ഡിസംബറിൽ 1.29 ലക്ഷം കോടി രൂപ ജിഎസ്ടി വരുമാനം
തുടർച്ചയായി ചരക്കുസേവന നികുതി വരുമാനം ഒരു ലക്ഷം കോടിയിലധികം വരുന്ന ആറാം മാസമാണ് ഡിസംബർ.
ഡൽഹി: 2021 ഡിസംബറിലെ ജിഎസ്ടി വരുമാനം 1.29 ലക്ഷം കോടി രൂപയിലധികമായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 13 ശതമാനം കൂടുതലാണ് ഈ വർഷത്തെ വരുമാനം എന്ന് ധനമന്ത്രാലയം വ്യക്തമാക്കി. നവംബറിൽ സമാഹരിച്ച 1.31 ലക്ഷം കോടി രൂപയിൽ താഴെയാണ് ഇതെങ്കിലും, ചരക്കുകളിൽ നിന്നും നൽകിയ സേവനങ്ങളിൽ നിന്നുമുള്ള നികുതി വരുമാനം ഒരു ലക്ഷം കോടിയിലധികം ആയി വർദ്ധിച്ച തുടർച്ചയായ ആറാം മാസമാണ് ഡിസംബർ.
2021 ഡിസംബറിലെ മൊത്തം ജിഎസ്ടി വരുമാനം 1,29,780 കോടി രൂപയാണ്. അതിൽ സിജിഎസ്ടി 22,578 കോടി രൂപ, എസ്ജിഎസ്ടി 28,658 കോടി രൂപ, ഐജിഎസ്ടി 69,155 കോടി രൂപയും, സെസ്സ് 9,389 കോടി രൂപയുമാണ്. 2021 ഡിസംബറിലെ വരുമാനം കഴിഞ്ഞ വർഷം ഇതേ മാസത്തെ ജിഎസ്ടി വരുമാനത്തേക്കാൾ (1.15 ലക്ഷം കോടി രൂപ) 13 ശതമാനം കൂടുതലും 2019 ഡിസംബറിനെ അപേക്ഷിച്ച് 26 ശതമാനം കൂടുതലുമാണ്.
സാമ്പത്തിക മേഖലയിലുണ്ടായ തിരിച്ചുവരവ്, നികുതി വെട്ടിപ്പ് വിരുദ്ധ നിയമങ്ങളുടെ ശക്തമായ നടപ്പാക്കൽ, പ്രത്യേകിച്ച് വ്യാജബില്ലുകൾക്കെതിരെയുള്ള നടപടികൾ എന്നിവ ജിഎസ്ടി വരുമാനത്തിന്റെ വർദ്ധനയ്ക്കു കാരണമായതായി മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.