2021-22 13.5 % വളര്‍ച്ച പ്രതീക്ഷിക്കുന്നുവെന്ന് നോമുറ
1 min read
ന്യൂഡെല്‍ഹി: കൊറോണ വൈറസ് മഹാമാരി വലിയ പ്രത്യാഘാതം ഏല്‍പ്പിച്ച ഇന്ത്യയിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലേക്ക് എത്തുകയാണെന്ന് ജാപ്പനീസ് ബ്രോക്കറേജ് സ്ഥാപനമായ നോമുറ പറഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 13.5 ശതമാനം ജിഡിപി വളര്‍ച്ച സ്വന്തമാക്കുമെന്നാണ് നോമുറയുടെ നിരീക്ഷണം.
ഫെബ്രുവരി 14ന് അവസാനിച്ച ആഴ്ചയില്‍ നോമുറ ഇന്ത്യ ബിസിനസ് റിസംപ്ഷന്‍ ഇന്‍ഡക്സ് (എന്‍ഐബിആര്‍ഐ) 98.1 ആയി ഉയര്‍ന്നുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തൊട്ടു മുന്‍പുള്ള ആഴ്ച ഇത്. 95.9 ആയിരുന്നു.
റിസര്‍വ് ബാങ്ക് പുറത്തുവിട്ടിട്ടുള്ള വളര്‍ച്ചാ നിഗമനത്തിനേക്കാള്‍ കൂടുതലാണ് നോമുറയുടെ കണക്കുകള്‍.
2021-22 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി 10.5 ശതമാനം ഉയരുമെന്നാണ് കേന്ദ്രബാങ്ക് കണക്കാക്കുന്നത്. 7.7 ശതമാനം ഇടിവാണ് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്നത്. അതേസമയം നടപ്പു സാമ്പത്തിക വര്‍ഷത്തെ യഥാര്‍ത്ഥ ജിഡിപി 6.7 ശതമാനം ചുരുങ്ങുമെന്നും 2021-22ല്‍ 13.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും നോമുറ വിലയിരുത്തുന്നു.
ഫെബ്രുവരി 14 വരെയുള്ള ഒരാഴ്ചയില്‍ വൈദ്യുതി ആവശ്യകത ആഴ്ചയില്‍ 0.1 ശതമാനം കുറഞ്ഞു. എന്നാല്‍ കഴിഞ്ഞ ആഴ്ചയില്‍ പ്രകടമായ 9.6 ശതമാനം വര്‍ധനവാണ് ഇതിന് കാരണമായതെന്ന് ബ്രോക്കറേജ് വിലയിരുത്തുന്നു. തൊഴില്‍ പങ്കാളിത്ത നിരക്ക് കഴിഞ്ഞ ആഴ്ചയിലെ 40.9 ശതമാനത്തില്‍ നിന്ന് 40.5 ശതമാനമായി കുറഞ്ഞു.
മൂന്നാം പാദത്തില്‍ 1.5 ശതമാനവും നാലാം പാദത്തില്‍ 2.1 ശതമാനവും വളര്‍ച്ച ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാകുമെന്നാണ് നോമുറ കണക്കാക്കുന്നത്. പ്രൊപ്പ്രേറ്ററി ഇന്‍ഡക്സും പോസിറ്റിവ് ട്രെന്‍ഡ് പ്രകടമാക്കുകയാണെന്ന് ബ്രോക്കറേജ് ചൂണ്ടിക്കാണിക്കുന്നു.