Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആഫ്രിക്കയില്‍ കോവിഡ്-19 മരണങ്ങള്‍ കൂടുന്നതായി ലോകാരോഗ്യ സംഘടന

1 min read
ജനുവരിയില്‍ പകര്‍ച്ചവ്യാധി മൂലമുള്ള മരണങ്ങള്‍ നാല്‍പ്പത് ശതമാനം വര്‍ധിച്ചു.

രോഗ വ്യാപന ശേഷി കൂടിയ വൈറസ് വകഭേദങ്ങള്‍ അതിവേഗം പടരുന്ന ആഫ്രിക്കയില്‍ കോവിഡ്-19നുമായി ബന്ധപ്പെട്ട മരണങ്ങള്‍ വര്‍ധിച്ച് വരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന. ജനുവരിയില്‍ പകര്‍ച്ചവ്യാധി മൂലമുള്ള മരണങ്ങള്‍ നാല്‍പ്പത് ശതമാനം വര്‍ധിച്ചതായി ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കയിലെ റീജിയണല്‍ ഡയറക്ടര്‍ മാത്ഷിഡിസോ മൊയ്തി അറിയിച്ചു. പകര്‍ച്ചവ്യാധിയുടെ രണ്ടാംഘട്ട വ്യാപനവും ആഫ്രിക്കയിലെ ആരോഗ്യ സംവിധാനങ്ങളെ തകിടം മറിച്ചുകൊണ്ട് ജനിതക മാറ്റം വന്ന കൊറോണ വൈറസ് വകഭേഗങ്ങളുടെ അതിവേഗ വ്യാപനവുമാണ് മരണസംഖ്യ വര്‍ധിക്കാനുള്ള കാരണമെന്നാണ് വിലയിരുത്തല്‍.

കോവിഡ്-19 മരണങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്ന് മൊയ്തി നെയ്‌റോബിയില്‍ പറഞ്ഞു. ഞായറാഴ്ചയോടെ ആഫ്രിക്കയിലെ കോവിഡ് മരണങ്ങള്‍ ഒരു ലക്ഷം പിന്നിട്ടേക്കുമെന്നും മൊയ്തി സൂചന നല്‍കി. വൈറസില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുന്നതിലായിരിക്കണം ഏവരുടെയും ശ്രദ്ധയെന്ന് പറഞ്ഞ മൊയ്തി പുതിയ വകഭേദങ്ങളുടെ വ്യാപനവും കുറഞ്ഞ വാക്‌സിനേഷന്‍ നിരക്കും മൂലം ആഫ്രിക്കയിലെ കോവിഡ് പകര്‍ച്ചവ്യാധി ശമിപ്പിക്കാന്‍ കൂടുതല്‍ സമയമെടുത്തേക്കുമെന്നും സൂചിപ്പിച്ചു.

  ആക്സിസ് ബാങ്കിന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 24,861 കോടി രൂപ അറ്റാദായം

കഴിഞ്ഞ 28 ദിവസങ്ങള്‍ക്കിടെ ആഫ്രിക്കയില്‍ 22,300 പേര്‍ കോവിഡ്-19യുമായി ബന്ധപ്പെട്ട് മരിച്ചതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. അതിന് മുമ്പുള്ള 28 ദിവസങ്ങളില്‍ 16,000 ആയിരുന്നു മരണസംഖ്യ. ഇക്കാലയളവില്‍ മരണ നിരക്കില്‍ ഏതാണ്ട് 3.7 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. ആഗോള ശരാശരിക്കും മുകളിലാണിത്.

കഴിഞ്ഞ 28 ദിവസങ്ങളില്‍ ആഫ്രിക്കയിലെ 32 രാജ്യങ്ങളില്‍ മരണ നിരക്ക് കൂടിയതായി മൊയ്തി വ്യക്തമാക്കി. അതേസമയം 21 രാജ്യങ്ങളില്‍ മരണ നിരക്ക് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ ആരംഭിച്ച രണ്ടാംഘട്ട കോവിഡ് വ്യാപനം ജനുവരിയില്‍ മൂര്‍ധന്യാവസ്ഥയില്‍ എത്തിയതാണ് മരണ നിരക്ക് കൂടാന്‍ ഇടയാക്കിയത്. ആഫ്രിക്കയിലെ 21 രാജ്യങ്ങളില്‍ ലോകാരോഗ്യ സംഘടന നടത്തിയ സര്‍വ്വേയില്‍ 66 ശതമാനം രാജ്യങ്ങളില്‍ മതിയായ ക്രിട്ടിക്കല്‍ കെയര്‍ സംവിധാനങ്ങള്‍ ഇല്ലെന്നും 24 ശതമാനം രാജ്യങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ അഭാവമുണ്ടെന്നും വ്യക്തമായി. ഇതും മരണസംഖ്യ ഉയരാന്‍ ഇടയാക്കിയിട്ടുണ്ടെന്ന് മൊയ്തി പറഞ്ഞു. 15 രാജ്യങ്ങളില്‍ ഗുരുതരാവസ്ഥയിലുള്ള കോവിഡ്-19 രോഗികളെ മരണത്തില്‍ നിന്ന് രക്ഷിക്കുന്നതില്‍ നിര്‍ണായകമായ ഓക്‌സിജന്‍ ലഭ്യതയുടെ അഭാവം ഉണ്ട്.

  കൊതുക് ശല്യം ഉല്‍പ്പാദനക്ഷമതയെ ഗുരുതരമായി ബാധിക്കുന്നു

ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തിയ പുതിയ കോവിഡ്-19 വകഭേദം നിലവില്‍ ഏട്ടോളം ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. എത്രയും വേഗം വാക്‌സിനുകള്‍ ലഭ്യമാക്കിയെങ്കില്‍ മാത്രമേ രോഗവ്യാപനത്തിലും മരണ നിരക്കിലും ശമനമുണ്ടാകുകയുള്ളുവെന്നും മൊയ്തി നിരീക്ഷിച്ചു. കോവിഡ്-19ന്റെ എല്ലാ വകഭേദങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്ന വാക്‌സിന് വേണ്ടിയാണ് ലോകം ഉറ്റുനോക്കുന്നതെങ്കിലും ആശുപത്രികള്‍ നിറയ്ക്കുന്ന ഗുരുതരമായ കോവിഡ്-19 കേസുകള്‍ തടയുകയെന്നതാണ് ഇപ്പോഴത്തെ ആവശ്യമെന്നും മൊയ്തി പറഞ്ഞു. രോഗം ഗുരുതരമാകാതിരിക്കുകയും വ്യാപനം കുറയുകയും ചെയ്താല്‍ നിരവധി ജീവനുകള്‍ രക്ഷിക്കാനാകുമെന്നാണ് മൊയ്തിയുടെ അഭിപ്രായം.

  ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ബിരുദദാനച്ചടങ്ങ്
Maintained By : Studio3