ഡിഎഫ്‌ഐ-യില്‍ സ്വകാര്യ മേഖലയെയും അനുവദിക്കും: സിഇഎ
1 min readഇന്‍ഫ്രാ മേഖലയിലെ നിക്ഷേപം ത്വരിതപ്പെടുത്തുന്നതിനായി ഡിഎഫ്‌ഐ ഇക്കഴിഞ്ഞ ബജറ്റ് പ്രസംഗത്തിലാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്
പ്രധാന പശ്ചാത്തല സൗകര്യ വികസന പദ്ധതികള്‍ക്കായി റിസ്‌ക് മൂലധനം നല്‍കുകയാണ് ഡിഎഫ്‌ഐ ചെയ്യുന്നത്
ന്യൂഡെല്‍ഹി: പശ്ചാത്തല സൗകര്യ വികസനത്തിനുള്ള ഫണ്ട് ലഭ്യമാക്കുന്നതിനായി പൊതുമേഖലാ ഡെവലപ്‌മെന്റ് ഫിനാന്‍സിംഗ് ഇന്‍സ്റ്റിറ്റിയൂഷന്‍ (ഡിഎഫ്‌ഐ) രൂപീകരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പ്രത്യേക നിയമനിര്‍മാണം സ്വകാര്യ മേഖയെയും ഈ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (സിഇഎ) കൃഷ്ണമൂര്‍ത്തി വെങ്കട സുബ്രഹ്മണ്യന്‍ പറഞ്ഞു. കേന്ദ്ര ബജറ്റിലെ മുഖ്യമായ പ്രഖ്യാപനത്തെ കുറിച്ച് ഒരു അഭിമുഖത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ പ്രധാന പശ്ചാത്തല സൗകര്യ വികസന പദ്ധതികള്‍ക്കായി റിസ്‌ക് മൂലധനം നല്‍കുകയാണ് ഡിഎഫ്‌ഐ ചെയ്യുന്നത്. സുസ്ഥിരവും വേഗതയേറിയതുമായ പദ്ധതി നിര്‍വഹണത്തിന് ഇത് പ്രധാനമാകും എന്നാണ് കരുതുന്നത്. ഇന്‍ഫ്രാ മേഖലയിലെ നിക്ഷേപം ത്വരിതപ്പെടുത്തുന്നതിനായി ഡിഎഫ്‌ഐ ഇക്കഴിഞ്ഞ ബജറ്റ് പ്രസംഗത്തിലാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. പൊതുമേഖലയില്‍ പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാകും ഇത് എന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. ഇതിലാണ് സിഇഎ ഇപ്പോള്‍ വ്യക്തത വരുത്തിയിരിക്കുന്നത്.
പ്രത്യേക നിയമനിര്‍മ്മാണം വഴിയും റിസര്‍വ് ബാങ്കിന്റെ ലൈസന്‍സ് വ്യവസ്ഥകള്‍ പ്രകാരവും സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കും. 20,000 കോടി രൂപയുടെ മൊത്തം നിക്ഷേപവുമായി ഡിഎഫ്.എ സ്ഥാപിക്കുമെന്നാണ് ധനമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്. സാമ്പത്തിക വളര്‍ച്ചയിലെ വീണ്ടെടുപ്പിന് അടിസ്ഥാന സൗകര്യ വികസനത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ടെന്നാണ് കണക്കാക്കുന്നത്.
ദേശീയ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്പ്‌ലൈന്‍ (എന്‍ഐപി) പദ്ധതി പ്രകാരം 2025-26 വരെയുള്ള കാലയളവില്‍ 111 ലക്ഷം കോടി രൂപ പശ്ചാത്തല സൗകര്യ വികസനത്തിന് നിക്ഷേപിക്കുമെന്ന പ്രഖ്യാപനവും കേന്ദ്ര സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. ലക്ഷ്യമിടുന്ന നിക്ഷേപത്തിനായുള്ള ധനച്ചെലവിന്റെ ഒരു പ്രധാന പങ്ക് ഡിഎഫ്ഐകള്‍ വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വന്‍ നിക്ഷേപ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പൊതുമേഖലയില്‍ മാത്രം ഒരു ഡിഎഫ്ഐ മതിയാകില്ലെന്നും അതിനാല്‍ സ്വകാര്യ മേഖലയുടെ പ്രവേശനം ഫലപ്രദമാകുമെന്നുമാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.