ഹ്യുണ്ടായ് എന്‍ ബ്രാന്‍ഡ് ഇന്ത്യയിലേക്ക്
ഈ വര്‍ഷം മധ്യത്തോടെ ഹ്യുണ്ടായ് ഐ20 എന്‍ അവതരിപ്പിച്ച് ഇന്ത്യയില്‍ എന്‍ ബ്രാന്‍ഡിന് തുടക്കം കുറിക്കും
ന്യൂഡെല്‍ഹി: ഹ്യുണ്ടായുടെ ‘എന്‍’ ബ്രാന്‍ഡ് ഇന്ത്യയില്‍ വരുന്നു. ‘ഫണ്‍ ടു ഡ്രൈവ്’ പെര്‍ഫോമന്‍സ് കാറുകളാണ് എന്‍ ബ്രാന്‍ഡില്‍ ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കള്‍ വിപണിയിലെത്തിക്കുന്നത്. സ്‌കോഡ ആര്‍എസ്, ഫോക്‌സ് വാഗണ്‍ ജിടിഐ, ഫോഡ് ആര്‍എസ് കാറുകള്‍ക്ക് സമാനമാണ് ഹ്യുണ്ടായുടെ ‘എന്‍’ പെര്‍ഫോമന്‍സ് ബ്രാന്‍ഡ് കാറുകള്‍. വേള്‍ഡ് റാലി ചാമ്പ്യന്‍ഷിപ്പിന്റെ അനുഭവത്തില്‍നിന്നാണ് ഹ്യുണ്ടായ് തങ്ങളുടെ എന്‍ കാറുകള്‍ സൃഷ്ടിക്കുന്നത്.
ഈ വര്‍ഷം മധ്യത്തോടെ ഹ്യുണ്ടായ് ഐ20 എന്‍ ലൈന്‍ അവതരിപ്പിച്ച് ഇന്ത്യയില്‍ എന്‍ ബ്രാന്‍ഡിന് തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് വിപണികളിലേതുപോലെ 120 എച്ച്പി പുറപ്പെടുവിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍, കൂടുതല്‍ സ്‌പോര്‍ട്ടിയായ എക്‌സോസ്റ്റ്, സസ്‌പെന്‍ഷനില്‍ ചെറിയ മാറ്റങ്ങള്‍ എന്നിവയോടെ കാര്‍ അവതരിപ്പിക്കും. അകത്തും പുറത്തും കൂടുതല്‍ അലങ്കാരങ്ങള്‍ ഉണ്ടായിരിക്കും. പന്ത്രണ്ട് ലക്ഷം രൂപയോളം വില പ്രതീക്ഷിക്കാം. 204 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന ഹ്യുണ്ടായ് ഐ20 എന്‍ മോഡല്‍ ഇതേതുടര്‍ന്ന് ഇറക്കുമതി ചെയ്‌തേക്കും. 25 ലക്ഷത്തിനും 30 ലക്ഷത്തിനുമിടയില്‍ വില പ്രതീക്ഷിക്കാം.
ഇറക്കുമതി ചെയ്യുന്ന എന്‍ കാറിന് ലഭിക്കുന്ന പ്രതികരണം മനസ്സിലാക്കി കൂടുതല്‍ കരുത്തുറ്റ എന്‍ കാറുകള്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്ന കാര്യം ഹ്യുണ്ടായ് ആലോചിക്കും. മെഴ്‌സേഡസ് എഎംജി കാറുകള്‍ ഈയിടെ ഇന്ത്യയില്‍ നിര്‍മിച്ചുതുടങ്ങിയിരുന്നു. നിയോസ്, വെന്യൂ, ഇലാന്‍ട്ര മോഡലുകളുടെ എന്‍ പതിപ്പുകളും ഇന്ത്യയില്‍ അവതരിപ്പിച്ചേക്കും. നേരത്തെ ബിഎംഡബ്ല്യു എം ഡിവിഷന്റെ ചുമതല വഹിച്ചിരുന്ന ആല്‍ബര്‍ട്ട് ബിയര്‍മാനാണ് ഇപ്പോള്‍ ഹ്യുണ്ടായ് എന്‍ ഉപബ്രാന്‍ഡിന്റെ മേധാവി. ജര്‍മനി, യുകെ ഉള്‍പ്പെടെയുള്ള വിപണികളില്‍ എന്‍ ബാഡ്ജ് കാറുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്.