഥാനം നേടാന്‍ ഉറുസിന് കഴിഞ്ഞതായി ലംബോര്‍ഗിനി ഇന്ത്യ മേധാവി ശരദ് അഗര്‍വാള്‍ പറഞ്ഞു. ഇന്ത്യയില്‍ ലംബോര്‍ഗിനിയെ സംബന്ധിച്ചിടത്തോളം ഗെയിം ചേഞ്ചറാണ് ഉറുസ്. ഇന്ത്യയിലെ ആകെ വില്‍പ്പനയില്‍ അമ്പത് ശതമാനത്തിലധികം സംഭാവന ചെയ്യുന്നത് ഉറുസ് ആണെന്ന് ശരദ് അഗര്‍വാള്‍ വ്യക്തമാക്കി. രാജ്യത്തെ രണ്ടാം നിര നഗരങ്ങളിലെ ഉപയോക്താക്കളെയും തന്നിലേക്ക് അടുപ്പിക്കാന്‍ ഉറുസിന് കഴിഞ്ഞതായി ഇന്ത്യാ മേധാവി പറഞ്ഞു.
2017 ഡിസംബറിലാണ് ലംബോര്‍ഗിനി ഉറുസ് ആഗോളതലത്തില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. 2019 ല്‍ 4,962 യൂണിറ്റ് ഉറുസാണ് ലോകമാകെ വിറ്റത്. ലംബോര്‍ഗിനിയുടെ ആഗോള ഉല്‍പ്പന്ന നിരയിലെ പ്രധാനിയാണ് ഇപ്പോള്‍ ഉറുസ്. 2,139 യൂണിറ്റ് വിറ്റുപോയ ഉറാകാനാണ് ലംബോര്‍ഗിനി നിരയിലെ രണ്ടാമന്‍. 1,104 യൂണിറ്റുമായി അവെന്റഡോറാണ് ലംബോര്‍ഗിനി കാറുകളില്‍ ഏറ്റവുമധികം വിറ്റുപോയ മൂന്നാമത്തെ മോഡല്‍.