സൗത്ത് ഇന്ത്യൻ ബാങ്ക് രണ്ടാം പാദത്തിലെ പ്രവർത്തനലാഭം 111.91 കോടി രൂപ
ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം സെപ്തംബർ 30ന് 15.74% ആണ്. 2021-22 സാമ്പത്തിക വർഷത്തിൽ കൂടുതൽ മൂലധനം സ്വരൂപിക്കാൻ പദ്ധതിയുണ്ട്.
തൃശൂർ: സൗത്ത് ഇന്ത്യൻ ബാങ്ക് 2021-22 സാമ്പത്തിക വർഷത്തിൽ രണ്ടാം പാദത്തിൽ 187.06 കോടി രൂപ നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇതേ പാദത്തിൽ 65.09 കോടി രൂപ ലാഭമായിരുന്നു. രണ്ടാം പാദത്തിലെ പ്രവർത്തനലാഭം 111.91 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇതേ പാദത്തിൽ 390.94 കോടി രൂപയായിരുന്നു.
ആർ.ബി.ഐ. അടുത്തിടെ പുറപ്പെടുവിച്ച നിർദ്ദേശപ്രകാരം, ഈ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ നിക്ഷേപങ്ങളിലുള്ള മൂല്യാപചയത്തിനുള്ള നീക്കിയിരുപ്പായി 175.56 കോടി രൂപ, പ്രോഫിറ്റ് ആന്റ് ലോസ്സ് അക്കൗണ്ടിൽ ‘മറ്റു വരുമാനം’ എന്നതിനു താഴെ കാണിച്ചിട്ടുണ്ട്. ഇത് സാധാരണയായി ‘നീക്കിയിരുപ്പും ആകസ്മികതകളും’ എന്നതിലാണ് ഉൾപ്പെടുത്താറുള്ളത്. കൂടാതെ, എഴുതിത്തള്ളിയ അക്കൗണ്ടുകളിൽ നിന്ന് വസൂലാക്കിയ തുക ‘നീക്കിയിരുപ്പും ആകസ്മികതകളും’ എന്നതിലേക്കാണ് തരം തിരിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം ഇത് ‘മറ്റു വരുമാനം’ എന്ന വിഭാഗത്തിലായിരുന്നു. ഈ മാറ്റങ്ങൾ വരുത്തിയില്ലായിരുന്നെങ്കിൽ പ്രവർത്തനലാഭം 346.00 കോടി രൂപയാകുമായിരുന്നു.
മുൻകരുതൽ നടപടിയെന്ന നിലയ്ക്ക് 160 കോടി രൂപ അധിക നീക്കിയിരുപ്പ് നടത്തിയിട്ടുണ്ടായിരുന്നു. ഇത് നീക്കിയിരുപ്പ് അനുപാതം (PCR) 30.06.21ലെ 60.11%ത്തിൽ നിന്നും 30.09.21ന് 65.02% ആയി വർദ്ധിക്കാൻ സഹായകമായി. ഈ അധിക നീക്കിയിരുപ്പ് നടത്തിയില്ലായിരുന്നെങ്കിൽ ബാങ്കിന്റെ നഷ്ടം 27.06 കോടി രൂപ മാത്രമേ ആകുമായിരുന്നുള്ളൂ. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി 137 bps മെച്ചപ്പെട്ട് 2021 സെപ്തംബർ 30ലെ കണക്ക് പ്രകാരം 6.65% ആയി. 2021 ജൂൺ 30ന് 8.02% ആയിരുന്നു. CASA അനുപാതം 2021 ജൂൺ 30ലെ 27.8%ത്തിൽ നിന്നും വർദ്ധിച്ച് 2021 സെപ്തംബർ 30ന് 30.8% ആയി. ഉപഭോക്തൃ റീട്ടെയിൽ നിക്ഷേപങ്ങൾ വാർഷികാടിസ്ഥാനത്തിൽ 10% വർദ്ധിച്ചു. സേവിംഗ്‌സ് നിക്ഷേപങ്ങൾ 18%, CASA 17%, എൻ.ആർ.ഐ. നിക്ഷേപങ്ങൾ 6% എന്നിങ്ങനെയാണ് വളർച്ചാ നിരക്ക്. കാർഷിക വായ്പകൾ 7%, സ്വർണവായ്പാ പോർട്ട്‌ഫോളിയോ 11% വർദ്ധിച്ചു. നീക്കിയിരുപ്പ് അനുപാതം പാദാനുപാദ അടിസ്ഥാനത്തിൽ 60.11%ത്തിൽ നിന്നും 65.02% ആയി വർദ്ധിച്ചു. മൂലധന പര്യാപ്തത അനുപാതം 15.47%ത്തിൽ നിന്നും 15.74% ആയി വർദ്ധിച്ചു.
