റെയിൽവേ വികസനം ഗവൺമെന്റിന്റെ മുൻഗണന: പ്രധാനമന്ത്രി
ന്യൂഡൽഹി: പ്രധാനമന്ത്രി ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സമർപ്പിത ചരക്ക് ഇടനാഴിയുടെ ഓപ്പറേഷൻ കൺട്രോൾ സെന്ററിൽ 1,06,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. റെയിൽവേ ഇൻഫ്രാസ്ട്രക്ചർ, കണക്റ്റിവിറ്റി, പെട്രോകെമിക്കൽസ് തുടങ്ങി ഒന്നിലധികം മേഖലകളെ ഉൾക്കൊള്ളുന്നതാണ് ഇന്നത്തെ വികസന പദ്ധതികൾ. 10 പുതിയ വന്ദേ ഭാരത് ട്രെയിനുകളും അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്തു. 2014-ന് മുമ്പുള്ള റെയിൽവേ ബജറ്റുകളുടെ സമീപനത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, പൊതു ബജറ്റിൽ റെയിൽവേ ബജറ്റ് ഉൾപ്പെടുത്തിയതിനെ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. അത് പൊതു ബജറ്റിൽ നിന്ന് റെയിൽവേ ചെലവ് ലഭ്യമാക്കുന്നത് സാധ്യമാക്കി. സമയനിഷ്ഠ, ശുചിത്വം, പൊതു സൗകര്യങ്ങൾ എന്നിവയുടെ അഭാവത്തിന് പുറമേ 2014-ന് മുമ്പ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ 6 തലസ്ഥാനങ്ങളിൽ റെയിൽവേ കണക്റ്റിവിറ്റി ഇല്ലായിരുന്നുവെന്നും 10,000-ത്തിലധികം ആളില്ലാ റെയിൽവേ ക്രോസിംഗുകൾ ഉണ്ടായിരുന്നെന്നും 35 ശതമാനം റെയിൽവേ ലൈനുകൾ മാത്രമേ വൈദ്യുതവൽക്കരിച്ചിരുന്നുള്ളുവെന്നും റെയിൽവേ റിസർവേഷനുകൾ അഴിമതിയും നീണ്ട ക്യൂവും മൂലം നശിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
“നരകതുല്യമായ അവസ്ഥയിൽ നിന്ന് റെയിൽവേയെ കരകയറ്റാനുള്ള ഇച്ഛാശക്തി നമ്മുടെ ഗവൺമെന്റ് പ്രകടിപ്പിച്ചു. ഇപ്പോൾ റെയിൽവേ വികസനം ഗവൺമെന്റിന്റെ മുൻഗണനകളിൽ ഒന്നാണ്,” പ്രധാനമന്ത്രി പറഞ്ഞു. 2014 മുതലുളള ബജറ്റിൽ ആറിരട്ടി വർദ്ധനവ് തുടങ്ങിയ പദ്ധതികൾ വേർതിരിച്ചു പറഞ്ഞ പ്രധാനമന്ത്രി അടുത്ത 5 വർഷത്തിനുള്ളിൽ റെയിൽവേയുടെ പരിവർത്തനം ചിന്തിക്കുന്നതിലും അപ്പുറമാകുമെന്നും ഉറപ്പു നൽകി. ‘ഈ 10 വർഷത്തെ പ്രവർത്തനം ഒരു ട്രെയിലർ മാത്രമാണ്. എനിക്ക് ഒരുപാട് ദൂരം പോകാനുണ്ട്’, അദ്ദേഹം കൂട്ടിച്ചേർത്തു. ഒട്ടുമിക്ക സംസ്ഥാനങ്ങൾക്കും വന്ദേ ഭാരത് ട്രെയിനുകൾ ലഭിച്ചിട്ടുണ്ടെന്ന് മാത്രമല്ല, വന്ദേ ഭാരത് ട്രെയിനുകൾ നൂറെണ്ണം പിന്നിട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. വന്ദേ ഭാരത് നെറ്റ്വർക്ക് രാജ്യത്തെ 250 ജില്ലകളെ ബന്ധിപ്പിക്കുന്നു. ജനങ്ങളുടെ ആഗ്രഹത്തിന് വഴങ്ങി വന്ദേ ഭാരതിന്റെ റൂട്ടുകൾ വിപുലീകരിക്കുകയാണ്.
