അപകടം പതിയിരിക്കുന്ന ഡാമുകൾ
1 min readകാലപ്പഴക്കം ചെന്ന, സുരക്ഷിതമല്ലാത്ത അണക്കെട്ടുകൾ ഇന്ത്യയ്ക്കും ഭീഷണി: യുഎൻ റിപ്പോർട്ട്
കാലാവധി കഴിഞ്ഞ, കാലപ്പഴക്കം കൂടിയ അണക്കെട്ടുകൾ ലോകത്തിന് ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് യുഎൻ റിപ്പോർട്ട്. 2050ഓടെ ഭൂമിയിലെ ഭൂരിഭാഗം ജനങ്ങളും ഇരുപതാം നൂറ്റാണ്ടിൽ നിർമിച്ച പതിനായിരക്കണക്കിന് ഡാമുകളുടെ പരിസര പ്രദേശങ്ങളിലാകും ജീവിക്കുകയെന്നും അവയിൽ ജനജീവിതത്തിന് ഭീഷണി ഉയർത്തുന്ന കാലാവധി കഴിഞ്ഞ ഇന്ത്യയിലെ നിരവധി ഡാമുകളും ഉൾപ്പെടുന്നുവെന്നും ഐക്യരാഷ്ട്രസഭ സർവ്വകലാശാല (യുഎൻയു) വിലയിരുത്തുന്നു. ഇന്ത്യയെ കൂടാതെ, യുഎസ്, ഫ്രാൻസ്, കാനഡ, ജപ്പാൻ, സാംബിയ, സിംബാവെ എന്നീ രാജ്യങ്ങളിലെ കാലാവധി കഴിഞ്ഞ ഡാമുകളുടെ കേസ് സ്റ്റഡികളും യുഎൻ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ലോകത്താകമാനമുള്ള 58,700 വലിയ ഡാമുകൾ 1930നും 1970നും ഇടയിൽ നിർമിച്ചവയാണെന്നും 50 വർഷം മുതൽ 100 വർഷം വരെ കാലാവധി കണക്കാക്കിയാണ് അവ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു. 50 വർഷം പിന്നിട്ടാൽ വലിയ അളവിൽ ജലം സംഭരിച്ചിരിക്കുന്ന ഡാമുകൾ കാലപ്പഴക്കത്തിന്റേതായ സൂചനകൾ നൽകിത്തുടങ്ങും. അടിക്കടിയുള്ള പ്രവർത്തനം നിലയ്ക്കൽ, കേടുപാടുകൾ തീർക്കുന്നതിനും അറ്റകുറ്റപ്പണികൾക്കുമായുള്ള ചിലവിലെ വർധനവ്, റിസർവോയറുകളിൽ കൂടിയ അളവിൽ മണ്ണ് അടിയൽ, ഡാമിന്റെ പ്രവർത്തനക്ഷമത കുറയൽ എന്നിവയെല്ലാം അണക്കെട്ടുകളുടെ കാലപ്പഴക്കത്തിന്റെ ലക്ഷണങ്ങളാണ്.
മികച്ച രീതിയിൽ രൂപകൽപ്പ ചെയ്ത് നിർമിച്ച, കൃത്യമായ അറ്റകുറ്റപ്പണികൾ ചെയ്യുന്ന ഡാമുകൾ 100 വർഷം വരെ യാതൊരുവിധ പ്രശ്നങ്ങളും കൂടാകെ പ്രവർത്തിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ സാമ്പത്തികവും പ്രാവർത്തികവുമായ പരിമിതികൾ മൂലം കാലപ്പഴക്കം ചെന്ന ഡാമുകളെ നവീകരിക്കാനാകാത്തതോ അല്ലെങ്കിൽ അവയുടെ പ്രവർത്തന ഉദ്ദേശ്യം കാലഹരണപ്പെടുകയോ ചെയ്തത് മൂലം അമേരിക്കയിലും യൂറോപ്പിലുമുള്ള ഡാമുകൾ ഡീകമ്മീഷൻ ചെയ്യുന്നത് കൂടി വരികയാണെന്നും യുഎൻയുയുടെ കാനഡ ആസ്ഥാനമായുള്ള ജല, പാരിസ്ഥിതിക, ആരോഗ്യ ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ ‘ഏയ്ജിംഗ് വാട്ടർ ഇൻഫ്രാസ്ട്രക്ചർ: ഏമേർജിംഗ് ഗ്ലോബൽ റിസ്ക്’ എന്ന റിപ്പോർട്ടിൽ പറയുന്നു.
