വായ്പാ വിതരണം ശക്തിപ്പെടുത്താന്‍ നടപടികളുമായി ആര്‍ബിഐ
1 min readഗവണ്‍മെന്റ് സെക്യൂരിറ്റി വിപണിയില്‍ നിക്ഷേപകര്‍ക്ക് നേരിട്ട് പ്രവേശനം നല്‍കും
ന്യൂഡെല്‍ഹി: സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) പുതിയ വായ്പാ പ്രവാഹം ശക്തമാക്കുന്നതിന് സഹായകരമായ നടപടിയുമായി റിസര്‍വ് ബാങ്ക്. ഷെഡ്യൂള്‍ഡ് കൊമേഴ്സ്യല്‍ ബാങ്കുകള്‍ സിആര്‍ആര്‍ കണക്കിലാക്കുമ്പോള്‍ ‘പുതിയ എംഎസ്എംഇ വായ്പക്കാര്‍ക്ക്’ വിതരണം ചെയ്ത ക്രെഡിറ്റ് അവരുടെ ഡിമാന്‍ഡ്, ടൈം ബാധ്യതകള്‍ (എന്‍ഡിടിഎല്‍) എന്നിവയില്‍ നിന്ന് കുറയ്ക്കുന്നതിന് അനുവദിക്കും.
വായ്പാ അവലോകന യോഗത്തിനു ശേഷം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രഖ്യാപിച്ച അധിക നടപടികളുടെ ഭാഗമായി, ‘പുതിയ എംഎസ്എംഇ വായ്പക്കാരെ’ 2021 ജനുവരി 1 വരെ ബാങ്കിംഗ് സംവിധാനത്തില്‍ നിന്ന് വായ്പാ സൗകര്യങ്ങള്‍ ഒന്നും തന്നെ ലഭിക്കാത്തവര്‍ എന്ന് നിര്‍വചിച്ചിട്ടുണ്ട്. 2021 ഒക്ടോബര്‍ 1 ന് അവസാനിക്കുന്ന രണ്ടാഴ്ച വരേക്കും നീട്ടിയ 25 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് ഈ ഇളവ് ലഭ്യമാണ്. പദ്ധതിയുടെ വിശദാംശങ്ങള്‍ റിസര്‍വ് ബാങ്ക് പ്രത്യേകം രേഖപ്പെടുത്തും.
കഴിഞ്ഞ ഒക്ടോബറില്‍ ബാങ്കുകള്‍ക്കായി ടാപ്പ് ടാര്‍ഗെറ്റഡ് ലോംഗ് ടേം റി പ്പോ ഓപ്പറേഷന്‍സ് (ടിഎല്‍ടിആര്‍ഒ) പദ്ധതി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിരുന്നു. പോളിസി റിപ്പോ നിരക്കുമായി ബന്ധപ്പെടുത്തി ഫ്‌ലോട്ടിംഗ് നിരക്കില്‍ മൊത്തം ഒരു ലക്ഷം കോടി രൂപ വരെ മൂന്ന് വര്‍ഷം വരെയുള്ള കാലാവധിയില്‍ ടിഎല്‍ടിആര്‍ഒ ടാപ്പ് നടത്താമെന്ന് പറഞ്ഞിരുന്നു. 2021 മാര്‍ച്ച് 31 വരെ പദ്ധതി ലഭ്യമാണ്. ഈ പദ്ധതിക്കു കീഴില്‍ എന്‍ബിഎഫ്‌സികള്‍ക്ക് വായ്പ ലഭ്യമാക്കാനും ആര്‍ബിഐ നിര്‍ദേശിച്ചിട്ടുണ്ട്. എന്‍ബിഎഫ്‌സികളില്‍ നിന്ന് കൂടുതലായി വായ്പ സ്വീകരിക്കുന്ന മേഖലകളിലേക്ക് മതിയായ ധനസഹായം ലഭ്യമാക്കുന്നതിന് ഇതി സഹായകമാകുമെന്നാണ് കേന്ദ്ര ബാങ്ക് കണക്കാക്കുന്നത്.
സര്‍ക്കാര്‍ സെക്യൂരിറ്റീസ് (ജി-സെക്) വിപണിയില്‍ ചില്ലറ നിക്ഷേപകരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി നിക്ഷേപകര്‍ക്ക് ജി-സെക് വിപണിയിലേക്ക് നേരിട്ട് പ്രവേശനം നല്‍കാനും തീരുമാനിച്ചു. ഈ ഘടനാപരമായ പരിഷ്‌കരണം നടപ്പാക്കുന്നതിലൂടെ നിക്ഷേപകര്‍ക്ക് അത്തരം സൗകര്യം വാഗ്ദാനം ചെയ്യുന്ന ചുരുക്കം രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യ എത്തുകയാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. പുതിയ ക്രമീകരണം റീട്ടെയില്‍ ഡയറക്റ്റ്, റിസര്‍വ് ബാങ്ക് വഴി റീട്ടെയില്‍ നിക്ഷേപകര്‍ക്ക് ഗവണ്‍മെന്റ് സെക്യൂരിറ്റികളില്‍ നേരിട്ട് പ്രവേശനം അനുവദിക്കും. അത്തരം നിക്ഷേപകര്‍ക്ക് അപെക്‌സ് ബാങ്കില്‍ ഗില്‍റ്റ് അക്കൗണ്ട് തുറക്കാന്‍ ഇത് അനുവദിക്കുന്നു. 2021-22 ലെ സര്‍ക്കാര്‍ വായ്പയെടുക്കല്‍ ലക്ഷ്യം സുഗമമായി പൂര്‍ത്തിയാക്കാന്‍ ഈ നീക്കം സഹായിക്കുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ പിന്നീട് പുറത്തുവിടും.
അടുത്ത സാമ്പത്തിക വര്‍ഷം 10.5 ശതമാനം വളര്‍ച്ചാ നിരക്ക് പ്രകടമാക്കി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വീണ്ടെടുപ്പ് നടത്തുമെന്നും റിസര്‍വ് ബാങ്ക് വിലയിരുത്തിയിട്ടുണ്ട്. നാലാം പാദത്തിലെ ചെറുകിട പണപ്പെരുപ്പം സംബന്ധിച്ച നിഗമനം 5.20 ആയി കേന്ദ്ര ബാങ്ക് ചുരുക്കി. ആദ്യ നിഗമന പ്രകാരം നാലാം പാദത്തില്‍ 5.8 ശതമാനം ആയിരിക്കും പണപ്പെരുപ്പം എന്നാണ് കണക്കാക്കിയിരുന്നത്. പച്ചക്കറി വിലയിലെ പണപ്പെരുപ്പം സമീപകാലയളവില്‍ മൃദുവായി തന്നെ തുടരുമെന്ന് ആര്‍ബിഐ വിലയിരുത്തുന്നു.
അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 5-5.2 ശതമാനമായിരിക്കും പണപ്പെരുപ്പം എന്നാണ് കേന്ദ്രബാങ്കിന്റെ വിലയിരുത്തല്‍. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ആര്‍ബിഐ ലക്ഷ്യമിടുന്ന പരിധി 4 ശതമാനം തന്നെയായി നിലനിര്‍ത്തിയിട്ടുണ്ട്.