കാര്‍ബണ്‍ എമിഷനെ നേരിടുന്നതില്‍ നൂതനാശയങ്ങള്‍ നിര്‍ണായകമാകും: ബില്‍ ഗേറ്റ്‌സ്
‘ഇന്നവേഷന്‍ ഇല്ലാതെ സമ്പന്ന രാഷ്ട്രങ്ങള്‍ക്ക് പോലും ഈ പ്രശ്‌നത്തെ നേരിടാനാകില്ല’
കാര്‍ബണ്‍ ഡൈ ഓക്‌സെഡ് പുറന്തള്ളല്‍ അഥവാ കാര്‍ബണ്‍ എമിഷന്‍ എന്ന ആഗോള പ്രതിസന്ധിയെ നേരിടുന്നതില്‍ നൂതനാശയങ്ങള്‍ (ഇന്നവേഷന്‍) നിര്‍ണായകമാകുമെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. ഇന്നവേഷന്‍ രംഗത്ത് സര്‍ക്കാരുകള്‍ ഇതുവരെ നടത്തിയതിനേക്കാള്‍ കൂടുതല്‍ നിക്ഷേപം നടത്തണമെന്നും ബില്‍ ഗേറ്റ്‌സ് അഭിപ്രായപ്പെട്ടു.
‘കാര്‍ബണ്‍ എമിഷന്‍ ഇല്ലാതാക്കുന്നതിന് അവയുടെ സ്രോതസുകളായി വര്‍ത്തിക്കുന്ന സ്റ്റീല്‍, സിമന്റ് ഫാക്ടറികളോ, കാര്‍ഷിക മേഖലയെയോ നിര്‍മാണ മേഖലയെയോ കന്നുകാലി വളര്‍ത്തല്‍ മേഖലയെയോ ഇല്ലാതാക്കാന്‍ കഴിയില്ല. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇന്നവേഷന്‍ ആണ് പരിഹാരം. ഇതിന് ഗവേഷണ വികസന മേഖലയില്‍ വലിയ തോതിലുള്ള സഹകരണം ആവശ്യമാണ്. പ്രത്യേകിച്ച് വളരെ കുറഞ്ഞ ചിലവില്‍ ഹരിത ഹൈഡ്രജന്‍ നിര്‍മിച്ച് സ്റ്റീല്‍, വള നിര്‍മാണ മേഖലയില്‍ അത് ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ചുള്ള ബുദ്ധിമുട്ടേറിയ മേഖലകളില്‍,’ സിന്‍ഹുവ വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ഗേറ്റ്‌സ് പറഞ്ഞു.
നവംബറില്‍ ഗ്ലാസ്‌ഗോയില്‍ വച്ച് നടക്കുന്ന കാലാവസ്ഥ ഉച്ചകോടിക്കായി കാത്തിരിക്കുകയാണെന്നും നൂതനമായ പല സംവിധാനങ്ങളെ കുറിച്ചും ഉച്ചകോടിയില്‍ ആഴത്തിലുള്ള ചര്‍ച്ചയുണ്ടാകുമെന്നാണ് കരുതുന്നതെന്നും ബില്‍ ഗേറ്റ്‌സ് പറഞ്ഞു. ഇന്നവേഷന്‍ ഇല്ലാതെ സമ്പന്ന രാഷ്ട്രങ്ങള്‍ക്ക് പോലും ഈ പ്രശ്‌നത്തെ നേരിടാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാലാവസ്ഥ ദുരന്തങ്ങളെ കുറിച്ചുള്ള തന്റെ പുതിയ പുസ്തകമായ ‘ഹൗ ടു അവോയിഡ് എ ക്ലൈമറ്റ് ഡിസാസ്റ്റര്‍’ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ ഇല്ലാതാക്കാന്‍ വ്യക്തികള്‍ക്കും സര്‍ക്കാരുകള്‍ക്കും കമ്പനികള്‍ക്കും സ്വീകരിക്കാവുന്ന കാര്യക്ഷമമായ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതായി ബില്‍ ഗേറ്റ്‌സ് പറഞ്ഞു, ഒരു ദശാബ്ദത്തിലേറെയായി പ്രഗത്ഭര്‍ക്കൊപ്പം കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് താന്‍ മനസിലാക്കിയ കാര്യങ്ങളും അവയെ നേരിടുന്നതിനുള്ള നൂതനാശയങ്ങളുമാണ് പുസ്തകത്തില്‍ ഉള്ളതെന്നും ഗേറ്റ്‌സ് കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ കാര്യമായ വില്‍പ്പന നടക്കുന്നില്ലെങ്കിലും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തീര്‍ച്ചയായും മികച്ച ഭാവിയുണ്ടാകുമെന്ന് ഗേറ്റ്‌സ് പറഞ്ഞു. 2035ഓടെ പെട്രോളിയത്തില്‍ ഓടുന്ന യാത്രാ വാഹനങ്ങളുടെ നിര്‍മാണം അവസാനിപ്പിക്കാനുള്ള ജനറല്‍ മോട്ടോഴ്‌സ് തീരുമാനത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം മേഖലകളില്‍ കൂടുതല്‍ സബ്‌സിഡികള്‍ അനുവദിച്ചാല്‍ മികച്ച ഫലമുണ്ടാകും. പുതിയ ഊര്‍ജ മേഖലകളില്‍ ആണവോര്‍ജത്തെയാണ് താന്‍ അനുകൂലിക്കുന്നതെന്നും ഗേറ്റ്‌സ് പറഞ്ഞു. ട്രാന്‍സ്മിഷനിലും റിലയബിലിറ്റിയിലും ഇവയാണ് മെച്ചം. ആണവ നിലയങ്ങള്‍ സുരക്ഷിതവും ചിലവ് കുറഞ്ഞവയുമാണ്. ഏത് കാലാവസ്ഥയിലും ആശ്രയിക്കാവുന്ന ഒന്നായത് കൊണ്ട് തന്നെ പുതിയ ഊര്‍ജ സ്രോതസ്സുകളില്‍ ആണവോര്‍ജ നിലയങ്ങള്‍ പ്രസക്തമാണ്. ഗതിക, സൗരോര്‍ജ മേഖലകള്‍ ഭാവി വൈദ്യുതോല്‍പ്പാദനത്തില്‍ പ്രധാന പങ്ക് വഹിക്കുമെന്നതില്‍ ഒരു സംശയവും ഇല്ലെന്നും എന്നാല്‍ ഇവയുടെ സംഭരണമാണ് പ്രശ്‌നമെന്നും ഗേറ്റസ് കൂട്ടിച്ചേര്‍ത്തു.