ഒരു രാജ്യം വികസിതവും സാമ്പത്തികമായി പര്യാപ്തവുമാകുന്നതിൽ റെയിൽവേയുടെ നിർണായക പങ്ക് ചൂണ്ടിക്കാട്ടി, ”റെയിൽവേയുടെ പരിവർത്തനം വികസിത് ഭാരതിന്റെ ഉറപ്പാണ്” എന്ന് പ്രധാനമന്ത്രി പറഞ്ഞു. റെയിൽവേയുടെ പരിവർത്തന ഭൂമികയിലേക്ക് അദ്ദേഹം വെളിച്ചം വീശുകയും അതിവേഗത്തിൽ റെയിൽവേ ട്രാക്കുകൾ സ്ഥാപിക്കുകയും 1300 ലധികം റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനം, വന്ദേ ഭാരത്, നമോ ഭാരത്, അമൃത് ഭാരത് തുടങ്ങിയ അടുത്ത തലമുറ ട്രെയിനുകൾ ഫ്‌ളാഗ് ഓഫ് ചെയ്യുകയും ആധുനിക റെയിൽവേ എഞ്ചിനുകളും കോച്ച് ഫാക്ടറികളും അനാച്ഛാദനം ചെയ്യുകയും ചെയ്തു.
ഗതി ശക്തി കാർഗോ ടെർമിനൽ പോളിസിക്ക് കീഴിൽ, ഭൂമി പാട്ടത്തിന് നൽകുന്ന നയം ലഘൂകരിക്കുകയും ഓൺലൈൻ ആക്കി സുതാര്യമാക്കുകയും ചെയ്തതിനാൽ കാർഗോ ടെർമിനലിന്റെ നിർമ്മാണം വർധിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഗതി ശക്തി സർവകലാശാല സ്ഥാപിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. റെയിൽവേയുടെ നവീകരണവുമായി ബന്ധപ്പെട്ട പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രി തുടർന്ന് പരാമർശിക്കുകയും ആളില്ലാ ലെവൽ ക്രോസിംഗുകൾ ഒഴിവാക്കുന്നതിനെക്കുറിച്ചും ഓട്ടോമാറ്റിക് സിഗ്‌നലിംഗ് സംവിധാനങ്ങളെക്കുറിച്ചും അറിയിക്കുകയും ചെയ്തു. 100 ശതമാനം വൈദ്യുതീകരണത്തിലേക്ക് രാജ്യം നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. സൗരോർജത്തിൽ പ്രവർത്തിക്കുന്ന സ്റ്റേഷനുകളും ജൻ ഔഷധി കേന്ദ്രങ്ങളും സ്റ്റേഷനുകളിൽ വരുന്നു.
