September 10, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

‘കേരള ബ്രാൻഡ്’ പോർട്ടൽ മന്ത്രി പി കെ കുഞ്ഞാലികുട്ടി ഉദ്ഘാടനം ചെയ്തു

1 min read

തിരുവനന്തപുരം: കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ആഗോള വിപണിയിൽ മുൻഗണന ലഭ്യമാക്കുന്നതിനായുള്ള ‘കേരള ബ്രാൻഡ്’ പോർട്ടൽ വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് തയ്യാറാക്കിയ ഈ പോർട്ടൽ വഴി ഉയർന്ന ഗുണനിലവാരവും തനിമയും പുലർത്തുന്ന തദ്ദേശീയ ഉൽപ്പന്നങ്ങൾക്ക് ‘MADE IN KERALA’ എന്ന സവിശേഷമായ ആഗോള സ്വത്വം കൈവരും. വെളിച്ചെണ്ണ, കാപ്പി, തേയില, പാദരക്ഷകൾ, നെയ്യ്, തേൻ, കുപ്പിവെള്ളം, പ്ലൈവുഡ്, പി.വി.സി പൈപ്പ്, സർജിക്കൽ റബ്ബർ ഗ്ലൗസ്, കാലിത്തീറ്റ എന്നിങ്ങനെ 11 ഉൽപ്പന്നങ്ങളാണ് ആദ്യഘട്ടത്തിൽ സംസ്ഥാനതല സമിതി ഇതിനായി അംഗീകരിച്ചിട്ടുള്ളത്. കേരളത്തിൽ നിന്നുള്ള അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്നതും പരിസ്ഥിതി സൗഹൃദവും ബാലവേലയോ വിവേചനങ്ങളോ ഇല്ലാത്തതുമായ തൊഴിൽ സാഹചര്യങ്ങളിൽ തയ്യാറാക്കുന്നതുമായ ഉൽപ്പന്നങ്ങൾക്കാണ് അംഗീകാരം നൽകുന്നത്. അതാത് മേഖലകളിലെ നിശ്ചിത ഗുണനിലവാര മാനദണ്ഡങ്ങൾക്കൊപ്പം ഉയർന്ന ധാർമ്മികതയും ഉത്തരവാദിത്ത വ്യാവസായിക രീതികളും പാലിക്കുന്നവയായിരിക്കണം അപേക്ഷ നൽകുന്ന സ്ഥാപനങ്ങൾ. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സംസ്ഥാനതല കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ മുൻനിർത്തി, താലൂക്ക് തല സെലക്ഷൻ കമ്മിറ്റിയുടെ പരിശോധനകൾക്ക് ശേഷമായിരിക്കും ‘കേരള ബ്രാൻഡ്’ സർട്ടിഫിക്കേഷൻ അനുവദിക്കുക. കേരളത്തിൽ തന്നെ ഉത്പാദന യൂണിറ്റുകൾ പ്രവർത്തിക്കുന്നതും UDYAM രജിസ്‌ട്രേഷനും ആവശ്യമായ ക്വാളിറ്റി സർട്ടിഫിക്കറ്റുകളുമുള്ള സംരംഭകർക്ക് പോർട്ടൽ വഴി അപേക്ഷിക്കാം. താലൂക്ക് തലത്തിലുള്ള ഐ.ഇ.ഒ (IEO), എ.ഡി.ഐ.ഒ (ADIO) എന്നിവരുടെ പരിശോധനകൾ പൂർത്തിയാക്കി അർഹരായ സംരംഭങ്ങൾക്ക് സർട്ടിഫിക്കറ്റ് ലഭ്യമാക്കും. താൽപ്പര്യമുള്ള സംരംഭകർക്ക് www.keralabrand.industry.kerala.gov.in സന്ദർശിച്ച് സെൽഫ് ഡിക്ലറേഷൻ ചെക്ക്ലിസ്റ്റും അനുബന്ധ രേഖകളും സമർപ്പിച്ച് കേരള ബ്രാൻഡിന്റെ ഭാഗമാകാം.

  ഏജിസ് ഫെഡറൽ ലൈഫ് സൂപ്പർ പ്രൊട്ടക്ട് പ്ലസ് പ്ലാൻ
Maintained By : Studio3