മ്യാന്‍മാര്‍: അട്ടിമറിക്കെതിരെ പ്രതിഷധം വര്‍ധിക്കുന്നു
ന്യൂഡെല്‍ഹി: മ്യാന്‍മാറിലെ സൈനിക അട്ടിമറിക്ക് എതിരെ പ്രതിഷേധം വര്‍ധിക്കുന്നു. ഇതിനുപിന്നില്‍ ചൈനയാണെന്ന തോന്നല്‍ ജനങ്ങളില്‍ വ്യാപകമായിട്ടുണ്ട്. യാംഗോണിലെ ചൈനീസ് എംബസിക്ക് പുറത്ത് റാലികള്‍ സംഘടിപ്പിക്കപ്പെടുന്നു. ചൈനീസ് ചരക്കുകളും സേവനങ്ങളും ബഹിഷ്കരിക്കാനുള്ള ആഹ്വാനങ്ങളും വര്‍ദ്ധിച്ചുവരികയാണ്. ചൈനീസ് സൈനികര്‍ മ്യാന്‍മാറില്‍ നുഴഞ്ഞുകയറിയതായും പുറം ലോകവുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിന് ചൈനീസ് സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കുമെന്നുമുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നുമുണ്ട്. ഇവ തെറ്റായ വിവരങ്ങളാണെന്ന് ബോധ്യപ്പെടുത്താന്‍ യാംഗോണിലെ ചൈനീസ് നയതതന്ത്ര പ്രതിനിധി ശ്രമിച്ചിരുന്നു.
അതേസമയം സൈനിക അട്ടിമറിക്കുശേഷമുള്ള ബെയ്ജിംഗിന്‍റെ പരസ്യ പ്രസ്താവനകള്‍ നിഷ്പക്ഷവും അല്‍പ്പം വിമര്‍ശനം കലര്‍ന്നതുമാണ്. എന്നാല്‍ ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് അട്ടിമറിയെ ‘പ്രധാന കാബിനറ്റ് പുന:സംഘടന’ എന്നാണ് വിശേഷിപ്പിച്ചത്. മ്യാന്‍മാറിലെ ഈ അവസ്ഥയില്‍ അതൃപ്തിയുണ്ടെന്ന് രാജ്യത്തെ ചൈനീസ് അംബാസഡറും വ്യക്തമാക്കി. പരസ്പര ബന്ധമില്ലാത്ത പ്രതികരണങ്ങളാണ് ബെയ്ജിംഗില്‍ നിന്നും ഉണ്ടാകുന്നത്. എന്നാല്‍ ചൈന അട്ടിമറിയെ പിന്തുണച്ചതായി തോന്നുന്നില്ല എന്ന് ചില വിദഗ്ധരും അഭിപ്രായപ്പെട്ടിട്ടുണ്ട്. അവര്‍ക്ക് ആംഗ് സാന്‍ സൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയുമായി താരതമ്യേന നല്ല ബന്ധമാണുള്ളത് എന്നതാണ് കാരണം.
കഴിഞ്ഞ ദശകത്തില്‍ മ്യാന്‍മാറിന്‍റെ സൈന്യം രാജ്യത്ത് പരിമിതമായ ജനാധിപത്യത്തെ അനുവദിച്ചതിന്‍റെ ഒരു കാരണം ചൈനയെ വളരെയധികം ആശ്രയിക്കുന്നത് ഒഴിവാക്കണം എന്ന ചിന്തമൂലമാണ്. അതിനുമുമ്പ് ഉപരോധങ്ങളിലൂടെ ലോകത്തിന്‍റെ മറ്റു ഭാഗങ്ങളില്‍ നിന്ന് മ്യാന്‍മാര്‍ ഛേദിക്കപ്പെട്ടിരുന്നു. ഭീമാകാരനായ ഒരു അയല്‍ക്കാരനെ ആശ്രയിക്കുന്നതിലെ അപകടസാധ്യത സൈന്യം തിരിച്ചറിഞ്ഞതായി തോന്നുന്നു. ഇപ്പോള്‍ അവര്‍ സ്വന്തം ശക്തിയെ വിലമതിക്കുന്നുണ്ടാകണം.
ചൈനീസ് വിരുദ്ധ വികാരങ്ങള്‍ക്ക് മ്യാന്‍മാറില്‍ ഒരു നീണ്ട ചരിത്രമുണ്ട്. അത് ദേശീയ തലത്തിലായാലും പ്രാദേശിക തലത്തിലായാലും നിലനില്‍ക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. ചൈനീസ് വംശജരും മറ്റുള്ളവരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഇതിനുദാഹരണങ്ങളാണ്. രാജ്യത്തെ ചൈനീസ് നിക്ഷേപ പദ്ധതികള്‍ അക്രമമോ ശത്രുതയോ ജ്വലിക്കുന്ന സ്ഥലങ്ങളായി. ഇതിന് ഏറ്റവും മികച്ച ഉദാഹരണം മൈറ്റ്സോണ്‍ ഡാം നിര്‍മാണമാണ്. വന്‍പിച്ച പ്രതിഷേധത്തെത്തുടര്‍ന്ന് നിര്‍മാണം 2011ല്‍ നിര്‍ത്തിവെച്ചു. അത്തരം പദ്ധതികളുമായി ബന്ധപ്പെട്ട പാരിസ്ഥിതിക ആഘാതങ്ങളും നിര്‍ബന്ധിത പുനരധിവാസ നടപടികളും പ്രദേശവാസികള്‍ വിശദീകരിക്കുന്നു. അതേസമയം പദ്ധതി പുനരാരംഭിക്കാന്‍ ബെയ്ജിംഗ് തയ്യാറെടുക്കുന്നു.
തെക്കുകിഴക്കന്‍ ഏഷ്യയിലുടനീളം ചൈനീസ് വിരുദ്ധ വികാരം വളരുന്നുണ്ട്. 2019ലെ ഹോങ്കോംഗ് പ്രതിഷേധവും പ്രാദേശിക സ്വേച്ഛാധിപത്യത്തിനെതിരായ അവരുടെ ചെറുത്തുനില്‍പ്പും ലോകം കണ്ടതാണ്. മേഖലയിലെ മറ്റു രാജ്യങ്ങള്‍ക്ക് ഇത് ആവേശമാണ്. ഹോങ്കോംഗിലെ ചെറുത്തുനില്‍പ്പിന്‍റെ സമാനത മ്യാന്‍മാറിലും ഇപ്പോള്‍ ദൃശ്യമാണ്.