ലോകമെമ്പാടുമുള്ള ഡാമുകളുടെ കാലപ്പഴത്തെ കുറിച്ചും ജല വിതരണം, ജലസേചനം, വെള്ളപ്പൊക്ക നിയന്ത്രണം, ജലവൈദ്യുതി, വിനോദം തുടങ്ങി അവയുടെ പ്രധാന ഉദ്ദേശ്യങ്ങളെ കുറിച്ചുമുള്ള മൊത്തത്തിലുള്ള കാഴ്ചപ്പാടാണ് റിപ്പോർട്ടിലുള്ളത്. കൂടാതെ, കാലപ്പഴക്കം ചെന്ന ഡാമുകൾ ഉയർത്തുന്ന വെല്ലുവിളികൾ, അറ്റക്കുറ്റപ്പണികൾക്ക് വേണ്ടി വരുന്ന മുതൽമുടക്ക്, മണ്ണ് അടിയുന്നത് മൂലം പ്രവർത്തനക്ഷമതയിലുണ്ടാകുന്ന കുറവ്, പരിസ്ഥിതിയെ വീണ്ടെടുക്കുന്നതിന്റെയും റീഡിസൈൻ ചെയ്യുന്നതിന്റെയും നേട്ടം, സാമൂഹിക ആഘാതങ്ങൾ തുടങ്ങി ജലസംഭരണികളുമായി ബന്ധപ്പെട്ട പല വിഷയങ്ങൾ റിപ്പോർട്ട് ചർച്ച ചെയ്യുന്നുണ്ട്.
ലോകത്തിന്റെ വിവിധയിടങ്ങളിലുള്ള വലിയ ഡാമുകളിൽ ഏതാണ്ട് 7,000 മുതൽ 8,300 ക്യൂബിക് കിലോമീറ്റർ ജലം സംഭരിക്കപ്പെട്ടിരിക്കുന്നുവെന്
ജല സംഭരണികളുടെ കാലപ്പഴക്കമെന്ന അധികമാരും ചർച്ച ചെയ്യാൻ ഇഷ്ടപ്പെടാത്ത വിഷയത്തിലേക്ക് ലോകശ്രദ്ധ ക്ഷണിക്കുകയെന്നതാണ് റിപ്പോർട്ട് ലക്ഷ്യമിടുന്നതെന്ന് യുഎൻയു ഐഎൻഡബ്ല്യൂഇഎച്ച് ഡയറക്ടർ വ്ളാദിമർ സ്മാക്തിൻ പറഞ്ഞു. ലോകമെമ്പാടും അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കവും പ്രളയവും മറ്റ് പ്രകൃതി ദുരന്തങ്ങളും ഡാമുകളുടെ കാലാവധിയെ സ്വാധീനിക്കുമെന്നതിനാൽ ഈ വസ്തുത കൂടി കണക്കിലെടുത്താകണം ഡാമുകളുടെ ഡീകമ്മീഷനിംഗിനെ കുറിച്ച് തീരുമാനമെടുക്കേണ്ടതെന്നും സ്മാക്തിൻ പറഞ്ഞു.
അതേസമയം കാലപ്പഴക്കം ചെന്ന ഡാമുകൾ എന്നത് ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളുടെ മാത്രം പ്രശ്നമാണ്. ലോകത്തിലെ 95 ശതമാനം വലിയ ഡാമുകളും 25 രാജ്യങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ വലിയ ഡാമുകളിൽ 40 ശതമാനവും ചൈനയിലാണ്; 23,841 എണ്ണം. 32,716 ഡാമുകൾ (വലിയ ഡാമുകളുടെ 55 ശതമാനം) ചൈന, ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ നാല് ഏഷ്യൻ രാജ്യങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ഇവയിൽ ഭൂരിഭാഗവും 50 വർഷം പഴക്കമുള്ളവയാണ്. ആഫ്രിക്ക, തെക്കൻ അമേരിക്ക, പടിഞ്ഞാറൻ യൂറോപ്പ് എന്നിവിടങ്ങളിലുള്ള വലിയ ഡാമുകളുടെയും സ്ഥിതി വ്യത്യസ്തമല്ല.
ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയിലാണ് ഏഷ്യ,യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ ഏറ്റവും കൂടുതൽ വലിയ ഡാമുകൾ നിർമിച്ചത്, പ്രത്യേകിച്ച് 1960-70 കാലഘട്ടത്തിൽ. അതിനു ശേഷം വലിയ ഡാമുകളുടെ നിർമാണത്തിൽ കുറവ് വന്നു. ഇരുപത് നൂറ്റാണ്ടിന്റെ പകുതിയിൽ കണ്ടത് പോലെ വലിയ ഡാമുകളുടെ നിർമാണം ഇനിയങ്ങോട്ട് ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ് നാല് ദശകങ്ങളിൽ വലിയ ഡാമുകളുടെ നിർമാണത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. എന്നാൽ ഇരുപതാം നൂറ്റാണ്ടിൽ നിർമിച്ച ഡാമുകൾ ഇപ്പോൾ അപകട ഭീഷണി ഉയർത്തി നിൽക്കുകയാണ്.