ജനുവരി റിപ്പോര്‍ട്ട് : സേവന മേഖലയിലെ പിഎംഒ 52.8; ഉപഭോക്തൃ ആത്മവിശ്വാസം കൂടി
1 min readകയറ്റുമതി ഓര്‍ഡറുകള്‍ തുടര്‍ച്ചയായ പതിനൊന്നാം മാസവും ചുരുങ്ങി
ന്യൂഡെല്‍ഹി: ആവശ്യകതയും ഉപഭോക്തൃ ആത്മവിശ്വാസവും വര്‍ധിച്ചതിന്റെ ഫലമായി ഇന്ത്യയുടെ സേവന മേഖല ജനുവരിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതായി സര്‍വേ റിപ്പോര്‍ട്ട്. നിക്കെയ്- ഐഎച്ച്എസ് മാര്‍ക്കിറ്റ് സര്‍വീസ് പിഎംഐ ജനുവരിയില്‍ 52.8 ആയി ഉയര്‍ന്നു. ഡിസംബറില്‍ ഇത് 52.3 ആയിരുന്നു. സ്ഥാപനങ്ങള്‍ തൊഴിലുകള്‍ വെട്ടിക്കുറച്ചെങ്കിലും കോവിഡ് 19 വാക്‌സിനേഷന്‍ വ്യാപകമാകുന്നത് ഉപഭോക്താക്കളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നു എന്നാണ് കണ്ടെത്തല്‍.
പിഎംഐ 50 മുകളിലാണെങ്കില്‍ വളര്‍ച്ചയെയും 50ന് താഴെയാണെങ്കില്‍ സങ്കോചത്തെയുമാണ് സൂചിപ്പിക്കുന്നത്. തുടര്‍ച്ചയായ നാലാം മാസമാണ് സേവന മേഖല 50ന് മുകളില്‍ പിഎംഐ-യിലേക്ക് എത്തുന്നത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കൊറോണയുടെ ആഘാതത്തില്‍ നിന്ന് മുമ്പ് പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ വേഗത്തില്‍ വീണ്ടെടുപ്പ് നടത്തുമെന്നും അതിന് ബജറ്റ് പ്രഖ്യാപനങ്ങള്‍ സഹായകമാകും എന്നും അടുത്തിടെ പുറത്തിറങ്ങിയ റോയ്‌ട്ടേര്‍സ് സര്‍വെ റിപ്പോര്‍ട്ട് വിലയിരുത്തിയിരുന്നു. അതിനോട് ചേര്‍ന്നു നില്‍ക്കുന്ന റിപ്പോര്‍ട്ടാണ് ഐഎച്ച്‌സ് മാര്‍ക്കിറ്റും പുറത്തുവിട്ടിട്ടുള്ളത്.
കൊറോണ വൈറസ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നത് തടയുന്നതിനുള്ള കര്‍ശന നിയന്ത്രണങ്ങള്‍ പ്രധാന സമ്പദ്വ്യവസ്ഥകളില്‍ ഏര്‍പ്പെടുത്തിയതു മൂലം കയറ്റുമതി ഓര്‍ഡറുകള്‍ തുടര്‍ച്ചയായ പതിനൊന്നാം മാസവും ചുരുങ്ങി. എന്നാല്‍ ആഭ്യന്തര ആവശ്യകത ശക്തിപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ ബിസിനസുകള്‍ വ്യക്തമാക്കുന്ന ഉപ സൂചിക കഴിഞ്ഞ മാസം ഉയര്‍ന്നത്. മഹാമാരി ആരംഭിച്ചതിനു ശേഷമുള്ള മിക്ക മാസങ്ങളിലും എന്നതു പോലെ ജനുവരിയിലും സ്ഥാപനങ്ങള്‍ തൊഴിലുകള്‍ വെട്ടിക്കുറച്ചു.
ചെലവിടലില്‍ കുറഞ്ഞ വേഗതയിലാണെങ്കിലും ഉയരുന്നത് തുടരുകയാണ്. എങ്കിലും, വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി കമ്പനികള്‍ തുടര്‍ച്ചയായ രണ്ടാം മാസവും വില കുറച്ചു. സേവന സമ്പദ്വ്യവസ്ഥയിലെ പ്രധാന ആശങ്കയായി ചെലവിലെ വളര്‍ച്ച നിലനില്‍ക്കുകയാണെന്ന് ഐഎച്ച്എസ് മാര്‍ക്കിറ്റിലെ ഇക്ക്‌ണോമിക്‌സ് അസോസിയേറ്റ് പ്രൊഫസര്‍ പോളിയാന ഡി ലിമ കൂട്ടിച്ചേര്‍ത്തു. വരും മാസങ്ങളില്‍ മൊത്തത്തിലുള്ള പണപ്പെരുപ്പം ഉയരാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ റിസര്‍വ് ബാങ്ക് ഉടന്‍ ധനനയം കൂടുതല്‍ ലഘൂകരിച്ചേക്കാം.
കൊറോണ വാക്‌സിന്‍ നല്‍കിത്തുടങ്ങിയതിന്റെ അടിസ്ഥാനത്തില്‍ ബിസിനസ്സ് പ്രതീക്ഷകള്‍ കഴിഞ്ഞ മാസം 11 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ഉയര്‍ന്നു. സേവനമേഖലയും മാനുഫാക്ചറിംഗ് മേഖലയും ഒരുമിച്ച് കണക്കാക്കുന്ന സംയോജിത പിഎംഐ ഡിസംബറിലെ 54.9 ല്‍ നിന്ന് ജനുവരിയില്‍ 55.8 ആയി ഉയര്‍ന്നു.