ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഔഡി, ഫോ ചങ്ങാത്തം
1 min readഔഡി എജി, ഫോക്‌സ് വാഗണ്‍ ഗ്രൂപ്പ് ചൈന എന്നിവര്‍ക്ക് പുതിയ കമ്പനിയില്‍ 60 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടായിരിക്കും
ബെയ്ജിംഗ്: വൈദ്യുത വാഹനങ്ങള്‍ വികസിപ്പിക്കുന്നതിന് ഔഡി, ചൈനീസ് കാര്‍ നിര്‍മാതാക്കളായ ഫോ എന്നിവര്‍ ചേര്‍ന്ന് പുതിയ കമ്പനി രൂപീകരിച്ചു. ഇതുസംബന്ധിച്ച കരാര്‍ ഇരു കമ്പനികളും ഒപ്പുവെച്ചു. പുതിയ കമ്പനിയുടെ ആസ്ഥാനം വടക്കുകിഴക്കന്‍ ചൈനയിലെ ചാങ്ചുന്‍ ആയിരിക്കുമെന്ന് ഔഡി മാനേജ്‌മെന്റ് ബോര്‍ഡ്, ഫോക്‌സ് വാഗണ്‍ ഗ്രൂപ്പ് സൂപ്പര്‍വൈസറി ബോര്‍ഡ്, ഫോ ഗ്രൂപ്പ് മാനേജ്‌മെന്റ് ബോര്‍ഡ് അറിയിച്ചു.
ഔഡി എജി, ഫോക്‌സ് വാഗണ്‍ ഗ്രൂപ്പ് ചൈന എന്നിവര്‍ക്ക് പുതിയ കമ്പനിയില്‍ 60 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടായിരിക്കും. ചൈനയില്‍ ഔഡിയുടെ താല്‍പ്പര്യം സംരക്ഷിക്കപ്പെടുന്ന ആദ്യ സംയുക്ത കമ്പനിയാണ് യാഥാര്‍ത്ഥ്യമാകുന്നത്. പോര്‍ഷയുമായി ചേര്‍ന്ന് വികസിപ്പിച്ച പ്രീമിയം ഇലക്ട്രിക് പ്ലാറ്റ്‌ഫോമില്‍ (പിപിഇ) പൂര്‍ണ വൈദ്യുത ഔഡി മോഡലുകള്‍ തദ്ദേശീയമായി നിര്‍മിക്കുന്നതിനാണ് പുതിയ കമ്പനി രൂപീകരിച്ചത്.
2024 ഓടെ ഫോയുമായി ചേര്‍ന്ന് ആദ്യ പിപിഇ മോഡല്‍ തദ്ദേശീയമായി നിര്‍മിച്ചുതുടങ്ങും. വില്‍പ്പനയുടെ ചുമതല ഫോ ഔഡി സെയില്‍സ് കമ്പനിക്ക് ആയിരിക്കും. പുതിയ നീക്കത്തിലൂടെ തങ്ങളുടെ ഏറ്റവും വലിയ വിദേശ വിപണിയില്‍ സാന്നിധ്യം വീണ്ടും ശക്തമാക്കുകയാണ് ഔഡി. ഫോയുമായുള്ള പുതിയ പങ്കാളിത്തം വഴി 2021 അവസാനത്തോടെ തദ്ദേശീയമായി നിര്‍മിക്കുന്ന മോഡലുകളുടെ എണ്ണം 12 ആയി വര്‍ധിപ്പിക്കുകയാണ് ഔഡിയുടെ ലക്ഷ്യം.
[bctt tweet=”ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഔഡി, ഫോ ചങ്ങാത്തം” username=”futurekeralaa”]
സായിക് ഫോക്‌സ് വാഗണ്‍ എന്ന മറ്റൊരു പങ്കാളിയുമായി നിര്‍മിക്കുന്ന മോഡലുകള്‍ അടുത്ത വര്‍ഷം വിപണിയില്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു. ചൈനീസ് വിപണിയില്‍ ഇതുവരെ എഴുപത് ലക്ഷത്തോളം വാഹനങ്ങളാണ് ഔഡി ഡെലിവറി ചെയ്തത്. 2020 ല്‍ മാത്രം 7,27,358 വാഹനങ്ങള്‍ വില്‍പ്പന നടത്തി. കഴിഞ്ഞ മുപ്പത് വര്‍ഷത്തെ ചൈനീസ് ബിസിനസ്സില്‍ ഏറ്റവും മികച്ച വില്‍പ്പന.