ഷെയര്‍ചാറ്റ് ഏറ്റെടുക്കാന്‍ ട്വിറ്റര്‍ ആലോചിച്ചിരുന്നു
ട്വിറ്റര്‍ 1.1 ബില്യണ്‍ യുഎസ് ഡോളര്‍ വാഗ്ദാനം ചെയ്തിരുന്നതായി ടെക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു
ന്യൂഡെല്‍ഹി: ഇന്ത്യയിലെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമായ ഷെയര്‍ചാറ്റ് ഏറ്റെടുക്കാന്‍ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ ആലോചിച്ചിരുന്നതായി റിപ്പോര്‍ട്ട്. മോജ് ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോം വഴി ആഗോളതലത്തില്‍ ടിക്‌ടോക്കിനെ വെല്ലുവിളിക്കുകയായിരുന്നു ട്വിറ്ററിന്റെ ലക്ഷ്യം.
ട്വിറ്റര്‍ 1.1 ബില്യണ്‍ യുഎസ് ഡോളര്‍ വാഗ്ദാനം ചെയ്തിരുന്നതായി ടെക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ 900 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുമെന്നും ഓഫര്‍ നല്‍കി. പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ട്വിറ്ററോ ഷെയര്‍ചാറ്റോ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവിട്ടില്ല. ട്വിറ്ററിന്റെ നീക്കം യാഥാര്‍ത്ഥ്യമായതുമില്ല.
ഷെയര്‍ചാറ്റ് ഉടമസ്ഥതയിലുള്ള മോജിന് പ്രതിമാസം 80 മില്യണ്‍ സജീവ യൂസര്‍മാരാണ് ഉള്ളത്. 2020 ജൂണില്‍ ടിക്‌ടോക്ക് നിരോധിച്ചതോടെയാണ് തദ്ദേശീയ ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോമിന് ജനപ്രീതി വര്‍ധിച്ചത്.