നിയമസഭാ തെരഞ്ഞെടുപ്പിലെ ഊരാക്കുടുക്കുകള്‍
1 min readഭരണകക്ഷിക്കും പ്രതിപക്ഷത്തിനും ബിജെപിക്കും തെരഞ്ഞെടുപ്പ് വെല്ലുവിളിയാകും ♦ അഴിമതി നിറഞ്ഞ തൃണമൂല്‍ നേതാക്കള്‍ മറ്റുപാര്‍ട്ടികളിലേക്ക് ചേക്കേറുന്നത് പുതു പ്രവണത ♦ അടിയൊഴുക്കുകള്‍ നിര്‍ണായകമാകുന്ന രാഷ്ട്രീയ പോരാട്ടം ♦ ദീദിക്കും അനന്തരവന്‍ അഭിഷേക് ബാനര്‍ജിക്കും ജനവിധി ഒരുപോലെ പ്രധാനം
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ആഴ്ചകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇക്കാരണത്താല്‍ വംഗനാട്ടിലെ രാഷ്ട്രീയ ചൂട് ആഭൂതപൂര്‍വമായി ഉയര്‍ന്നിരിക്കുന്നു. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന തെരഞ്ഞെടുപ്പ് കൂടിയാണിത്. മൂന്നാമതായി കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് സിപിഎമ്മും തങ്ങളുടെ സ്വാധീനം പരിശോധിക്കുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ഇടതു സഖ്യത്തിന് മികച്ച നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നു. ഇക്കുറി അവരുടെനില കൂടുതല്‍ മെച്ചപ്പെടുത്താനാകുമോ എന്നാണ് ഈ സഖ്യം ഉറ്റുനോക്കുന്നത്. ബംഗാളില്‍ മൂന്നു പതിറ്റാണ്ടായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ വെല്ലുവിളിയായി മമതാ ബാനര്‍ജി ഉയര്‍ന്നുവന്നതുപോലെയുള്ള സാഹചര്യമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ഇന്ന് മമതയെ ബിജെപി വെല്ലുവിളിക്കുന്നു എന്നതാണ് വ്യത്യാസം. ഈ നീക്കം എത്രത്തോളം വിജയകരമാകുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസിനോ ബിജെപിക്കോ ഇപ്പോഴും ഉറപ്പില്ല.
എന്നാല്‍ ഒരു കാര്യം വ്യക്തമാണ്. ദീദിയുടെ തട്ടകത്തില്‍നിന്നും ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുകയാണ്. ഇവരില്‍ പലരും മമതയുടെ സര്‍ക്കാരിലും പാര്‍ട്ടി പദവികളിലും ഉന്നത സ്ഥാനത്ത് ഇരുന്നവരാണ്. അവര്‍അന്ന് അഴിമതിക്കാരുമായിരുന്നു. ഇത് ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ തിരിച്ചടി ആയേക്കാം. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ പ്രചാരണത്തില്‍ ഈ വിഷയവും കടന്നുവരാന്‍ സാധ്യതയേറെയാണ്. 2011ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് എന്നത് ഭൂരിപക്ഷം ബംഗാളികള്‍ക്കും പ്രിയങ്കരമായിരുന്നു. അതേസമയം പത്തുവര്‍ഷം പിന്നിട്ടപ്പോള്‍ സ്ഥിതിമാറി. ഈ തെരഞ്ഞെടുപ്പ് സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിയുടെ ഗ്രാഫ് വരച്ചുകാട്ടും.
ഭരണകക്ഷിയായ തൃണമൂലിനെ സംബന്ധിച്ചിടത്തോളം, പ്രധാന നേതാവായി മമത ബാനര്‍ജിയെ ഉയര്‍ത്തിക്കാട്ടുന്നത് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമോ എന്നത് പ്രധാനമാണ്. ഇത് കണ്ടെത്തുക തന്നെവേണം. ജനസ്വാധീനമുള്ള നിരവധി നേതാക്കളാണ് മമതയെ വിട്ടുപോയത്. കൂടാതെ ബിജെപി ഉയര്‍ത്തിക്കൊണ്ടുവന്ന അഴിമതി ആരോപണങ്ങള്‍ വേണ്ടവിധത്തില്‍ പ്രതിരോധിക്കാന്‍ മമതക്കായിട്ടില്ല. എങ്കിലും നിലവില്‍ നിയമസഭയില്‍ സീറ്റുകുറഞ്ഞാലും ഭൂരിപക്ഷം നേടാനാകും എന്ന ആത്മവിശ്വാസമാണ് തൃണമൂലിനുള്ളത്. കൂടാതെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്‍റെ ഉപദേശങ്ങള്‍കൂടിയാകുമ്പോള്‍ ബിജെപിയെ മറികടക്കാനാകും എന്നാണ് തൃണമൂല്‍ ക്യാമ്പിന്‍റെ വിശ്വാസം.
