സിഎസ്ബി ബാങ്കിന് 567 കോടി രൂപ അറ്റാദായം
കൊച്ചി: സിഎസ്ബി ബാങ്ക് 2024 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 567 കോടി രൂപ അറ്റാദായം കൈവരിച്ചു. മുന്‍വര്‍ഷത്തെ 547 കോടി രൂപയേക്കാള്‍ 4 ശതമാനം വര്‍ധനവാണിത്. ബാങ്കിന്‍റെ പ്രവര്‍ത്തന ലാഭം ഇക്കാലയളവില്‍ 10 ശതമാനം വര്‍ധിച്ച് 780 കോടി രൂപയിലും എത്തിയിട്ടുണ്ട്. അറ്റ പലിശ വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 11 ശതമാനം വര്‍ധിച്ച് 1476 കോടി രൂപയിലെത്തി. പലിശ ഇതര വരുമാനത്തില്‍ 85 ശതമാനം വളര്‍ച്ചയാണു കൈവരിച്ചത്. 2024 മാര്‍ച്ച് 31-ലെ അറ്റ നിഷ്ക്രിയ ആസ്തികള്‍ 0.51 ശതമാനമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്‍റെ നാലാം ത്രൈമാസത്തില്‍ 151.46 കോടി രൂപ അറ്റാദായവും 228 കോടി രൂപ പ്രവര്‍ത്തന ലാഭവും കൈവരിച്ചതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. വെല്ലുവിളികള്‍ക്കിടയിലും തങ്ങള്‍ക്ക് മികച്ച പ്രകടനം കാഴ്ച വെക്കാനായി, ബിസിനസില്‍ 20 ശതമാനം വളര്‍ച്ചയോടെയാണ് 567 കോടി രൂപയുടെ അറ്റാദായം കൈവരിക്കാനായതെന്നും മാനേജിങ് ഡയറക്ടറും സിഇഒയുമായ പ്രലായ് മൊണ്ടല്‍ പറഞ്ഞു.