ജി 20 ഷെർപ്പമാരുടെ രണ്ടാം യോഗം കുമരകത്ത്
1 min read
ന്യൂഡൽഹി: ഇന്ത്യയുടെ ജി 20 അധ്യക്ഷപദത്തിനു കീഴിലുള്ള ജി 20 ഷെർപ്പമാരുടെ രണ്ടാം യോഗം 2023 മാർച്ച് 30 മുതൽ ഏപ്രിൽ 2 വരെ കേരളത്തിലെ കുമരകത്തു നടക്കും. ഇന്ത്യയുടെ ജി 20 ഷെർപ്പ ശ്രീ അമിതാഭ് കാന്ത് അധ്യക്ഷനാകും. ജി 20 അംഗങ്ങൾ, ക്ഷണിക്കപ്പെട്ട 9 രാഷ്ട്രങ്ങൾ, വിവിധ അന്താരാഷ്ട്ര- പ്രാദേശിക സംഘടനകൾ എന്നിവയിൽ നിന്നുള്ള 120-ലധികം പ്രതിനിധികൾ പങ്കെടുക്കുന്ന നാലു ദിവസത്തെ സമ്മേളനത്തിൽ, ജി20 യുടെ സാമ്പത്തിക-വികസന മുൻഗണനകളെക്കുറിച്ചും സമകാലിക ആഗോള വെല്ലുവിളികൾ അഭിമുഖീകരിക്കുന്നതിനെക്കുറിച് ചും ബഹുമുഖ ചർച്ചകൾ നടക്കും. നയപരമായ സമീപനങ്ങളിലും കൃത്യമായ നടപ്പാക്കലിലും ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കും.
ആഗോളതലത്തിൽ ആശങ്കയുണർത്തുന്ന നിരവധി വിഷയങ്ങളിൽ ഷെർപ്പമാരുടെ രണ്ടാം യോഗം പ്രവർത്തിക്കും. കൂടാതെ ഷെർപ്പ ട്രാക്കിനുള്ളിലെ 13 പ്രവർത്തകസമിതികൾക്കുകീഴിൽ നടക്കുന്ന പ്രവർത്തനങ്ങളും ചർച്ചയാകും. കൂടാതെ, 11 നിർവഹണസമിതികളും 4 സംരംഭങ്ങളും (ഗവേഷണ-നവീകരണ സംരംഭ സദസ് അഥവാ ആർഐഐജി, അധികാരസമിതി, ബഹിരാകാശ സാമ്പത്തിക തലവന്മാരുടെ യോഗം അഥവാ എസ്ഇഎൽഎം, മുഖ്യ ശാസ്ത്ര ഉപദേഷ്ടാക്കളുടെ വട്ടമേശസമ്മേളനം അഥവാ സിഎസ്എആർ) പൊതുസമൂഹം, സ്വകാര്യ മേഖല, പഠന-ഗവേഷണ വിഭാഗം, സ്ത്രീകൾ, യുവാക്കൾ, ശാസ്ത്രപുരോഗതി, ഗവേഷണം എന്നിവയുടെ വീക്ഷണകോണിൽനിന്നു നയശുപാർശകളേകും. ഷെർപ്പ യോഗങ്ങളുടെ ചർച്ചകൾ വിവിധ ഷെർപ്പ ട്രാക്ക് – സാമ്പത്തിക ട്രാക്ക് യോഗങ്ങളുടെ അനന്തരഫലങ്ങൾ മുന്നോട്ടു കൊണ്ടുപോകും. 2023 സെപ്തംബറിൽ നടക്കുന്ന ന്യൂഡൽഹി ഉച്ചകോടിയിൽ അംഗീകരിക്കാൻ ഉദ്ദേശിക്കുന്ന നേതാക്കളുടെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനമായി മാറുകയും ചെയ്യും.
ഈ കാലഘട്ടത്തിലെ വൈവിധ്യമാർന്ന ആഗോള വെല്ലുവിളികൾ, വികസ്വര രാജ്യങ്ങളുടെ ആശങ്കകൾ, സമാനമായ അന്താരാഷ്ട്ര കാര്യപരിപാടികൾ, പ്രത്യേകിച്ചു വികസനവും പരിസ്ഥിതി അജണ്ടയും മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള കൂട്ടായ പ്രവർത്തനത്തിന്റെ ആവശ്യകത എന്നിവ കണക്കിലെടുത്താണ് ഇന്ത്യ ജി20 മുൻഗണനകൾ തെരഞ്ഞെടുത്തത്. ഈ സാഹചര്യത്തിൽ, ഇന്ത്യയുടെ ജി20 പ്രമേയമായ “വസുധൈവ കുടുംബകം – ഒരു ഭൂമി – ഒരു കുടുംബം – ഒരു ഭാവി” വിശാലമായ പിന്തുണ വർധിപ്പിക്കുന്നതിനും നിർണായകവും അഭിലഷണീയവും ഉൾക്കൊള്ളുന്നതും പ്രവർത്തനാധിഷ്ഠിതവുമായ ഫലങ്ങളിൽ എത്തിച്ചേരുന്നതിനുമായി ജി20യുടെ സമാനകാഴ്ചപ്പാട് ഉചിതമായി ഉൾക്കൊള്ളുന്നു. അത്തരം ഫലങ്ങൾക്കായുള്ള പ്രത്യാശ വളർത്തുന്നതിനു ജി 20 ഒത്തുചേർന്നു കുടുംബമായി പ്രവർത്തിക്കേണ്ടതുണ്ട്.
ഹരിതവികസനവും കാലാവസ്ഥാ സമ്പദ്പ്രവർത്തനവും ലൈഫും (പരിസ്ഥിതിസൗഹൃദ ജീവിതശൈലി); ത്വരിതഗതിയിലുള്ളതും ഉൾക്കൊള്ളുന്നതും ഊർജസ്വലവുമായ വളർച്ച; സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ (എസ്‌ഡിജികൾ) പുരോഗതി ത്വരിതപ്പെടുത്തൽ; സാങ്കേതിക പരിവർത്തനവും ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യവും; 21-ാം നൂറ്റാണ്ടിലെ ബഹുമുഖ സ്ഥാപനങ്ങൾ; സ്ത്രീകളുടെ നേതൃത്വത്തിലെ വികസനം എന്നിവ ഇന്ത്യയുടെ ജി20 അധ്യക്ഷപദവിക്കാലത്തു നടക്കുന്ന ചർച്ചകളിൽ ഉൾപ്പെടുന്നു. ഈ മുൻഗണനകൾ 2023 ജനുവരിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആതിഥേയത്വം വഹിച്ച ആദ്യത്തെ ‘വോയ്സ് ഓഫ് ഗ്ലോബൽ സൗത്ത്’ ഉച്ചകോടിയിൽ പങ്കെടുത്ത 125 രാജ്യങ്ങൾ പ്രകടിപ്പിച്ച ഗ്ലോബൽ സൗത്തിന്റെ ആവശ്യങ്ങൾ പ്രതിഫലിപ്പിക്കുന്നു.