സബ്‌സീ കേബിള്‍ : സെക്കന്റില്‍ 250ടിബി ഡാറ്റ നല്‍കാനൊരുങ്ങി ഗൂഗിള്‍
1 min readസാന്‍ഫ്രാന്‍സിസ്‌കോ: സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവും റെഡ്‌ക്രോസിന്റെ സ്ഥാപകനുമായ ഹെന്റി ഡുനന്റിന്റെ പേരില്‍ ഗൂഗിള്‍ സ്ഥാപിച്ച പുതിയ സബ്സി കേബിള്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ ഒരുങ്ങുന്നു. യുഎസും മെയിന്‍ ലാന്റ് യൂറോപ്പും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ കേബിള്‍, ഡാറ്റാ വേഗത്തില്‍ വലിയ വിപ്ലവം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെക്കന്‍ഡില്‍ 250 ടെറാബിറ്റ് (ടിബിപിഎസ്) എന്ന റെക്കോര്‍ഡ് ശേഷിയില്‍ ഇത് ഡാറ്റ ലഭ്യമാക്കും.
യുഎസിലെ വിര്‍ജീനിയ ബീച്ചിനും ഫ്രഞ്ച് അറ്റ്‌ലാന്റിക് തീരത്തെ സെന്റ്-ഹിലെയര്‍-ഡി-റീസിനുമിടയില്‍ അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെയാണ് ഇത് കടന്നുപോകുന്നത്. , ഈ സംവിധാനം ഗൂഗിളിന്റെ ആഗോള ശൃംഖല വിപുലീകരിക്കുകയും സമര്‍പ്പിത ശേഷി, വൈവിധ്യം, പ്രതിരോധം എന്നിവ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മേഖലയിലെ മറ്റ് നെറ്റ്വര്‍ക്ക് ഇന്‍ഫ്രാസ്ട്രക്ചറുകളുമായി പരസ്പരം ബന്ധിപ്പിച്ചിട്ടുമുണ്ട്.
അണ്ടര്‍സീ ഡാറ്റാ ട്രാന്‍സ്പോര്‍ട്ടിലെ ആഗോള പങ്കാളിയായ സബ്കോമുമായി സഹകരിച്ചാണ് ഗൂഗിള്‍ ചരിത്രപരമായ ഈ ദൗത്യം പൂര്‍ത്തിയാക്കുന്നത്. ആഗോളതലത്തില്‍ ബാധിച്ച മഹാമാരിയുടെ സാഹചര്യത്തിലും ഡ്യൂണന്റ് സിസ്റ്റം നിശ്ചിത കാലയളവില്‍ തന്നെ രൂപകല്‍പ്പന ചെയ്ത്, നിര്‍മ്മിച്ച് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിച്ചു. 2018 മധ്യത്തിലാണ് ഗൂഗിള്‍ ആദ്യം ഈ പ്രോജക്റ്റ് പ്രഖ്യാപിച്ചത്. 2020ല്‍ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് കരുതിയിരുന്നത് എങ്കിലും കോവിഡ് 19 സാഹചര്യങ്ങള്‍ മൂലം ഇത് സാധ്യമായില്ല.