സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള ധനപിന്തുണ ഈ ദശകത്തില്‍ ദുര്‍ബലമാകും
1 min readപൊതുമേഖലയുടെ മൊത്തം ചെലവിടല്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ 15 ശതമാനവും അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 5.5-7.5 ശതമാനവും വര്‍ദ്ധിക്കുമെന്നാണ് കണക്കാക്കുന്നത്
ന്യൂഡെല്‍ഹി: സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള ധനപരമായ പിന്തുണ 2020കളില്‍ കഴിഞ്ഞ ദശകത്തെ അപേക്ഷിച്ച് ഗണ്യമായി ദുര്‍ബലമാകാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള പുതിയ പഠന റിപ്പോര്‍ട്ട്.
മോട്ടിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്‍റെ ഇക്കോസ്കോപ്പ് റിപ്പോര്‍ട്ട് അനുസരിച്ച്, നടപ്പുസാമ്പത്തിക വര്‍ഷം സംസ്ഥാനങ്ങളിലേക്കുള്ള ധന പരമായ പിന്തുണയില്‍ 5.5 ശതമാനം കുറവുണ്ടായ ശേഷം, അടുത്ത വര്‍ഷം 15 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് കണക്കാക്കുന്നത്, ഇത് രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി ശരാശരി 4.5 ശതമാനം വളര്‍ച്ചയെ സൂചിപ്പിക്കുന്നു. കോവിഡിന് മുമ്പുള്ള (എഫ്വൈ 16-19) കാലയളവില്‍ ശരാശരി 14.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്ന സ്ഥാനത്താണിത്.
കേന്ദ്രത്തില്‍ നിന്നുള്ള ഈ കൈമാറ്റങ്ങള്‍ സംസ്ഥാനങ്ങളുടെ ആകെ വരുമാനത്തിന്‍റെ 45 ശതമാനത്തോളം വരും. നിലവിലെ സാമ്പത്തിക വര്‍ഷത്തിലും അടുത്ത സാമ്പത്തിക വര്‍ഷത്തിലും ധനക്കമ്മി യഥാക്രമം ജിഡിപിയുടെ 4.5 ശതമാനവും 4 ശതമാനവും ആയിരിക്കുമെന്നാണ് കണക്കാക്കുന്നത്. സംസ്ഥാനങ്ങളുടെ ചെലവിടല്‍ 2020-21ല്‍ 5 ശതമാനവും 2021-22ല്‍ 12-15 ശതമാനവും വളരും. അതായത് രണ്ട് വര്‍ഷത്തെ സംസ്ഥാനങ്ങളുടെ മൊത്തം ചെലവിടലില്‍ ശരാശരി 10 ശതമാനം വളര്‍ച്ച ഉണ്ടാകുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കോവിഡിന് മുമ്പുള്ള വര്‍ഷങ്ങളില്‍ ഇത് 13 ശതമാനമായിരുന്നു.
പൊതുമേഖലയുടെ മൊത്തം ചെലവിടല്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ 15 ശതമാനവും അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 5.5-7.5 ശതമാനവും വര്‍ദ്ധിക്കുമെന്നാണ് കണക്കാക്കുന്നത്. ഈ വിശകലനം വിപുലീകരിച്ച് സംസ്ഥാനങ്ങള്‍ തങ്ങളുടെ കമ്മി 2023-24ല്‍ ജിഡിപിയുടെ 3 ശതമാനമായി കുറയ്ക്കുന്നു എന്ന് കരുതിയാല്‍, ചെലവിടലിലെ സംയോജിത വളര്‍ച്ച 7 ശതമാനം ആയിരിക്കും. കോവിഡിന് മുമ്പുള്ള 11 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് വളരേ കുറവാണ്.
ധനക്കമ്മി കുറച്ചു കൂടി ഉദാരമാക്കാനും സാമ്പത്തിക വര്‍ഷം 26 ഓടെ 4.5 ശതമാനം കമ്മിയിലെത്താനുമുള്ള ബജറ്റ് നിര്‍ദ്ദേശം യഥാര്‍ത്ഥത്തില്‍ വിപുലീകരണത്തെ സൂചിപ്പിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുു. ഈ കമ്മി യഥാര്‍ത്ഥത്തില്‍ സൂചിപ്പിക്കുന്നത്, 2022-23നും 2025-26നും ഇടയില്‍ മൊത്തം ചെലവിടലില്‍ ശരാശരി 6 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നാണ്. ഇത് കോവിഡിന് മുമ്പുള്ള വര്‍ഷങ്ങളിലെ 8.6 ശതമാനത്തേക്കാള്‍ കുറവാണ്.