കാർഷിക, സ്വർണ, വാഹന വായ്പകളിൽ മികച്ച വളർച്ചനേടി സൗത്ത് ഇന്ത്യൻ ബാങ്ക്
തൃശൂർ: ഡിസംബർ 31ന് അവസാനിച്ച പാദത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് നഷ്ടം 50.31 കോടി രൂപയായി കുറച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇതേ പാദത്തിൽ നഷ്ടം 91.62 കോടി രൂപയും നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ നഷ്ടം 187.06 കോടി രൂപയുമായിരുന്നു. നടപ്പ് പാദത്തിൽ ബാങ്ക് 43 കോടി രൂപയുടെ നീക്കിയിരുപ്പ് നടത്തിയിട്ടുണ്ട്. ഈ നീക്കിയിരുപ്പ് നടത്തിയില്ലായിരുന്നെങ്കിൽ നഷ്ടം വെറും 18.05 കോടി രൂപയാകുമായിരുന്നു.
റീട്ടെയിൽ നിക്ഷേപങ്ങൾ വാർഷികാടിസ്ഥാനത്തിൽ 9.90% വർദ്ധിച്ചു. സേവിംഗ്‌സ് നിക്ഷേപങ്ങളിൽ 20.58% വളർച്ച രേഖപ്പെടുത്തി. കറന്റ് നിക്ഷേപങ്ങളിൽ 23.11%വും CASA നിക്ഷേപങ്ങളിൽ 20.99%വുമാണ് വളർച്ച. എൻ.ആർ.ഐ നിക്ഷേപങ്ങളിൽ 4.97% വളർച്ചയാണ് രേഖപ്പെടുത്തിയത്.
വാർഷിക അടിസ്ഥാനത്തിൽ കാർഷിക വായ്പകളിൽ 6.54%വും സ്വർണ വായ്പകളിൽ 11.78%വും വളർച്ച രേഖപ്പെടുത്തി. വാഹന വായ്പകളിലാകട്ടെ 29.09% ആണ് വളർച്ച. വലിയ കോർപറേറ്റ് വിഭാഗങ്ങളിലെ AAA റേറ്റഡ് അക്കൗണ്ടുകളിൽ (100 കോടി രൂപയ്ക്ക് മുകളിലുള്ളത്) 24.30% വളർച്ചയാണ് വാർഷിക അടിസ്ഥാനത്തിൽ രേഖപ്പെടുത്തിയത്.
43 കോടി രൂപയുടെ അധിക നീക്കിയിരുപ്പിന്റെ സഹായത്താൽ പാദാനുപാദ അടിസ്ഥാനത്തിൽ നീക്കിയിരുപ്പ് കവറേജ് അനുപാതം 65.02%ത്തിൽ നിന്നും 68.08% ആയി മെച്ചപ്പെട്ടു. മൂലധന പര്യാപ്തത അനുപാതം വാർഷികാടിസ്ഥാനത്തിൽ 14.47%ത്തിൽ നിന്നും 15.68% ആയി ഉയർന്നു. 2021 ഡിസംബർ 31ലെ കണക്ക് പ്രകാരം ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി 9 bps മെച്ചപ്പെട്ട് 6.56% ആയി (2021 സെപ്തംബർ 30ന് 6.65% ആയിരുന്നു). കാസാ അനുപാതം 2020 ഡിസംബർ 31ലെ 27.93%ത്തിൽ നിന്നും മെച്ചപ്പെട്ട് 2021 ഡിസംബർ 31ന് 31.95% ആയി.
കാസ, റീട്ടെയിൽ നിക്ഷേപങ്ങൾ പോലുള്ള ബാധ്യതകളിലും സ്വർണ വായ്പ, കാർഷിക വായ്പ, വാഹന വായ്പ പോലുള്ള ആസ്തികളിലും കോർപറേറ്റ് വിഭാഗത്തിലെ മികച്ച റേറ്റിംഗുള്ള അക്കൗണ്ടുകളിലും ബാങ്കിന് മികച്ച വളർച്ച കൈവരിക്കാൻ സാധിച്ചതായി ഫലപ്രഖ്യാപന വേളയിൽ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒ.യുമായ ശ്രീ മുരളി രാമകൃഷ്ണൻ പറഞ്ഞു.
2021 ഡിസംബർ 31ന് അവസാനിച്ച 9 മാസങ്ങളിൽ നിഷ്‌ക്രിയ ആസ്തി അക്കൗണ്ടുകളിൽ 896 കോടി രൂപയുടെ റിക്കവറി/അപ്‌ഗ്രേഡ് നടത്താൻ ബാങ്കിന് സാധിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇതേ കാലയളവിൽ 218 കോടി രൂപയായിരുന്നു. മൊത്ത നിഷക്രിയ ആസ്തി നില മെച്ചപ്പെടുത്തുന്നതിൽ ഇത് ബാങ്കിനെ സഹായിച്ചു.
2021 ഡിസംബർ 31ലെ കണക്ക് പ്രകാരം മൂലധന പര്യാപ്തത അനുപാതം 15.68% ആണ്. സർക്കാരിനു വേണ്ടി പ്രത്യക്ഷ, പരോക്ഷ നികുതികൾ സ്വീകരിക്കുന്നതിനായി കഴിഞ്ഞ പാദത്തിൽ ബാങ്ക് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡുമായും (CBDT) കേന്ദ്ര പരോക്ഷ നികുതി – കസ്റ്റംസ് ബോർഡുമായും (CBIC) ധാരണാപത്രം ഒപ്പിട്ടിട്ടുണ്ടായിരുന്നു.
ഡിജിറ്റൽ ബാങ്കിംഗ്, ലംബമാനമായ ആസ്തിഘടന കെട്ടിപ്പടുക്കൽ, കൂടുതൽ മികവ് കൈവരിക്കാൻ ശാഖാ ഘടന ഉടച്ചുവാർക്കൽ, പുതിയ ബിസിനസ് സോഴ്സിങ് ചാനലുകൾ വികസിപ്പിക്കൽ, ഡേറ്റാ സയൻസ് ശേഷി ശക്തിപ്പെടുത്തൽ, പഠനവും വികാസവും, ജീവനക്കാരെ കൂടുതൽ ഇടപെടുത്തുകയും പ്രചോദിപ്പിക്കുകയും, റിക്കവറി മെക്കാനിസം മെച്ചപ്പെടുത്തൽ എന്നീ മേഖലകളിൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നല്ല മാറ്റങ്ങൾ നടന്നിട്ടുണ്ടെന്ന് ശ്രീ. മുരളി രാമകൃഷ്ണൻ പറഞ്ഞു. സാമ്പത്തിക പ്രതികൂല സാഹചര്യങ്ങൾ കുറഞ്ഞുവരുന്ന ഘട്ടത്തിൽ, മികച്ച ശൃംഖലയും അടിസ്ഥാനപരമായ മാറ്റങ്ങളും പുതിയ സാങ്കേതികവിദ്യയും ജീവനക്കാരുടെ പ്രാഗത്ഭ്യവും നൽകുന്ന സാധ്യതകൾ ഉപയോഗപ്പെടുത്തി വരുപാദങ്ങളിൽ ലാഭകരമായ വളർച്ച കൈവരിക്കാനാകുമെന്ന് ബാങ്ക് പ്രതീക്ഷിക്കുന്നു.