വേളി കണ്‍വെന്‍ഷന്‍ സെന്‍റര്‍ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: വേളി ടൂറിസ്റ്റ് വില്ലേജിന്‍റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ടൂറിസം വകുപ്പ് നിര്‍മ്മിച്ച അന്തര്‍ദേശീയ നിലവാരത്തിലുള്ള കണ്‍വെന്‍ഷന്‍ സെന്‍ററിന്‍റെ ഉദ്ഘാടനം ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍, എംപി മാരായ ശശി തരൂര്‍, എ എ. റഹീം, കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളാകും. ടൂറിസം ഡയറക്ടര്‍ പി ബി. നൂഹ്, കെടിഐഎല്‍ ചെയര്‍മാന്‍ സജീഷ് എസ്.കെ, എംഡി മനോജ് കിണി, കെടിഡിസി എംഡി ശിഖ സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിക്കും. വിദേശ/ആഭ്യന്തര വിനോദസഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനായി വേളി ടൂറിസ്റ്റ് വില്ലേജില്‍ കണ്‍വെന്‍ഷന്‍ സെന്‍ററിനൊപ്പം വിവിധോദ്ദേശ്യ ടൂറിസ്റ്റ് ഫെസിലിറ്റി സെന്‍ററും ഒരുക്കിയിട്ടുണ്ട്. ഇരുപത് കോടി രൂപ ചെലവഴിച്ചാണ് കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. വിനോദ സഞ്ചാര സാധ്യത കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനുമായി വേളിയില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ രണ്ടാംഘട്ടമാണിത്. 27,000 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള കണ്‍വെന്‍ഷന്‍ സെന്‍ററില്‍ 750 പേര്‍ക്കുള്ള ഇരിപ്പിട സൗകര്യമുണ്ട്. 300 പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാം. 60 കാറുകള്‍ പാര്‍ക്ക് ചെയ്യാനും സൗകര്യമുണ്ട്. വേളി ടൂറിസ്റ്റ് വില്ലേജിലെ വികസന പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടത്തില്‍ മിനിയേച്ചര്‍ ട്രെയിന്‍ പദ്ധതി ടൂറിസം വകുപ്പ് വിജയകരമായി നടപ്പിലാക്കിയിരുന്നു.