മമതയുടെ രാഷ്ട്രീയം സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും സബ്സിഡി ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനെ ചുറ്റിപ്പറ്റി നീങ്ങുന്നു. ‘ശവസംസ്ക്കാര ഫണ്ട്’ നല്‍കുന്നത് മുതല്‍ അപകടകരമായ സൗജന്യ ചികിത്സ വരെ അത് നീളുന്നുണ്ട്. അവര്‍ അടുത്തിടെ ഒരു സാര്‍വത്രിക ആരോഗ്യ പരിരക്ഷാ പദ്ധതി അവതരിപ്പിച്ചു, ഈ പദ്ധതി 76 ലക്ഷം നിവാസികളിലെത്തി. പ്രചാരണത്തില്‍ ഭരണകക്ഷിയുടെ പ്രധാന തുറുപ്പുചീട്ടും ഇതാണ്.
സംസ്ഥാനത്തെ ജനസംഖ്യയുടെ ഏഴ് ശതമാനം ഇതില്‍ ഉള്‍പ്പെട്ടു എന്നാണ് ഇപ്പോള്‍ പറയുന്നത്. എന്നാല്‍ ബിജെപി ഇതിനെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ബിജെപിയുടെ സംസ്ഥാന പ്രസിഡന്‍റ് ദിലീപ് ഘോഷ് തന്‍റെ ഫേസ്ബുക്ക് പേജിലാണ് ഈ പദ്ധതി തട്ടിപ്പാണെന്ന ആരോപണം ഉന്നയിച്ചിട്ടുള്ളത്. പക്ഷേ പ്രധാനമായും ഭരണസംവിധാനത്തിലൂടെ നടപ്പാക്കിയ എല്ലാ ക്ഷേമ നടപടികളും നിലത്ത് തുല്യമായി പ്രവര്‍ത്തിച്ചിട്ടുണ്ടാകില്ല എന്നത് മമതക്ക് തിരിച്ചടിയാണ്. ഇത് അവരുടെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ടാകാം.
എന്തായാലും ഇമാമുകകള്‍ക്കും മറ്റും നല്‍കുന്ന ഒരു സബ്സിഡി മമതയെ വെട്ടിലാക്കി എന്നു പറയാം. ഈ നടപടി ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനുള്ള ശ്രമമായി വ്യാഖ്യാനിക്കപ്പെട്ടു. 2014ല്‍ ബിജെപിക്കുള്ള ഹിന്ദു വോട്ടര്‍മാരുടെ പിന്തുണ 21 ശതമാനമായിരുന്നു. ഇത് 2019ല്‍ 57 ശതമാനമായി ഉയര്‍ന്നു. ഇത് ധ്രുവീകരണം ചൂണ്ടിക്കാണിക്കുകയും ഒരു വിഭജനം സൃഷ്ടിക്കുന്നതില്‍ മുസ്ലിംകളെപ്പോലും അപ്രീതിപ്പെടുത്തുകയും ചെയ്തു. തന്‍റെ തെറ്റ് മനസിലാക്കിയ മുഖ്യമന്ത്രി 2020 സെപ്റ്റംബറില്‍ ഹിന്ദു പുരോഹിതര്‍ക്ക് ഒരു ഓണറേറിയം പ്രഖ്യാപിച്ചു. ഇത് ഹിന്ദുക്കളെ പ്രീണിപ്പിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കും.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനോ അതിനുള്ള മേഖലകള്‍ കണ്ടെത്തുന്നതിനോ ഉള്ള ദീര്‍ഘകാല സാമ്പത്തിക പദ്ധതികള്‍ ഒന്നുംതന്നെ സംസ്ഥാനത്തിനില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇത് ഭരണകക്ഷിക്ക് തിരിച്ചടിയാണ്. എംഎസ്എംഇ നയിക്കുന്ന മന്ദഗതിയിലുള്ള വളര്‍ച്ചയില്‍ വോട്ടര്‍മാര്‍ സംതൃപ്തരാണോ എന്നും ഈ തെരഞ്ഞെടുപ്പിലറിയാം. അടിസ്ഥാന മേഖലകളില്‍ വന്‍കിട ബാഹ്യനിക്ഷേപത്തിലൂന്നിയുള്ള സമ്പദ് വ്യവസ്ഥക്ക് അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. കാരണം ഇവിടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകും. അവസാനമായി, ദീദി തന്‍റെ അനന്തരവനും യൂത്ത് വിംഗ് പ്രസിഡന്‍റുമായ അഭിഷേക് ബാനര്‍ജിക്ക് ബാറ്റണ്‍ കൈമാറുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. അതിനാല്‍ തെരഞ്ഞെടുപ്പ് അഭിഷേകിനും പ്രധാനമായിരിക്കും. ബിജെപിയെ സംബന്ധിച്ചിടത്തോളം, ബംഗാളിലെ തെരഞ്ഞെടുപ്പ് അതിപ്രധാനമാണ്. കാരണം ബിജെപിയോ അതിന്‍റെ സഖ്യകക്ഷികളോ ഇവിടെ ഇതുവരെ അധികാരത്തിലെത്തിയിട്ടില്ല.