‘ഈ റെയിൽവേ ട്രെയിനുകളുടെയും ട്രാക്കുകളുടെയും സ്റ്റേഷനുകളുടെയും നിർമ്മാണം ഒരു ഇന്ത്യൻ നിർമ്മിത ആവാസവ്യവസ്ഥയെ സൃഷ്ടിക്കുകയാണ്’, പ്രധാനമന്ത്രി പറഞ്ഞു. ശ്രീലങ്ക, മൊസാംബിക്, സെനഗൽ, മ്യാൻമർ, സുഡാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് മെയ്ഡ് ഇൻ ഇന്ത്യ ലോക്കോമോട്ടീവുകളും കോച്ചുകളും കയറ്റുമതി ചെയ്യുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. മെയ്ഡ് ഇൻ ഇന്ത്യ സെമി ഹൈസ്പീഡ് ട്രെയിനുകളുടെ ആവശ്യം ഇത്തരം നിരവധി ഫാക്ടറികളുടെ ആവിർഭാവത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. റെയിൽവേയുടെ പുനരുജ്ജീവനവും പുതിയ നിക്ഷേപങ്ങളും പുതിയ തൊഴിലവസരങ്ങൾ ഉറപ്പുനൽകുന്നു, പ്രധാനമന്ത്രി പറഞ്ഞു. ഈ സംരംഭങ്ങളെ തിരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നവരെ പ്രധാനമന്ത്രി വിമർശിച്ചു. ‘ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഈ വികസന പദ്ധതികൾ ഒരു ഗവൺമെന്റ് രൂപീകരിക്കാനുള്ളതല്ല, അവ രാഷ്ട്രനിർമ്മാണത്തിന്റെ ദൗത്യമാണ്, അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തെ വികസനത്തിന്റെ ഉദാഹരണമായി കിഴക്കൻ, പടിഞ്ഞാറൻ സമർപ്പിത ചരക്ക് ഇടനാഴികൾ പ്രധാനമന്ത്രി അവതരിപ്പിച്ചു. ചരക്കു തീവണ്ടികൾക്കായുള്ള ഈ പ്രത്യേക ട്രാക്ക് വേഗത മെച്ചപ്പെടുത്തുന്നതിനൊപ്പം കൃഷി, വ്യവസായം, കയറ്റുമതി, ബിസിനസ്സ് എന്നിവയ്ക്കും പ്രധാനമാണ്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ, കിഴക്കും പടിഞ്ഞാറും തീരങ്ങളെ ബന്ധിപ്പിക്കുന്ന ഈ ചരക്ക് ഇടനാഴി ഏകദേശം പൂർത്തിയായി. ഇന്ന് 600 കിലോമീറ്റർ ചരക്ക് ഇടനാഴി ഉദ്ഘാടനം ചെയ്തു, അഹമ്മദാബാദിൽ ഓപ്പറേഷൻ കൺട്രോൾ സെന്റർ ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ ശ്രമഫലമായി ഈ ഇടനാഴിയിൽ ചരക്ക് തീവണ്ടികളുടെ വേഗത ഇപ്പോൾ ഇരട്ടിയിലധികമായി വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഴുവൻ ഇടനാഴിയിലും ഒരു വ്യവസായ ഇടനാഴി വികസിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് റെയിൽവേ ഗുഡ്‌സ് ഷെഡ്, ഗതി ശക്തി മൾട്ടിമോഡൽ കാർഗോ ടെർമിനൽ, ഡിജിറ്റൽ കൺട്രോൾ സ്റ്റേഷൻ, റെയിൽവേ വർക്ക്‌ഷോപ്പ്, റെയിൽവേ ലോക്കോ ഷെഡ്, റെയിൽവേ ഡിപ്പോ എന്നിവയും പലയിടത്തും ഉദ്ഘാടനം ചെയ്യപ്പെട്ടുവെന്നും ഇത് ചരക്ക് ഗതാഗതത്തിലും നല്ല സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഇന്ത്യൻ റെയിൽവേയെ ആത്മനിർഭർ ഭാരത്, വോക്കൽ ഫോർ ലോക്കൽ എന്നിവയ്ക്കായുള്ള മാധ്യമമാക്കുക എന്നതാണ് സർക്കാരിന്റെ ഊന്നൽ’, രാജ്യത്തെ വിശ്വകർമജർ, കരകൗശല വസ്തുക്കൾ നിർമ്മിക്കുന്ന സ്ത്രീ പുരുഷൻമാർ, സ്വയം സഹായ സംഘങ്ങൾ എന്നിവർ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ ഇനി റെയിൽവേ സ്റ്റേഷനുകളിൽ വിൽക്കുമെന്ന് അറിയിച്ച പ്രധാനമന്ത്രി, ഒരു സ്റ്റേഷൻ ഒരു ഉൽപ്പന്നം പദ്ധതിയിലൂടെ ഇതിനകം 1500 സ്റ്റാളുകൾ തുറന്നതായും അറിയിച്ചു.