മില്‍മയുടെ ‘ന്യൂട്രിലെവല്‍’ വിപണിയിൽ
തിരുവനന്തപുരം: ആരോഗ്യസംരക്ഷണ ഉത്പന്ന വിപണിയിലേക്ക് ചുവടുവച്ച് മില്‍മ. മില്‍മയുടെ ആദ്യ പ്രോട്ടീന്‍ സമ്പുഷ്ട ഉത്പന്നമായ ‘ന്യൂട്രിലെവല്‍’ പുറത്തിറക്കി. ന്യൂട്രിലെവല്‍-ന്‍റെ വിപണനോദ്ഘാടനം മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി മില്‍മ ചെയര്‍മാന്‍ കെ. എസ്. മണി യ്ക്ക് നല്കി നിര്‍വഹിച്ചു. മില്‍മയുടെ പുതിയ ഉത്പന്നങ്ങളായ കഫേ മോക്ക, കോള്‍ഡ് കോഫി എന്നീ മില്‍ക്ക്ഷേക്കുകളും ചടങ്ങില്‍ പുറത്തിറക്കി. 2030-ഓടെ 10,000 കോടി രൂപയുടെ വിറ്റുവരവുള്ള പ്രസ്ഥാനമായി മാറാനാണ് മില്‍മ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. മില്‍മ അതിന്‍റെ ലാഭത്തിന്‍റെ 85 ശതമാനം ക്ഷീരകര്‍ഷകരുടെ ക്ഷേമത്തിനായി ക്ഷീര സഹകരണ സംഘങ്ങള്‍ വഴി ചെലവഴിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രായഭേദമെന്യേ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന പോഷകസമൃദ്ധവും ഗുണമേന്‍മാ യേറിയതുമായ ഉത്പന്നമാണ് ‘ന്യൂട്രിലെവല്‍’. സ്പോര്‍ട്സിലും ആരോഗ്യസംരക്ഷണത്തിലും ശ്രദ്ധ പുലര്‍ത്തുന്നവര്‍, പ്രായമായവര്‍, വളര്‍ച്ചയുടെ ഘട്ടത്തിലുള്ള കുട്ടികള്‍, ശാരീരികമായി ദുര്‍ബലരായവര്‍, രോഗ പ്രതിരോധ ശേഷി കുറഞ്ഞവര്‍, പ്രമേഹരോഗികള്‍ തുടങ്ങിയവര്‍ക്ക് ഏറെ പ്രയോജനകരമാകുമിത്. 14 ഗ്രാം പ്രോട്ടീന്‍ അടങ്ങിയ ഈ പാനീയം പേശികളുടെ സംരക്ഷണത്തിന് സഹായിക്കുന്നതിനോടൊപ്പം ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കുകയും പ്രമേഹരോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാതെ സംരക്ഷിക്കുകയും ചെയ്യുന്നു. ഭക്ഷണത്തിന് പകരമായി ‘മീല്‍സ് റീപ്ലെയ്സര്‍’ എന്ന വിധത്തില്‍ ഇത് ഉപയോഗിക്കാനാകും. പാലില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ക്ക് പുറമെ കൃത്യമായ തോതില്‍ കൊഴുപ്പ്, പ്രോട്ടീന്‍, ലാക്ട്രോസ്, ഫ്രക്ട്രോസ്, വൈറ്റമിനുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. സാധാരണ അന്തരീക്ഷ ഊഷ്മാവില്‍ ഒരു വര്‍ഷം വരെ ഇത് കേടുകൂടാതെ സൂക്ഷിക്കാനാകും. ആറുമാസത്തെ പഠനത്തിന് ശേഷമാണ് ഉത്പന്നം വാണിജ്യ രീതിയില്‍ പുറത്തിറക്കുന്നത്. യുവതലമുറയെ ലക്ഷ്യം വെച്ച് മില്‍മ പുറത്തിറക്കുന്ന ‘കഫേ മോക്ക’, ‘കോള്‍ഡ് കോഫി’ എന്നീ മില്‍ക്ക് ഷേക്കുകള്‍ റെഡി ടു ഡ്രിങ്ക് വിപണിയിലെ മില്‍മയുടെ മറ്റൊരു ചുവടുവെപ്പാണ്. ആകര്‍ഷകമായ ടിന്നുകളില്‍ ലഭ്യമാകുന്ന ഇവയ്ക്ക് വിദേശ വിപണികളിലും ആവശ്യക്കാരേറെയാണ്. സാധാരണ ഫ്ളേവേര്‍ഡ് മില്‍ക്കുകളേക്കാള്‍ കട്ടികൂടിയതും രുചികരവുമായ ഈ പാനീയങ്ങള്‍ പുതിയ കാലത്തെ രീതികള്‍ക്കനുസരിച്ചാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ന്യൂട്രിലെവല്‍ 200 മില്ലി പാക്കറ്റിലും കോള്‍ഡ് കോഫിയും കഫേ മോക്കയും 180 മില്ലി ബോട്ടിലുകളിലും ലഭ്യമാണ്. മില്‍മയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ആരോഗ്യകരമായ പ്രോട്ടീന്‍ പാനീയമായ ന്യൂട്രിലെവല്‍ വിപണിയിലെത്തിക്കുന്നതെന്ന് മില്‍മ ചെയര്‍മാന്‍ കെ. എസ്. മണി പറഞ്ഞു. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി വൈവിധ്യവല്‍ക്കരണത്തിന്‍റെ ഭാഗമായി മില്‍മ നൂതന ഉത്പന്നങ്ങളാണ് പുറത്തിറക്കുന്നത്. പ്രമേഹ രോഗികള്‍ക്കും ഫിറ്റ്നസ് ശ്രദ്ധിക്കുന്ന ആളുകള്‍ക്കും ന്യൂട്രിലെവല്‍ പ്രയോജനകരമാണ്. ആരോഗ്യ മേഖലയില്‍ ദൂരവ്യാപകമായ മാറ്റങ്ങള്‍ക്ക് തുടക്കമിടാന്‍ ഇതിലൂടെ സാധിക്കും. മില്‍മയ്ക്ക് ഒരു പൊന്‍ തൂവല്‍ കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മില്‍മ എംഡി ആസിഫ് കെ. യൂസഫ് സ്വാഗതം ആശംസിച്ചു. മലബാര്‍ റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍ (എംആര്‍സിഎംപിയു) എംഡി കെ.സി. ജെയിംസ് ചടങ്ങില്‍ ഉത്പന്ന വിവരണം നടത്തി. മില്‍മ മലബാര്‍ യൂണിയനുകള്‍ക്ക് കീഴിലുള്ള ക്ഷീരസംഘങ്ങളില്‍ നിന്ന് ശേഖരിക്കുന്ന അണുഗുണനിലവാരം ഉറപ്പുവരുത്തിയ പാലാണ് ‘ന്യൂട്രിലെവല്‍’ നായി ഉപയോഗിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

Share our products, reap the rewards—apply to our affiliate program!
ysv9ft
s14cer
d9utg8
6bay4d