രാജ്യത്ത് നിലനിൽക്കുന്ന കോവിഡ് സാഹചര്യം ബിസിനസ്, വ്യക്തിഗത വായ്പാ വിഭാഗങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് ഫലപ്രഖ്യാപന വേളയിൽ ബാങ്കിന്റെ എം.ഡി.യും സി.ഇ.ഒ.യുമായ ശ്രീ. മുരളി രാമകൃഷ്ണൻ പറഞ്ഞു. എന്നിരിക്കിലും മികച്ച റേറ്റിംഗുള്ള കോർപറേറ്റുകൾ, സ്വർണവായ്പാ വിഭാഗം എന്നിവയിൽ ന്യായമായ വളർച്ച കൈവരിക്കാൻ ബാങ്കിന് സാധിച്ചു. റിക്കവറി/അപ്‌ഗ്രേഡ് രംഗത്ത് ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കുക വഴി മൊത്ത നിഷ്‌ക്രിയാസ്തി കുറച്ചു നിർത്താൻ ബാങ്കിന് സാധിച്ചു. ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം സെപ്തംബർ 30ന് 15.74% ആണ്. 2021-22 സാമ്പത്തിക വർഷത്തിൽ കൂടുതൽ മൂലധനം സ്വരൂപിക്കാൻ പദ്ധതിയുണ്ട്.
ഡിജിറ്റൽ ബാങ്കിംഗ്, ലംബമാനമായ ആസ്തിഘടന കെട്ടിപ്പടുക്കൽ, കൂടുതൽ മികവ് കൈവരിക്കാൻ ശാഖാ ഘടന ഉടച്ചുവാർക്കൽ, പുതിയ ബിസിനസ് സോഴ്‌സിങ് ചാനലുകൾ വികസിപ്പിക്കൽ, ഡേറ്റാ സയൻസ് ശേഷി ശക്തിപ്പെടുത്തൽ, ജീവനക്കാരെ കൂടുതൽ ഇടപെടുത്തുകയും പ്രചോദിപ്പിക്കുകയും, റിക്കവറി മെക്കാനിസം മെച്ചപ്പെടുത്തൽ എന്നീ മേഖലകളിൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നല്ല മാറ്റങ്ങൾ നടന്നിട്ടുണ്ടെന്ന് ശ്രീ. മുരളി രാമകൃഷ്ണൻ പറഞ്ഞു. സാമ്പത്തിക പ്രതികൂല സാഹചര്യങ്ങൾ കുറഞ്ഞുവരുന്ന ഘട്ടത്തിൽ, മികച്ച ശൃംഖലയും അടിസ്ഥാനപരമായ മാറ്റങ്ങളും പുതിയ സാങ്കേതികവിദ്യയും ജീവനക്കാരുടെ പ്രാഗത്ഭ്യവും നൽകുന്ന സാധ്യതകൾ ഉപയോഗപ്പെടുത്തി ലാഭകരമായ വളർച്ച കൈവരിക്കാനാകുമെന്ന് ബാങ്ക് വിശ്വസിക്കുന്നു.
സൗത്ത് ഇന്ത്യൻ ബാങ്ക്:
ഇന്ത്യയിലുടനീളം സാന്നിധ്യമുള്ള, കേരളം ആസ്ഥാനമായുള്ള ഒരു സ്വകാര്യമേഖലാ ബാങ്കാണ് സൗത്ത് ഇന്ത്യൻ ബാങ്ക്. ബാങ്കിന്റെ ഓഹരികൾ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്- മുംബൈ (ബി.എസ്.ഇ), നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡ് – മുംബൈ (എൻ.എസ്.ഇ) എന്നിവയിൽ ലിസ്റ്റ് ചെയ്തിട്ടുളളതാണ്. സൗത്ത് ഇന്ത്യൻ ബാങ്കിന് ഇന്ത്യയിലുടനീളം 932 ശാഖകളും 1173 എ.ടി.എമ്മുകളും 121 സി.ഡി.എം / സി.ആർ.എമ്മുകളും ദുബായിൽ (യു.എ.ഇ) ഒരു പ്രതിനിധി ഓഫീസും ഉണ്ട്.
ടെക്‌നോളജി അധിഷ്ഠിത ബാങ്കിംഗ് മേഖലയിലെ മുൻനിരക്കാരായ സൗത്ത് ഇന്ത്യൻ ബാങ്കിന് ഡിജിറ്റൽ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും അതിവിപുലമായ ഒരു ശ്രേണി തന്നെയുണ്ട്. രാജ്യത്തെ ബാങ്കിംഗ് മേഖലയിൽ പുതുതലമുറ ഉദ്യോഗസ്ഥർ ഏറ്റവും കൂടുതലുള്ള സ്ഥാപനങ്ങളിലൊന്നാണ് സൗത്ത് ഇന്ത്യൻ ബാങ്ക്. ബാങ്കിന്റെ സമൂലമാറ്റം മുന്നിൽ കണ്ടുകൊണ്ട്, മൂലധന പര്യാപ്തത, കറന്റ് / സേവിങ്‌സ് (കാസ) അക്കൗണ്ട് വളർച്ച, ചെലവ്-വരുമാന അനുപാതം, ജീവനക്കാരുടെ ശേഷിവികസനം, ഉപഭോക്തൃ സേവനം, നിബന്ധനാപാലനം എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ആറിന കർമ്മപദ്ധതി ബാങ്ക് ആവിഷ്‌കരിച്ചിരിക്കുന്നു. 2024- ലോടെ ഇതിന്റെ പൂർണമായ പ്രയോജനമാണ് ബാങ്ക് ലക്ഷ്യമിടുന്നത്.