November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വില കുറച്ച് 2021 ബെനെല്ലി ഇംപിരിയാലെ 400

എക്‌സ് ഷോറൂം വില 1.89 ലക്ഷം രൂപ. 10,000 രൂപ കുറഞ്ഞു

ഹൈദരാബാദ്: 2021 മോഡല്‍ ബെനെല്ലി ഇംപിരിയാലെ 400 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.89 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. 2020 ജൂലൈയില്‍ അവതരിപ്പിച്ച ബിഎസ് 6 പതിപ്പിനേക്കാള്‍ 2021 മോഡലിന് 10,000 രൂപ കുറഞ്ഞു. കൂടുതല്‍ തദ്ദേശീയ ഉള്ളടക്കം നല്‍കിയതും ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ശക്തി പ്രാപിച്ചതുമാണ് വില കുറയാന്‍ കാരണമെന്ന് മഹാവീര്‍ ഗ്രൂപ്പിനുകീഴിലെ ആദീശ്വര്‍ ഓട്ടോ റൈഡ് ഇന്ത്യ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ആദീശ്വര്‍ ഓട്ടോ റൈഡ് ഇന്ത്യയാണ് ഇന്ത്യയില്‍ ബെനെല്ലി ബ്രാന്‍ഡ് മോട്ടോര്‍സൈക്കിളുകള്‍ വിപണനം ചെയ്യുന്നത്.

2021 മോഡല്‍ മോട്ടോര്‍സൈക്കിളിന്റെ കാഴ്ച്ചയില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. വൃത്താകൃതിയില്‍ ഹെഡ്‌ലൈറ്റ്, കണ്ണുനീര്‍ തുള്ളിയുടെ ആകൃതിയില്‍ ഇന്ധനടാങ്ക് എന്നിവയോടെ അതേ മോഡേണ്‍ ക്ലാസിക് ഡിസൈന്‍ തുടരുന്നു.

മുന്നില്‍ 41 എംഎം ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ പ്രീലോഡ് ക്രമീകരിക്കാന്‍ കഴിയുന്ന ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളുമാണ് സസ്‌പെന്‍ഷന്‍ നിര്‍വഹിക്കുന്നത്. മുന്നില്‍ 19 ഇഞ്ച്, പിന്നില്‍ 18 ഇഞ്ച് സ്‌പോക്ക്ഡ് വീലുകള്‍ ഉപയോഗിക്കുന്നു. രണ്ട് ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്ക് നല്‍കി. ഡുവല്‍ ചാനല്‍ എബിഎസ് സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറാണ്.

374 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിനാണ് ബെനെല്ലി ഇംപിരിയാലെ 400 മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 6,000 ആര്‍പിഎമ്മില്‍ 20.71 ബിഎച്ച്പി കരുത്തും 3,500 ആര്‍പിഎമ്മില്‍ 29 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 5 സ്പീഡ് ഗിയര്‍ബോക്‌സ് ചേര്‍ത്തുവെച്ചു.

വില കുറച്ചതോടെ മോഡേണ്‍ ക്ലാസിക് മോട്ടോര്‍സൈക്കിളിന്റെ വില്‍പ്പന പിന്നെയും വര്‍ധിക്കുമെന്നാണ് ബെനെല്ലി പ്രതീക്ഷിക്കുന്നത്. രണ്ട് വര്‍ഷത്തേക്ക് അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റി ലഭിക്കും. രണ്ടുവര്‍ഷത്തേക്ക് എക്‌സ്‌റ്റെന്‍ഡഡ് വാറന്റി വാങ്ങാനും കഴിയും. വില്‍പ്പനാനന്തര സേവനങ്ങളുടെ ഭാഗമായി 24 മണിക്കൂര്‍ റോഡ്‌സൈഡ് അസിസ്റ്റന്‍സ് ലഭിക്കും. റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350, ഹോണ്ട ഹൈനസ് സിബി 350 എന്നിവയാണ് ഇന്ത്യന്‍ വിപണിയിലെ എതിരാളികള്‍.

 

Maintained By : Studio3