November 28, 2023

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കാന്‍സര്‍ വളര്‍ച്ച തടയാനും ഗ്രീന്‍ ടീ

1 min read

ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ഇജിസിജി എന്ന സംയുക്തം കാന്‍സര്‍ പ്രതിരോധ ശേഷിയുള്ള p53 എന്ന പ്രോട്ടീനിന്റെ അളവ് വര്‍ധിപ്പിക്കുന്നു

ആരോഗ്യ സംരക്ഷണത്തിന് ദിവസവും ഗ്രീന്‍ ടീ കുടിക്കുന്നവര്‍ക്ക് മറ്റൊരു സന്തോഷ വാര്‍ത്ത കൂടി. ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ഒരു സംയുക്തം കാന്‍സര്‍ പ്രതിരോധ ശേഷിയുള്ള ശരീരത്തിലെ ഒരു സ്വാഭാവിക പ്രോട്ടീനിന്റെ അളവ് വര്‍ധിപ്പിക്കുമെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍. ഡിഎന്‍എയുടെ തകരാറുകള്‍ പരിഹരിക്കുകയും കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്ന p53 എന്ന പ്രോട്ടീനിന്റെ അളവാണ് ഗ്രീന്‍ ടീ കുടിക്കുന്നതിലൂടെ വര്‍ധിക്കുന്നത്.

p53യും ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ഇജിസിജി(എപ്പിഗല്ലോകാറ്റെച്ചിന്‍ ഗല്ലേറ്റ്) എന്ന സംയുക്തവും തമ്മിലുള്ള ബന്ധമാണ് പഠനത്തിലൂടെ വെളിവായിരിക്കുന്നത്. കാന്‍സര്‍ മരുന്നുകളുടെ കണ്ടുപിടിത്തത്തിന് പുതിയ കണ്ടെത്തല്‍ സഹായകമാകുമെന്ന് നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. അമ്പത് ശതമാനം കാന്‍സര്‍ കേസുകളിലും p53ക്ക് വ്യതിയാനങ്ങള്‍ സംഭവിക്കുന്നതിനായി കണ്ടെത്തിയിട്ടുണ്ടെന്നും ഇജിസിജിയും p53 യും തമ്മില്‍ മുമ്പ് കണ്ടെത്തിയിട്ടില്ലാത്ത ഒരു ബന്ധമാണ് തങ്ങളുടെ പഠനം മുന്നോട്ട് വെക്കുന്നതെന്നും ന്യൂയോര്‍ക്കിലെ ട്രോയിലുള്ള റെന്‍സെലിയര്‍ പോളിടെക്‌നിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രഫസറും പഠനം നടത്തിയ ഗവേഷകരില്‍ ഒരാളുമായ ചുനുയു വാംഗ് പറഞ്ഞു.

  ഇന്ത്യൻ ഹോട്ടൽസ് കമ്പനി ബേക്കലിൽ പുതിയ ജിഞ്ചർ ഹോട്ടൽ തുറക്കുന്നു

കോശ വളര്‍ച്ച തടഞ്ഞുകൊണ്ട് ഡിഎന്‍എ റിപ്പയറിംഗ് അനുവദിക്കുക, ഡിഎന്‍എ റിപ്പയറിംഗിന് തുടക്കമിടുക, ഡിഎന്‍എയുടെ തകരാറ് പരിഹരിക്കാന്‍ സാധിക്കാത്ത ഘട്ടങ്ങളില്‍  അപോപ്‌റ്റോസിസ് എന്നറിയപ്പെടുന്ന കോശ നാശ പ്രക്രിയയ്ക്ക് തുടക്കമിടുക എന്നിങ്ങനെ നിരവധി കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവയാണ് p53 പ്രോട്ടീനുകള്‍. ഇവയുടെ അളവ് മെച്ചപ്പെടുത്താന്‍ ഇജിസിജിക്ക് സാധിക്കുമെന്നാല്‍ സമാനമായ സംയുക്തങ്ങള്‍ അടങ്ങിയ മരുന്നുകള്‍ കാന്‍സറിനെതിരെ ഫലവത്താകുമെന്ന് കൂടിയാണ് അര്‍ത്ഥമാക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു.

p53യുടെ കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനത്തെ ഇജിസിജി എങ്ങനെ ഉത്തേജിപ്പിക്കുന്നുവെന്നാണ് പഠനം വിശദീകരിക്കുന്നത്. p53യുടെ എന്‍-ടെര്‍മിനല്‍ ഡൊമെയ്ന്‍ എന്നറിയപ്പെടുന്ന ഒരറ്റത്തിന് വളരെ അയവുള്ള രൂപമാണ് ഉള്ളത്. അതിനാല്‍ ഇടപെടുന്ന വിവിധ സംയുക്തങ്ങളുടെ സ്വഭാവമനുസരിച്ച് പല പ്രവര്‍ത്തനങ്ങളും നടത്താന്‍ ഇവയ്ക്ക് സാധിക്കും. സ്വാഭാവിക ആന്റിഓക്‌സിഡന്റായ ഇജിസിജി ഗ്രീന്‍ ടീയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഹെര്‍ബല്‍ സപ്ലിമെന്റ് എന്ന രീതിയിലും ഇജിസിജി ഉപയോഗിക്കാറുണ്ട്.

  വിവാഹങ്ങൾക്കായി ഷോപ്പിംഗ് നടത്തുമ്പോൾ ഭാരതത്തിൽ നിർമ്മിച്ച ഉൽപന്നങ്ങൾക്ക് പ്രാധാന്യം നൽകണം: പ്രധാനമന്ത്രി

green teaഇജിസിജിയും p53 യും തമ്മിലുള്ള ഇടപെടല്‍ നശീകരണത്തില്‍ നിന്നും ഈ പ്രാട്ടീനെ സംരക്ഷിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. സാധാരണയായി ശരീരത്തിനുള്ളില്‍ നിര്‍മിക്കപ്പെടുന്ന p53യുടെ എന്‍-ടെര്‍മിനല്‍ ഡൊമെയ്ന്‍ എംഡിഎം2 എന്നറിയപ്പെടുന്ന മറ്റൊരു പ്രോട്ടീനുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ വളരെ എളുപ്പത്തില്‍ നശിക്കപ്പെടുന്നു. ഈ പ്രക്രിയ മൂലം ശരീരത്തില്‍ എപ്പോഴും p53യുടെ അളവ് കുറഞ്ഞാണ് കാണപ്പെടുന്നത്. എന്നാല്‍ ഇജിസിജി p53യുമായി കൂടിച്ചേരുമ്പോള്‍ എംഡിഎം2 മൂലം പ്രോട്ടീന്‍ നാശം സംഭവിക്കുന്നില്ല. അതിനാല്‍ തന്നെ ഇജിസിജിയുമായുള്ള സമ്പര്‍ക്കം മൂലം ശരീരത്തില്‍ p53യുടെ അളവ് വര്‍ധിക്കുകയും ചെയ്യും. ഇതുമൂലം ശരീരത്തിനുള്ളിലെ കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും മെച്ചപ്പെടും.

  ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റ് ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും
Maintained By : Studio3