ഒരു എയര്‍ ക്രാഫ്റ്റിന് 309 കോടി രൂപ വെച്ച് തേജസ് കയറ്റുമതി ചെയ്യാന്‍ ഇന്ത്യ
1 min readദക്ഷിണ കിഴക്കന്‍ ഏഷ്യ, ഗള്‍ഫ് തുടങ്ങിയ മേഖലകളില്‍ നിന്ന് തേജസിന് ആവശ്യക്കാര്‍
ബെംഗളൂരു: ഇന്ത്യയുടെ തദ്ദേശീയ ലൈറ്റ് കോമ്പാറ്റ് എയര്‍ക്രാഫ്റ്റായ(എല്‍സിഎ) തേജസ് കയറ്റുമതി ചെയ്യുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് ഹിന്ദുസ്ഥാന്‍ ഏറനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍). ഒരു എയര്‍ക്രാഫ്റ്റിന് 309 കോടി രൂപയെന്ന നിരക്കിലാണ് കയറ്റുമതി ആലോചിക്കുന്നത്. ദക്ഷിണകിഴക്കന്‍ ഏഷ്യ, ഗള്‍ഫ് തുടങ്ങിയ മേഖലകളില്‍ നിന്ന് തേജസിനായി ആവശ്യകതയുണ്ടെന്ന് എച്ച്എഎല്‍ ചെയര്‍മാന്‍ ആര്‍ മാധവന്‍ പറഞ്ഞു.
83 തേജസ് ഫൈറ്ററുകള്‍ക്കുള്ള കോണ്‍ട്രാക്റ്റ് കോസ്റ്റ് 48,000 കോടി രൂപയാണ്. ഇത് 36,000 കോടി രൂപയിലേക്ക് വരെ എത്തിക്കാവുന്നതാണ്.
പ്രതി എയര്‍ക്രാഫ്റ്റിനുള്ള കോസ്റ്റ് 309 കോടി രൂപയാണ്. ട്രെയ്‌നറിനായി വേണ്ടി വരുന്നത് കോസ്റ്റ് 280 കോടി രൂപയാണ്. എയര്‍ക്രാഫ്റ്റിനുള്ള മികച്ച വിലയാണിതെന്നാണ് വിലയിരുത്തല്‍.
തേജസ് മാര്‍ക്ക് 1എ എന്ന എയര്‍ക്രാഫ്റ്റിനെ സംബന്ധിച്ചിടത്തോളം കയറ്റുമതി വിപണിയിലെ പ്രധാന എതിരാളി സിനോ-പാക്ക് ഉല്‍പ്പന്നമായ ജെഎഫ്-17 ആണ്. മികച്ച എന്‍ജിനും റഡാര്‍ സംവിധാനവും ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ടുമെല്ലാം ഉള്ള കാരണം ഇന്ത്യയുടെ തേജസ് മറ്റുള്ളവയെക്കാളും മികച്ച ഉല്‍പ്പന്നമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ശ്രീലങ്കയും ഈജിപ്റ്റും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ തേജസിനായി താല്‍പ്പര്യം അറിയിച്ചിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം.