23 ലക്ഷം വില്‍പ്പന താണ്ടി മാരുതി സ്വിഫ്റ്റ്
2020 കലണ്ടര്‍ വര്‍ഷത്തില്‍ 1,60,700 യൂണിറ്റ് സ്വിഫ്റ്റ് ഹാച്ച്ബാക്കാണ് ഇന്ത്യയില്‍ വിറ്റത്
ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഇതുവരെ വിറ്റത് 23 ലക്ഷം യൂണിറ്റ് മാരുതി സുസുകി സ്വിഫ്റ്റ്. പതിനഞ്ച് വര്‍ഷമെടുത്താണ് ഈ നാഴികക്കല്ല് താണ്ടിയത്. കൊവിഡ് 19 പ്രതിസന്ധികള്‍ക്കിടയിലും 2020 കലണ്ടര്‍ വര്‍ഷത്തില്‍ 1,60,700 യൂണിറ്റ് സ്വിഫ്റ്റ് ഹാച്ച്ബാക്കാണ് ഇന്ത്യയില്‍ വിറ്റത്. ഇതോടെയാണ് പുതിയ നേട്ടം കൈവരിച്ചത്.
2005 ലാണ് ആദ്യ തലമുറ സ്വിഫ്റ്റ് ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചത്. മാരുതി സുസുകിയുടെ ഭാഗധേയം മാറ്റിമറിക്കുന്നതില്‍ നിര്‍ണായ പങ്ക് വഹിച്ച മോഡലാണ് സ്വിഫ്റ്റ്. വിപണിയില്‍ അവതരിപ്പിച്ച കാലം മുതല്‍ ഇന്തോ ജാപ്പനീസ് കാര്‍ നിര്‍മാതാക്കളുടെ ബെസ്റ്റ് സെല്ലിംഗ് മോഡലുകളിലൊന്നാണ് സ്വിഫ്റ്റ് ഹാച്ച്ബാക്ക്. 2018 ഓട്ടോ എക്‌സ്‌പോയിലാണ് നിലവിലെ തലമുറ സ്വിഫ്റ്റ് അവതരിപ്പിച്ചത്.
ആദ്യ അഞ്ച് ലക്ഷം വില്‍പ്പന താണ്ടുന്നതിന് അഞ്ച് വര്‍ഷമെടുത്തെങ്കില്‍ രണ്ടാമത്തെ അഞ്ച് ലക്ഷം വില്‍ക്കുന്നതിന് മൂന്ന് വര്‍ഷം മതിയായിരുന്നു. 2016 ലാണ് 15 ലക്ഷം യൂണിറ്റ് വില്‍പ്പന താണ്ടിയത്. നാല് വര്‍ഷത്തിനുശേഷം ആകെ വില്‍പ്പന 23 ലക്ഷം യൂണിറ്റ് കടന്നു.
നിരന്തര പിന്തുണയ്ക്കും സ്വിഫ്റ്റ് ബ്രാന്‍ഡില്‍ വിശ്വാസമര്‍പ്പിക്കുന്നതിനും എല്ലാ ഉപയോക്താക്കളെയും നന്ദി അറിയിക്കുന്നതായി മാരുതി സുസുകി ഇന്ത്യ വിപണന, വില്‍പ്പന വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.
1.2 ലിറ്റര്‍ കെ12 4 സിലിണ്ടര്‍ പെട്രോള്‍, 1.3 ലിറ്റര്‍, 4 സിലിണ്ടര്‍, ഡിഡിഐഎസ് ഡീസല്‍ എന്നിവയാണ് എന്‍ജിന്‍ ഓപ്ഷനുകള്‍. പെട്രോള്‍ എന്‍ജിന്‍ 82 ബിഎച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. ഡീസല്‍ മോട്ടോര്‍ പുറപ്പെടുവിക്കുന്നത് 74 ബിഎച്ച്പി, 190 എന്‍എം എന്നിങ്ങനെയാണ്. രണ്ട് എന്‍ജിനുകളുടെയും സ്റ്റാന്‍ഡേഡ് കൂട്ട് 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ്. 5 സ്പീഡ് ഓട്ടോമാറ്റിക് ഓപ്ഷണലായി ലഭിക്കും. പെട്രോള്‍, ഡീസല്‍ വേര്‍ഷനുകളുടെ ഇന്ധനക്ഷമത യഥാക്രമം 22 കിമീ, 28.4 കിലോമീറ്ററാണ്.