ബിജെപി അതിന്‍റെ പ്രധാന തട്ടകങ്ങളില്‍ ഇന്ന് വെല്ലുവിളി നേരിടുന്നുണ്ട്. പ്രധാനമായും കാര്‍ഷിക ബില്ലുകള്‍ സംബന്ധിച്ച വിവാദങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നശേഷം. അതിനാല്‍ പുതിയ താവളങ്ങള്‍ കണ്ടെത്തേണ്ടത് പാര്‍ട്ടിക്ക് ആവശ്യമാണ്. ബംഗാളില്‍ വിജയം നേടാനായാല്‍ അത് ബിജെപിയുടെ പ്രധാന മുന്നേറ്റമാകും എന്നതില്‍ സംശയമില്ല. അതിനാല്‍, ദേശീയതലത്തില്‍ പ്രാധാന്യമുള്ള എല്ലാ നേതാക്കളെയും ബംഗാളില്‍ പ്രചാരണത്തിനായി പാര്‍ട്ടി എത്തിക്കുന്നുണ്ട്.
ഓണ്‍ലൈന്‍, ഓഫ്ലൈന്‍ കാമ്പെയ്നുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി പാര്‍ട്ടി വന്‍ തുക ചെലവഴിക്കുന്നുമുണ്ട്. ഇതിനുപുറമേ തൃണമൂല്‍ പ്രവര്‍ത്തകരെ ബിജെപിയില്‍ ചേരാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇതിന് അതിന്‍റേതായ ഗുണങ്ങളും അപകടസാധ്യതകളും ഉണ്ട്. ഭരണ വിരുദ്ധവികാരം നേരിടുന്ന മുഖ്യമന്ത്രിയാണ് മമത. ബിജെപിയുടെ പരീക്ഷണം പരാജയപ്പെട്ടാല്‍ അത് മമതയുടെ രാഷ്ട്രീയ ഉയര്‍ത്തെഴുനേല്‍പ്പായി മാറും. തുടര്‍ച്ചയായി മൂന്നാം വിജയം ഉറപ്പാക്കാന്‍ കഴിയുമെങ്കില്‍ 2024 ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ സഖ്യത്തിന്‍റെ പ്രധാന മുഖമായി മമത ഉയരുകയും ചെയ്യും. എന്നിരുന്നാലും, ബിജെപിയുടെ വീക്ഷണകോണില്‍, തൃണമൂലിന് 2016 ലെ പോലെ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവെക്കാനാവില്ല.
2021 മുതല്‍ ഇന്ത്യ വോട്ടെടുപ്പ് സീസണിലേക്ക് കടക്കുകയാണ്. ഇപ്പോള്‍മുതല്‍ 2023വരെ രാജ്യത്തൊട്ടാകെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ക്ക് രാജ്യം സാക്ഷ്യം വഹിക്കും. അപ്പോഴേക്കും കേന്ദ്രസര്‍ക്കാര്‍ രണ്ടാമത്തെ ടേം പൂര്‍ത്തിയാക്കുന്ന സമയവാകും. ഭരണവിരുദ്ധ വികാരം അപ്പോള്‍ ബിജെപിക്കെതിരെയും ഉണ്ടാകും. ഇതെങ്ങനെ മറികടക്കുന്നു എന്നതിനെ ആശ്രയിച്ചാകും പാര്‍ട്ടിയുടെ മുന്നോട്ടുള്ള പ്രയാണം.
