വേർഷൻ 2.1 – ജാവ 42 പരിഷ്കരിച്ചു
ന്യൂഡെൽഹി: ജാവ 42 മോട്ടോർസൈക്കിളിൻ്റെ 2.1 വേർഷൻ ഇന്ത്യൻ വിപണിയിൽ ക്ലാസിക് ലെജൻഡ്സ് അവതരിപ്പിച്ചു. 1,83,942 രൂപയാണ് ഡെൽഹി എക്സ് ഷോറൂം വില. ബിഎസ് 6 എൻജിൻ നൽകിയ വേർഷൻ 2.0 കഴിഞ്ഞ വർഷം പുറത്തിറക്കിയിരുന്നു. നിരവധി പരിഷ്കാരങ്ങളോടെയാണ് വേർഷൻ 2.1 വരുന്നത്. ഇതോടെ മുമ്പെന്നത്തേക്കാൾ ആധുനിക മോട്ടോർസൈക്കിളായി ജാവ 42 മാറി.
വയർ സ്പോക്ക് വീലുകൾക്ക് പകരം അലോയ് വീലുകൾ നൽകിയതാണ് ഒരു പരിഷ്കാരം. മാത്രമല്ല, ട്യൂബ് ലെസ് ടയറുകൾ ഉപയോഗിക്കുന്നു. ഏറ്റവും പുതിയ പതിപ്പിൽ ഡാർക്ക് തീം സവിശേഷതയാണ്. 2.1 വേർഷൻ മോട്ടോർസൈക്കിളിൻ്റെ എൻജിൻ എക്സോസ്റ്റ് കാനിസ്റ്ററുകൾ, മുന്നിലെ ഫോർക്ക് കവറുകൾ, പിറകിലെ സ്പ്രിംഗുകൾ എന്നിവിടങ്ങളിൽ ബ്ലാക്ക് ഫിനിഷ് നൽകി. കൂടുതൽ ഇരിപ്പുസുഖം ലഭിക്കുന്നതിന് സീറ്റ് മെച്ചപ്പെടുത്തി. ഫ്‌ളൈസ്ക്രീൻ, ഹെഡ്ലാംപ് ഗ്രിൽ എന്നിവ ഓപ്ഷണൽ എക്സ്ട്രാകളായി ലഭിക്കും.
സ്റ്റൈലിംഗ്, അലോയ് വീലുകൾ എന്നിവയിൽ മാത്രമായി മാറ്റങ്ങൾ പരിമിതപ്പെടുത്തി. ഡുവൽ ക്രേഡിൽ ഫ്രെയിം, മുന്നിൽ ടെലിസ്കോപിക് ഫോർക്കുകൾ, പിറകിൽ പ്രീലോഡ് ക്രമീകരിക്കാവുന്ന ഇരട്ട സ്പ്രിംഗുകൾ, മുന്നിൽ 280 എംഎം ഡിസ്ക്, പിറകിൽ 240 എംഎം ഡിസ്ക്, ഡുവൽ ചാനൽ എബിഎസ് എന്നിവ മോട്ടോർസൈക്കിളിൽ തുടരുന്നു. മുന്നിൽ 18 ഇഞ്ച്, പിറകിൽ 17 ഇഞ്ച് എംആർഎഫ് ടയറുകൾ നൽകി.
മെക്കാനിക്കൽ സ്പെസിഫിക്കേഷനുകളിൽ മാറ്റമില്ല. 293 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിനാണ് ജാവ 42 തുടർന്നും ഉപയോഗിക്കുന്നത്. ഈ മോട്ടോർ 27 ബിഎച്ച്പി കരുത്തും 27 എൻഎം ടോർക്കും പരമാവധി ഉൽപ്പാദിപ്പിക്കും. എൻജിനുമായി 6 സ്പീഡ് ഗിയർബോക്സ് ചേർത്തുവെച്ചു.
ഓറിയോൺ റെഡ്, സിറിയസ് വൈറ്റ്, ഓൾ സ്റ്റാർ ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളിൽ മോട്ടോർസൈക്കിൾ ലഭിക്കും.