ആദ്യ ഘട്ടത്തില്‍ മനോവീര്യം നിലനിര്‍ത്താന്‍, 2021 ല്‍ ഒരു വലിയ സംസ്ഥാനത്ത് ഒരു വിജയം ആവശ്യമാണ്. 2021 ല്‍തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാടും കേരളവും വിജയിക്കാനുള്ള സാധ്യത വളരെ കുറവായതിനാല്‍ ബിജെപി പശ്ചിമ ബംഗാളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മറ്റൊരു തലത്തില്‍ പശ്ചിമ ബംഗാളില്‍ വിജയിക്കേണ്ടത് ബിജെപിയുടെ ചരിത്രപരമായ ആവശ്യകതകൂടിയാണ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഹിന്ദു ദേശീയ ചിന്തകളുടെ ഒരു ധാര വികസിപ്പിച്ചെടുത്തത് കൊല്‍ക്കത്തയും ബംഗാളുമാണ് എന്നതാണ് ഇതിനുകാരണം.
ബിജെപി വിജയിച്ചാല്‍ സാമ്പത്തിക വീക്ഷണകോണില്‍ നിന്ന്, നോക്കുമ്പോള്‍ ബംഗ്ലാദേശിലെയും മേഖലയിലെയും വര്‍ദ്ധിച്ചുവരുന്ന വിപണിയിലേക്ക് ആഴത്തിലുള്ള പ്രവേശനം ഉറപ്പാക്കാം. ബിജെപിക്ക് ആത്മവിശ്വാസത്തോടെ ബംഗാളിനെ ഭരിക്കാന്‍ കഴിയുമെങ്കില്‍ തെക്കന്‍ ചൈനയുമായുള്ള ബിസിനസ് ഇടപഴകല്‍ തള്ളിക്കളയാനാവില്ല. ഈ വിജയം കിഴക്കിന്‍റെ ഭൗമരാഷ്ട്രീയ, ജിയോസ്ട്രാറ്റജിക് ചലനാത്മകതയെ മാറ്റുകയും മേഖലയിലെ സാമ്പത്തികവും സാംസ്കാരികവുമായ രീതികളെ പുനര്‍നിര്‍മ്മിക്കുകയും ചെയ്തേക്കാം.
അവസാനമായി, ബിജെപി വിജയനേടിയാല്‍ അത് സൂചിപ്പിക്കുന്നത് ബംഗാളിലെ മുസ്ലിംകള്‍ – അവരില്‍ 90 ശതമാനവും ബംഗാളി സംസാരിക്കുന്നവര്‍ – ഹിന്ദു ദേശീയതയോട് യോജിക്കുന്നുണ്ടോ എന്നതുകൂടിയാണ്. പശ്ചിമ ബംഗാളിലെ 342 വികസന ബ്ലോക്കുകളില്‍ 50 ശതമാനത്തിലും 25 ശതമാനത്തിലധികം മുസ്ലീം ജനസംഖ്യയുമുണ്ട്. കുറഞ്ഞത് 66 (22 ശതമാനം) ബ്ലോക്കുകളില്‍ (2) 50 ശതമാനത്തിലധികം. മുസ്ലീം വോട്ടില്ലാതെ ബംഗാള്‍ വിജയിക്കുക എന്നത് ഏതാണ്ട് അസാധ്യമാണ്.
മൂന്നാം മുന്നണിക്കായി സിപിഐ-എം, കോണ്‍ഗ്രസ് എന്നിവ സീറ്റ് പങ്കിടല്‍ ക്രമീകരണത്തിലേക്ക് പ്രവേശിക്കുകയാണ്. ഈ സഖ്യം ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടുമായി ധാരണയിലെത്താന്‍ശ്രമിക്കുകയാണ്. അങ്ങനെയെങ്കില്‍ അതിന് മുസ്ലീംവോട്ടുകള്‍ കൂടുതല്‍ ആകര്‍ഷിക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് വിലയിരുത്തല്‍ .
എന്നാല്‍, മറുവശത്ത്, 2019 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പോയ തൃണമൂല്‍ വിരുദ്ധ വോട്ടുകള്‍ നേടാനായാല്‍ കോണ്‍ഗ്രസ് സഖ്യത്തിന് ബിജെപിയെ മറികടക്കാം. ലളിതമായി പറഞ്ഞാല്‍, സിപിഎമ്മിന്‍റെ ഹിന്ദു വോട്ടുകളുടെ നല്ല ശതമാനം അവര്‍ക്കുതന്നെ നേടാനായാല്‍ ബിജെപിയുടെ ബംഗാള്‍ സാഹസികത അവസാനിക്കും. അതിനാല്‍, ഇടതുപക്ഷത്തിനും കോണ്‍ഗ്രസിനും വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവര്‍ പ്രധാന പാര്‍ട്ടികളെ നശിപ്പിച്ചേക്കാം.